ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി; സെറീന, ഒസാക, വോസ്നിയാക്കി, സിറ്റ്സിപാസ് പുറത്ത്
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ നിലവിലെ ജേതാവ് ജപ്പാന്റെ നവോമി ഒസാക, മുൻ ചാംപ്യൻമാരായ സെറീന വില്യംസ്, കരോളിൻ വോസ്നിയാക്കി എന്നിവർ പുറത്തായി. തോൽവിയേറ്റു വാങ്ങിയ ഡെൻമാർക്കിന്റെ വോസ്നിയാക്കി പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പുരുഷവിഭാഗത്തിൽ 6–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും പുറത്തായി. ഇതിനിടയിലും, ലോക വനിതാ ഒന്നാം നമ്പർ ആഷ്‍ലി ബാർട്ടി പ്രീക്വാർട്ടറിലെത്തി. പുരുഷ 2–ാം നമ്പർ നൊവാക് ജോക്കോവിച്ചും മുന്നേറി.
24–ാം ഗ്രാൻസ്‌ലാം കിരീടമെന്ന സ്വപ്നത്തിനു താൽക്കാലിക വിരാമമിട്ടാണു സെറീന പുറത്തായത്. ചൈനയുടെ വാങ് കിയാങ്ങാണ് സെറീനയെ അട്ടിമറിച്ചത് (6–4, 6–7, 7–5).
വീനസ് വില്യംസിനെ പുറത്താക്കി ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറിക്കു തുടക്കമിട്ട യുഎസിന്റെ 15 വയസ്സുകാരി കോകോ കോറി ഗോഫ് വീണ്ടും ആരാധകരെ ഞെട്ടിച്ചു. നിലവിലെ ചാംപ്യൻ നവോമി ഒസാകയെ 6–3, 6–4നാണു കോകോ മറികടന്നത്. താരത്തിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പണിലാണ് ഈ അദ്ഭുത പ്രകടനം. 67 മിനിറ്റിൽ കളി കഴിഞ്ഞു. കഴിഞ്ഞ യുഎസ് ഓപ്പണിൽ ഒസാകയോടു തോറ്റാണു കോകോ പുറത്തായത്. 6–ാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ചത് കാനഡയുടെ മിലോസ് റോണിക്കാണ് (7–5, 6–4, 7–6).
മാസ് ഫെഡറർ @ 100
പരാജയം മുന്നിൽക്കണ്ടശേഷം തിരിച്ചെത്തിയ ഫെഡറർ 4 മണിക്കൂർ നീണ്ട 5 സെറ്റ് പോരാട്ടത്തിൽ ഓസ്ട്രേലിയയുടെ ജോൺ മിൽമാനെ തോൽപിച്ച് പ്രീക്വാർട്ടറിലെത്തി (4–6, 7–6, 6–4, 4–6, 7–6). ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡററുടെ 100–ാമത്തെ വിജയമാണിത്. . ആദ്യ 4 സെറ്റുകൾ ഇരുവരും വീതിച്ചെടുത്തപ്പോൾ കളി 5–ാം സെറ്റിലേക്ക്. അവിടെ ടൈബ്രേക്കർ വേണ്ടി വന്നപ്പോൾ 5–2നും 8–4നും മിൽമാൻ ലീഡ് ചെയ്തതാണ്. എന്നാൽ, തുടർച്ചയായി 6 പോയിന്റുകൾ നേടി 10–8നു ഫെഡറർ സെറ്റും മത്സരവും സ്വന്തമാക്കി.
ബൈ ബൈ വോസ്നിയാക്കി
3–ാം റൗണ്ടിൽ തുനീസിയയുടെ ഓൻസ് ജാബ്യൂറിനോടു തോറ്റ വോസ്നിയാക്കി (7–5, 3–6, 7–5) കണ്ണീരോടെയാണു കോർട്ട് വിട്ടത്. ഓസ്ട്രേലിയൻ ഓപ്പണിനുശേഷം വിരമിക്കുമെന്നു താരം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുപത്തൊമ്പതുകാരിയുടെ മടക്കം കണ്ണീരിൽ കുതിർന്നായിരുന്നു. ‘സാധാരണ ഞാൻ കരയാറില്ല.
പക്ഷേ, കരിയറിലേക്കു തിരിഞ്ഞുനോക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോവുകയാണ്’ – വിടവാങ്ങൽ പ്രസംഗത്തിൽ താരം പറഞ്ഞു. 2 വർഷം മുൻപ് ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവായാണു വോസ്നിയാക്കി കരിയറിലെ തന്റെ ആദ്യ ഗ്രാൻസ്‍ലാം സ്വന്തമാക്കിയത്.