ദേശീയ ഗെയിംസ് അത്‌ലറ്റിക്സ്: പകുതിയിലും കേരളമില്ല!
Mail This Article
കൊച്ചി ∙ ഉത്തരാഖണ്ഡിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ, അത്‌ലറ്റിക്സിൽ പകുതിയോളം ഇനങ്ങളിൽ കേരളത്തിനു പങ്കാളിത്തമുണ്ടാകില്ല. ഗെയിംസിൽ അത്‌ലറ്റിക്സിലെ 40 വ്യക്തിഗത ഇനങ്ങളിൽ 19 ഇനങ്ങളിൽ സംസ്ഥാനത്തെ അത്‌ലീറ്റുകൾക്കു യോഗ്യത നേടാനായില്ല. എന്നാൽ 5 റിലേ ഇനങ്ങളിലും കേരളം യോഗ്യത നേടിയിട്ടുണ്ട്. രാജ്യാന്തര താരങ്ങളിൽ പലരും ഗെയിംസിൽ പങ്കെടുക്കാത്തതും കേരളത്തിന്റെ മെഡൽ സാധ്യതകളെ ബാധിക്കും.
അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) 2024ൽ നടത്തിയ ദേശീയ ചാംപ്യൻഷിപ്പുകളിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണു ദേശീയ ഗെയിംസിനു യോഗ്യത നേടിയവരെ കണ്ടെത്തിയത്. സംസ്ഥാനത്തു നിന്നുള്ള 35 അത്‌ലീറ്റുകളാണ് എഎഫ്ഐയുടെ യോഗ്യത പട്ടികയിലുള്ളത്. ഇവരിൽ ചിലർ ഗെയിംസിൽ പങ്കെടുക്കാനിടയില്ല. റിലേ ടീമംഗങ്ങൾ ഉൾപ്പെടെ 60 പേരടങ്ങുന്ന സംഘമായിരിക്കും അത്‌ലറ്റിക്സിൽ കേരളത്തെ പ്രതിനിധീകരിക്കുക.
പുരുഷ വിഭാഗം ഡിസ്കസ്ത്രോയിൽ അലക്സ് പി. തങ്കച്ചൻ യോഗ്യത നേടിയത് ഒഴിവാക്കിയാൽ ഗെയിംസിലെ ത്രോ ഇനങ്ങളിൽ കേരളത്തിൽ നിന്നാരുമില്ല. 100 മീറ്റർ, 1500 മീറ്റർ, 5000 മീറ്റർ, 3000 മീ. സ്റ്റീപ്പിൾ ചേസ്, 20 കി.മീ. റേസ്‌വോക്ക് തുടങ്ങിയ ഇനങ്ങളിലും ആരും യോഗ്യത നേടിയിട്ടില്ല.
കഴിഞ്ഞ ദേശീയ ഗെയിംസിൽ അത്‌ലറ്റിക്സിൽ സംസ്ഥാനത്തിനു ലഭിച്ച 3 സ്വർണവും ജംപിങ് പിറ്റിൽ നിന്നായിരുന്നു. ഇത്തവണയും ജംപ് ഇനങ്ങളിലാണു കേരളത്തിന്റെ പ്രതീക്ഷ. വനിത ട്രിപ്പിൾ ജംപിൽ കഴിഞ്ഞ തവണ സ്വർണം നേടിയ എൻ.വി. ഷീനയ്ക്കൊപ്പം സാന്ദ്ര ബാബുവും ഗായത്രി ശിവകുമാറും യോഗ്യത നേടിയിട്ടുണ്ട്. അതേ സമയം, ലോങ്ജംപിൽ നിലവിലുള്ള സ്വർണ ജേതാവ് മുഹമ്മദ് അനീസ്, വെള്ളി മെഡൽ ജേതാവ് നയന ജയിംസ് എന്നിവർ ഇത്തവണ ഗെയിംസിനുണ്ടായേക്കില്ല. പുരുഷ ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ, വനിതകളുടെ 200 മീ, 400 മീറ്റർ ഇനങ്ങളിൽ യോഗ്യത നേടിയ വി.കെ. വിസ്മയ എന്നിവരും ഉത്തരാഖണ്ഡിൽ മത്സരിക്കില്ല. 400 മീറ്ററിൽ മുഹമ്മദ് അനസ്, ഹെപ്റ്റാത്‍ലണിൽ കെ.എ.അനാമിക എന്നീ കേരള താരങ്ങളും മത്സരിക്കില്ലെന്നാണ് വിവരം.
2023ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ 3 സ്വർണമുൾപ്പെടെ 14 മെഡലുകളാണ് അത്‌ലറ്റിക്സിൽ കേരളം നേടിയത്. ഉത്തരാഖണ്ഡിലെ വിവിധ നഗരങ്ങളിലായി ഈ മാസം 28ന് ദേശീയ ഗെയിംസ് ആരംഭിക്കും. ഡെറാഡൂണിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് ഗ്രൗണ്ടിൽ ഫെബ്രുവരി 8 മുതൽ 12 വരെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ.