കർമപഥത്തിലെ ദ്രോണാചാര്യർ; കാലം കാത്തുവച്ച പുരസ്കാരം
Mail This Article
തേഞ്ഞിപ്പലം (മലപ്പുറം) ∙ കർമം കൊണ്ട് ബാഡ്മിന്റൻ മേഖലയിലെ ആചാര്യ സ്ഥാനത്തുള്ള എസ്.മുരളീധരനെത്തേടി രാജ്യത്തെ പരമോന്നത കായിക പുരസ്കാരങ്ങളിലൊന്നായ ദ്രോണാചാര്യയെത്തുമ്പോൾ അദ്ദേഹത്തെ അടുത്തറിയുന്നവരെല്ലാം പറയുന്നു. ‘ഇതു കാലത്തിന്റെ കാവ്യനീതി’. 6 പതിറ്റാണ്ടിലേറെ നീണ്ട ‘ബാഡ്മിന്റൻ’ ജീവിതത്തിനിടയിൽ അദ്ദേഹം അണിയാത്ത വേഷങ്ങളില്ല. കളിക്കാരനെന്ന നിലയിൽ ഇന്ത്യൻ താരമായി, പരിശീലകനും മാനേജരും കോംപറ്റീഷൻ ഡയറക്ടറുമായി ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിച്ചു, പരിശീലകരുടെ പരിശീലകനായി ആഫ്രിക്കയിലും യൂറോപ്പിലും സഞ്ചരിച്ചു. 80–ാം വയസ്സിലും അദ്ദേഹത്തിന്റെ മേൽ വിലാസത്തിൽ ബാഡ്മിന്റൻ മുദ്രയുണ്ട്. നിലവിൽ ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്.
തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ മുരളീധരൻ കാലിക്കറ്റ് സർവകലാശാലയിലെ ബാഡ്മിന്റൻ കോച്ച് ആയാണു മലപ്പുറം ജില്ലയിലെത്തുന്നത്. കളിക്കാരനെന്ന നിലയിൽ സംസ്ഥാന ജൂനിയർ, സീനിയർ ചാംപ്യനായ അദ്ദേഹം ഇന്ത്യൻ ടീമിലും അംഗമായി. 1970–73ൽ പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സ്പോർട്സിൽ അധ്യാപകനായിരുന്നു.
അദ്ദേഹം കോച്ചായിരിക്കെ കാലിക്കറ്റ് പുരുഷ ടീം 14 തവണയും വനിതകൾ 11 തവണയും അഖിലേന്ത്യാ അന്തർ സർവകലാശാലാ ജേതാക്കളായി. 2005ലാണു വിരമിച്ചത്. പ്രകാശ് പദുക്കോൺ, വിമൽ കുമാർ, പി.വി.സിന്ധു തുടങ്ങിയവരെല്ലാം മുരളീധരനു കീഴിൽ പരിശീലിച്ചിട്ടുണ്ട്. ലോകകപ്പും തോമസ് കപ്പും ഏഷ്യൻ ഗെയിംസുമുൾപ്പെടെ പ്രധാന ടൂർണമെന്റുകളിൽ റഫറിയായും അംപയറായും പ്രവർത്തിച്ചു.