ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള 3 ടീമുകളിൽ സഹോദരങ്ങളുടെ മക്കൾ; സകുടുംബം ബാസ്കറ്റ്!
Mail This Article
കോട്ടയം ∙ ഗുജറാത്തിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങി സഹോദരങ്ങളുടെ മക്കൾ. മാതാപിതാക്കൾ മുൻ ദേശീയ താരങ്ങളാണ്. ഇപ്പോൾ മക്കളും ദേശീയ താരങ്ങൾ.സഹോദരങ്ങളുടെ മക്കളായ ഡോണ എൽസ സക്കറിയ, ഐറിൻ എൽസ ജോൺ, ആരോൺ ബ്ലെസൻ, റൂത്ത് അന്ന ബ്ലെസൻ എന്നിവരാണു വിവിധ സംസ്ഥാനങ്ങൾക്കു വേണ്ടി ദേശീയ ചാംപ്യൻഷിപ്പിൽ കോർട്ടിലിറങ്ങുന്നത്.
പാലാ പിഴക് കാവാലം കുടുംബത്തിലെ സഹോദരിമാരായ ജീന, ജിജി, ജിയോ എന്നിവരുടെ മക്കളാണ് ഈ നാൽവർ സംഘം. ഐറിൻ കേരളത്തിനായി ഇറങ്ങുമ്പോൾ ഡോണ രാജസ്ഥാനു വേണ്ടിയും ആരോണും റൂത്തും കർണാടകയ്ക്കായും ജഴ്സിയണിയുന്നു.
ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനും ദക്ഷിണ റെയിൽവേ ചെന്നൈ ചീഫ് ഓഫിസ് സൂപ്രണ്ടുമായ ജീന സക്കറിയയുടെയും ദക്ഷിണ റെയിൽവേ ചെന്നൈ ചീഫ് ഓഫിസ് സൂപ്രണ്ട് സക്കറിയ തോമസിന്റെയും മകളാണു ഡോണ. കോട്ടയം കഞ്ഞിക്കുഴിയി സ്വദേശി. സെൻട്രൽ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായ ജിജി ജോണിന്റെയും ജോൺ ആന്റണിയുടെയും മകളാണ് ഐറിൻ. കോട്ടയം തോട്ടയ്ക്കാടാണ് താമസം.
സെൻട്രൽ റെയിൽവേ ചീഫ് ഓഫിസ് സൂപ്പർ വൈസർ ജിയോ ബ്ലെസന്റെയും ബ്ലെസൻ വർഗീസിന്റെയും മക്കളാണ് ആരോണും റൂത്തും. തിരുവല്ല പുല്ലാടാണു താമസം. ഡോണയും റൂത്തും റെയിൽവേ ജീവനക്കാരാണ്. ഐറിൻ ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥി. ആരോൺ ബെംഗളൂരു ജെയിൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു.