നീന്തൽക്കുളത്തിലെ അർജുനൻ, 5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സജൻ പ്രകാശിന് അർജുന
Mail This Article
മുൻപ് പലവട്ടം കൈവിട്ടുപോയ അർജുന അവാർഡ് എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷ വാർത്തയെത്തുമ്പോൾ കർണാടക ബെള്ളാരിയിലെ ജെഎസ്‍ഡബ്ല്യു ക്യാംപിൽ പരിശീലനത്തിലായിരുന്നു സജൻ പ്രകാശ്. കഠിനാധ്വാനത്തിലൂടെ നീന്തൽക്കുളത്തിൽനിന്ന് നേട്ടങ്ങൾ ഒന്നൊന്നായി വാരിയെടുത്ത സുവർണ മത്സ്യത്തിന് 31–ാം വയസ്സിലും വിശ്രമിക്കാൻ നേരമില്ല. ലോക നീന്തൽ ചാംപ്യൻഷിപ് ഉൾപ്പെടെ ഈ വർഷത്തെ വലിയ പോരാട്ടങ്ങൾക്ക് ഒരുങ്ങവേ തനിക്കു ലഭിച്ച പുതുവർഷ സമ്മാനമാണ് അർജുന പുരസ്കാരമെന്ന് സജൻ പറയുന്നു. അർജുന സാധ്യതാ പട്ടികയിൽ കഴിഞ്ഞ 5 വർഷമായി സജന്റെ പേര് സജീവമായുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പുരസ്കാരം വഴുതിപ്പോവുകയായിരുന്നു. മുൻപ് 3 തവണ ദേശീയ നീന്തൽ ഫെഡറേഷൻ സജനെ അർജുനയ്ക്കായി ശുപാർശ ചെയ്തിരുന്നു.
ഇടുക്കി മണിയാറംകുടി സ്വദേശിനിയും മുൻ ദേശീയ അത്‌ലീറ്റുമായ വി.ജെ. ഷാന്റിമോളുടെ മകനായ സജൻ തമിഴ്നാട്ടിലെ നെയ്‌വേലിയാണ് സ്ഥിര താമസം. ആറാം വയസ്സ് മുതൽ നീന്തലിൽ മെഡലുകൾ നേടാൻ തുടങ്ങിയ സജൻ 13 വർഷമായി രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. 2 ഒളിംപിക്സുകളിലും 3 കോമൺവെൽത്ത് ഗെയിംസിലും 3 ഏഷ്യൻ ഗെയിംസുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. ഒളിംപിക്സിനുള്ള എ ലെവൽ യോഗ്യതാ മാർക്ക് പിന്നിട്ട ആദ്യ ഇന്ത്യൻ നീന്തൽ താരവും സജനാണ്.
2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ജൻമനാടിനായി 6 സ്വർണമടക്കം 8 മെഡലുകൾ നേടിയ സജൻ പിന്നീട് അഹമ്മദാബാദിലും ഗോവയിലും നടന്ന ദേശീയ ഗെയിംസിലുകളിലും മെഡൽ പ്രകാശം പരത്തി മുന്നേറി. ഇതുവരെ 26 മെഡലുകളാണ് ദേശീയ ഗെയിംസിൽനിന്നു മാത്രമുള്ള സജന്റെ നേട്ടം. കേരള ആംഡ് പൊലീസിൽ അസിസ്റ്റന്റ് കമൻഡാന്റായ സജൻ 2023ൽ കാനഡയിൽ നടന്ന ലോക പൊലീസ് മീറ്റിൽ 10 സ്വർണമാണ് നേടിയത്.