ADVERTISEMENT

കോട്ടയം ∙ മത്സരയിനമായിരുന്ന കളരിപ്പയറ്റിനെ  പ്രദർശന ഇനമായി ഒതുക്കിയതോടെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. ഉത്തരാഖണ്ഡിൽ ഈ മാസം ആരംഭിക്കുന്ന 38–മത് ദേശീയ ഗെയിംസിലെ 34 മത്സരയിനങ്ങളുടെ പട്ടികയിൽനിന്നാണ് കളരിപ്പയറ്റ് പുറത്തായത്. പകരം മെഡലുകളില്ലാത്ത പ്രദർശന ഇനമായി കളരിപ്പയറ്റും റാഫ്റ്റിങ്ങും (കാറ്റു നിറച്ച ബോട്ടിലെ തുഴച്ചിൽ) ഗെയിംസിലുണ്ടാകും. 2023ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകളാണ് കളരിപ്പയറ്റിലൂടെ മാത്രം കേരളം നേടിയത്. മെഡൽ പട്ടികയിൽ 5–ാം സ്ഥാനത്തായിരുന്ന കേരളത്തിന് ആകെ ലഭിച്ച 36 സ്വർണത്തിൽ പകുതിയിലേറെയും ഈ മത്സരത്തിലൂടെയായിരുന്നു. 

ദേശീയ ഗെയിംസിൽ മുൻപ് ഉൾപ്പെടുത്തിയിരുന്ന കായിക ഇനങ്ങളെ അടുത്ത ഗെയിംസിൽ പ്രദർശന ഇനമാക്കുന്നത് പതിവുള്ളതല്ല. എന്നാൽ കേരളത്തിന് മാത്രം മെ‍ഡ‍ൽ സാധ്യതയുള്ള കളരിപ്പയറ്റിനെ മത്സരയിനമാക്കുന്നതിൽ ആതിഥേയരായ ഉത്തരാഖണ്ഡും മറ്റു സംസ്ഥാനങ്ങളും ശക്തമായി എതിർത്തുവെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) വാദം. 

ദേശീയ ഗെയിംസിലെ മത്സരങ്ങളുടെ ആദ്യഘട്ട പട്ടിക ഉത്തരാഖണ്ഡ‍് നേരത്തേ പ്രഖ്യാപിച്ചപ്പോൾ മല്ലക്കാമ്പ്, യോഗ എന്നിവയും‌ കളരിപ്പയറ്റിനൊപ്പം പ്രദർശനയിനങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ഗെയിംസിൽ ഈയിനത്തിൽ 6 സ്വർണവും തൂത്തുവാരിയ മഹാരാഷ്ട്രയുടെ സമ്മർദത്തിൽ മല്ലക്കാമ്പ് വീണ്ടും മത്സരയിനമായി. യോഗയെ ഉൾപ്പെടുത്താൻ ആതിഥേയരായ ഉത്തരാഖണ്ഡ‍ും മുൻകൈയെടുത്തു. ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെയാണ് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസ്.

English Summary:

National Games: Kalaripayattu removed from competition list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com