കൗമാരരത്നം, ഖേൽ രത്ന നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി പതിനെട്ടുകാരൻ ഗുകേഷ്
Mail This Article
ന്യൂഡൽഹി ∙ ഖേൽ രത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന്റ പേരിൽ. 18 വർഷവും 7 മാസവും 20 ദിവസവുമാണ് ഖേൽ രത്ന നേടുമ്പോൾ ഗുകേഷിന്റെ പ്രായം. 2001ൽ ഖേൽ രത്ന നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്. 19 വർഷവും 11 മാസവും 2 ദിവസവുമായിരുന്നു ബിന്ദ്രയുടെ പ്രായം. ഗുകേഷ്, പാരിസ് ഒളിംപിക്സിൽ 2 വെങ്കലം നേടിയ വനിതാ ഷൂട്ടിങ് താരം മനു ഭാക്കർ എന്നിവരുടെ പേര് അവസാന നിമിഷമാണു രാജ്യത്തെ പരമോന്നത കായികപുരസ്കാരത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടത്. ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ഹർമൻപ്രീത് സിങ്, പാരിസ് പാരാലിംപിക്സ് ഹൈജംപ് ടി64 ഇനത്തിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവരുംഖേൽ രത്ന ജേതാക്കളായി.
ട്വന്റി20 ലോകകപ്പ് ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും ക്രിക്കറ്റ് താരങ്ങൾ ആരും പട്ടികയിൽ ഉൾപ്പെട്ടില്ലെന്നതു ശ്രദ്ധേയമായി. അതേസമയം ഒളിംപിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച പുരുഷ–വനിതാ ഹോക്കി ടീമുകളിലെ 5 താരങ്ങൾ പട്ടികയിൽ ഇടം പിടിച്ചു. അർജുന അവാർഡ് നേടിയ 32ൽ 17 പേർ പാരാ അത്‌ലീറ്റുകളാണ്. കായികരംഗത്തെ ആജീവനാന്ത മികവിനു കഴിഞ്ഞ വർഷം വരെ നൽകിയിരുന്ന ധ്യാൻചന്ദ് പുരസ്കാരമാണ് ഇക്കുറി മുതൽ അർജുന അവാർഡ് (ആജീവനാന്തം) എന്നു പേരുമാറ്റിയത്.
സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിലുള്ള 12 അംഗ സമിതിയാണു അവാർഡിനുള്ള ശുപാർശകൾ കായിക മന്ത്രാലയത്തിന്റെ അന്തിമ പരിഗണനയ്ക്കു നൽകിയത്.
അവാർഡ് ജേതാക്കൾ
∙ മേജർ ധ്യാൻചന്ദ് ഖേൽ രത്ന:
ഡി. ഗുകേഷ്(ചെസ്), ഹർമൻപ്രീത് സിങ് (ഹോക്കി), പ്രവീൺ കുമാർ(പാരാ അത്‌ലറ്റിക്സ്), മനു ഭാക്കർ(ഷൂട്ടിങ്).
∙അർജുന അവാർഡ്:
ജ്യോതി യാരാജി, അന്നു റാണി (അത്‌ലറ്റിക്സ്), നിതു ഗൻഖാസ് (ബോക്സിങ്), സ്വീറ്റി ബുറ (ബോക്സിങ്), വാന്തിക അഗർവാൾ(ചെസ്), സലിമ ടെറ്റെ, അഭിഷേക്, സഞ്ജയ്, ജർമൻപ്രീത് സിങ്, സുഖ്ജീത് സിങ് (ഹോക്കി), രാകേഷ് കുമാർ (പാരാ ആർച്ചറി), പ്രീതി പാൽ, ജീവൻജി ദീപ്തി (പാരാ അത്‌ലറ്റിക്സ്), അജീത് സിങ്, സച്ചിൻ സർജേരാവു ഖിലാരി, ധരംബീർ, പ്രണവ് സൂർമ, എച്ച്. ഹൊക്കാറ്റോ സേമ, സിമ്രാൻ, നവ്ദീപ്(പാരാ അത്‌ലറ്റിക്സ്), നിതേഷ് കുമാർ, തുളസീമതി മുരുകേശൻ, മനീഷ രാംദാസ്, നിത്യശ്രീ സുമതി ശിവൻ (പാരാ ബാഡ്മിന്റൻ), കപിൽ പാർമർ (പാരാ ജൂഡോ), മോന അഗർവാൾ, റുബീന ഫ്രാൻസിസ് (പാരാ ഷൂട്ടിങ്), സ്വപ്നിൽ കുസാലെ, സരബ്ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്ക്വാഷ്).
∙ അർജുന (ആജീവനാന്ത പുരസ്കാരം): സുചാ സിങ്(അത്‌ലറ്റിക്സ്), മുരളീകാന്ത് രാജാറാം പേത്കർ (പാരാ സ്വിമ്മിങ്)
∙ ദ്രോണാചാര്യ അവാർഡ്: സുഭാഷ് റാണ(പാരാ ഷൂട്ടിങ്), ദീപാലി ദേശ്പാണ്ഡെ (ഷൂട്ടിങ്), സന്ദീപ് സഗ്വാൻ (ഹോക്കി)
∙ ദ്രോണാചാര്യ (ആജീവനാന്ത പുരസ്കാരം): എസ്. മുരളീധരൻ (ബാഡ്മിന്റൻ), അർമാൻഡോ കൊളാസോ (ഫുട്ബോൾ)
∙ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം: ഫിസിക്കൽ എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ
∙ മൗലാന അബ്ദുൽ കലാം ആസാദ് ട്രോഫി: ചണ്ഡിഗഡ് യൂണിവേഴ്സിറ്റി( ജേതാക്കൾ), ലവ്‌ലി പ്രഫഷനൽ യൂണിവേഴ്സിറ്റി (രണ്ടാം സ്ഥാനം), ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി (മൂന്നാം സ്ഥാനം).