ലോക ബ്ലിറ്റ്സ് ചാംപ്യൻഷിപ് പങ്കുവയ്ക്കലിൽ വിമർശനം; കാൾസൻ – നീപോംനീഷി ശബ്ദരേഖ പുറത്ത്
Mail This Article
ന്യൂയോർക്ക് ∙ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ് കിരീടം മാഗ്നസ് കാൾസനും യാൻ നീപോംനീഷിയും പങ്കുവച്ചതിൽ വിമർശനം ശക്തമാകുന്നു. ചെസിന്റെ നിയമങ്ങളിലോ ചരിത്രത്തിലോ കേട്ടുകേൾവിയില്ലാത്ത ഒന്നാണ് ‘പങ്കുവയ്ക്കൽ’ എന്നാണ് വിമർശനം.
ലോക ഒന്നാം നമ്പർ താരമായ നോർവേ ഗ്രാൻഡ്മാസ്റ്റർ കാൾസനും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ നീപോംനീഷിയും ടൈബ്രേക്കറിൽ 3 സഡൻ ഡെത്ത് മത്സരങ്ങൾക്കു ശേഷം കിരീടം പങ്കുവയ്ക്കാമെന്നു തീരുമാനിക്കുകയും സംഘാടകർ ഇത് അംഗീകരിക്കുകയുമായിരുന്നു.
ഇത്തവണ, കിരീടം പങ്കുവയ്ക്കാൻ സമ്മതിച്ചില്ലായിരുന്നെങ്കിൽ തങ്ങൾ ‘സമനിലക്കളി’ അവസാനമില്ലാതെ തുടർന്നേനെയെന്ന് കാൾസനും നീപോംനീഷിയും തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖയും പുറത്തായിരുന്നു.
ഇതോടെയാണ് മുൻ ലോക ചാംപ്യൻ വ്ലാഡിമിർ ക്രാംനിക്, യുഎസ് ഗ്രാൻഡ്മാസ്റ്റർ ഹൻസ് നീമാൻ, യുഎസ്– ഹംഗേറിയൻ ഗ്രാൻഡ്മാസ്റ്റർ സൂസൻ പോൾഗർ തുടങ്ങിയവർ പരസ്യ വിമർശനവുമായി രംഗത്തുവന്നത്.