പുകയടങ്ങുന്നു; ഇനി തീപാറും! ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ഇന്ന്
Mail This Article
ഓസ്ട്രേലിയൻ കാടുകളിൽ പടർന്നു പിടിച്ച തീ കെട്ടടങ്ങുകയാണ്. എന്നാൽ, അവിടുത്തെ ടെന്നിസ് കോർട്ടുകളിൽ തീ പാറാനിരിക്കുന്നതെയൂള്ളൂ. പുതിയ ദശാബ്ദത്തിലെ ഗ്രാൻസ്‌ലാം ടൂർണമെന്റുകൾക്ക് ഇന്നു മെൽബൺ പാർക്കിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണോടെ തുടക്കമാകും.
നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, റോജർ ഫെഡറർ എന്നീ മഹാരഥന്മാർ തന്നെയാണ് ഹോട്ട് ഫേവറിറ്റുകളെങ്കിലും പുതിയ തലമുറയിലേക്കു ഗ്രാൻസ്‌ലാം കിരീടങ്ങൾ എത്തുമെന്ന പ്രതീക്ഷയും ഓസ്ട്രേലിയൻ ഓപ്പൺ പങ്കുവയ്ക്കുന്നു.
24 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന ചരിത്രം സെറീന വില്യംസ് ലക്ഷ്യം വയ്ക്കുമ്പോൾ കിരീടം നിലനിർത്താനായി നവോമി ഒസാക്കയും സ്വന്തം നാട്ടുകാരുടെ പിന്തുണയോടെ കളത്തിലിറങ്ങുന്ന ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടിയും വനിതകളുടെ പോരാട്ടത്തെ അവിസ്മരണീയമാക്കും.
ഇന്ത്യൻ സാന്നിധ്യം
മിക്സ്ഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയും സാനിയ മിർസയും മത്സരിക്കുന്നത് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്നു. യോഗ്യതാ മത്സരം തോറ്റെങ്കിലും, മറ്റൊരു കളിക്കാരൻ പിന്മാറിയ പശ്ചാത്തലത്തിൽ അവസരം ലഭിച്ച പ്രജ്നേഷ് ഗുണേശ്വരനാണ് മറ്റൊരു ഇന്ത്യൻ സാന്നിധ്യം.
പുകയും ചൂടും വില്ലൻ
കാട്ടുതീ മൂലം അന്തരീക്ഷത്തിൽ നിറഞ്ഞ പുക ടൂർണമെന്റിനെ ബാധിക്കുമോ എന്ന സംശയം ഇപ്പോഴുമുണ്ട്. പ്രധാന കോർട്ടുകൾ മൂന്നെണ്ണത്തിനും മേൽക്കൂരയുള്ളത് പ്രശ്നം പരിഹരിക്കുമെന്നു കരുതുന്നു. മത്സരവേദിയായ മെൽബണിലെ കടുത്ത ചൂടാണ് മറ്റൊരു പ്രതിസന്ധി.
കിരീടം ആരു നേടും?
കിരീടം നേടാൻ കൂടുതൽ സാധ്യത നൊവാക് ജോക്കോവിച്ചിനാണ്. ഈയാഴ്ച നദാലിനെ എടിപി കപ്പിൽ പരാജയപ്പെടുത്തി ജോക്കോ നയം വ്യക്തമാക്കിയിട്ടുണ്ട്. 20–ാം ഗ്രാൻസ്‌ലാം കിരീടം നേടി ഫെഡററുടെ റെക്കോർഡിനൊപ്പം എത്തുക എന്നതാണ് സ്പാനിഷ് താരം റാഫേൽ നദാലിന്റെ ലക്ഷ്യം. ഫെഡററെയും ജോക്കാവിച്ചിനെയും നേരിടാതെ ഒന്നാം സീഡ് നദാലിന് ഫൈനലിലെത്താം.
കഴിഞ്ഞ നവംബറിനു ശേഷം ടൂർണമെന്റുകളിൽ കളിച്ചിട്ടില്ലാത്ത സ്വിസ് താരം റോജർ ഫെഡറർക്ക് കുറഞ്ഞ സാധ്യതയാണ് വിദഗ്ധർ കൽപിക്കുന്നതെങ്കിലും ഹാർഡ് കോർട്ടുകളിൽ ഈ മുപ്പത്തിയൊൻപതുകാരനെ എഴുതിത്തള്ളാനാകില്ല. മൂന്നാം റൗണ്ടിൽ ഷപോലവിനെയോ ഗ്രിഗർ ദിമിത്രവിനെയോ ഫെഡറർക്ക് നേരിടേണ്ടി വരും. ഡാനിൽ മെദ്‌വദേവ്, ഡൊമിനിക് തീയെം, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരാണു സാധ്യത പ്രവചിക്കപ്പെടുന്ന മറ്റു താരങ്ങൾ.
വനിതാ വിഭാഗം
അഡ്‌ലെയ്ഡ് ഓപ്പൺ ജേതാവായി വരുന്ന ഓസ്ട്രേലിയൻ താരം ആഷ്‌ലി ബാർട്ടിക്കാണ് ഇത്തവണ സാധ്യതയേറെയും. ഒരു ഓസ്ട്രേലിയൻ വനിത ഓസ്ട്രേലിയൻ ഓപ്പണിൽ ഒന്നാം സീഡാകുന്നത് ആദ്യമായാണ്. അതിനാൽ, കിരീടം നിലനിർത്താൻ നവോമി ഒസാക നന്നായി അധ്വാനിക്കേണ്ടി വരും. ക്വാർട്ടർ ഫൈനലിൽ സെറീന വില്യംസാകും ഒസാക്കയുടെ എതിരാളി.
എട്ടാമത് ഓസ്ട്രേലിയൻ ഓപ്പണും ഇരുപത്തിനാലാം ഗ്രാൻസ്‌ലാം കിരീടവുമാണ് സെറീനയുടെ ലക്ഷ്യം. ലോകറാങ്കിങ്ങിൽ എട്ടാമതാണെങ്കിലും കിരീടസാധ്യതയിൽ ഒട്ടും പിന്നിലല്ല ഈ ഇതിഹാസം കരോളിന പ്ലിസ്കോവ, സിമോണ ഹാലെപ്, പെട്രോ ക്വിറ്റോവ തുടങ്ങിയവർക്കും കിരീടസാധ്യതയുണ്ട്.