ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്നു രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ വിഭാഗം ഫൈനലിൽ ആരു ജയിച്ചാലും ചരിത്രം എയ്സ് പായിക്കും. കാരണം, ആർതർ ആഷ് സ്റ്റേഡിയത്തിൽ റാക്കറ്റുമായി ഇറങ്ങുന്ന ജർമനിയുടെ 5–ാംസീഡ് അലക്സാണ്ടർ സ്വരേവും ഓസ്ട്രിയയുടെ 2–ാ സീഡ് ഡൊമിനിക് തീയെമും ഇതുവരെ ഗ്രാൻസ്‍ലാം കിരീടം നേടിയിട്ടില്ല. ജയിക്കുന്നവർക്കു കന്നിക്കിരീടത്തിൽ മുത്തമിടാം.

സാഷ എന്നു വിളിപ്പേരുള്ള സ്വരേവ് സെമിയിൽ സ്പെയിനിന്റെ പാബ്ലോ ബസ്റ്റയെ 3 മണിക്കൂറും 22 മിനിറ്റും നീണ്ട 5 സെറ്റ് പോരാട്ടത്തിൽ മറികടന്നാണു തന്റെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലിനു യോഗ്യത നേടിയത്. സ്കോർ: 3–6, 2–6, 6–3, 6–4, 6–3. ആദ്യ 2 സെറ്റിലുമായി 36 പിഴവുകൾ വരുത്തി സ്വരേവ് മത്സരം കൈവിട്ടതാണ്. പക്ഷേ, പിന്നീടുള്ള 3 സെറ്റുകളിൽ ആളാകെ മാറി. നിർണായകമായ 5–ാം സെറ്റിൽ പുറംവേദന പിടിപെട്ടു ബസ്റ്റ വൈദ്യസഹായം തേടിയതോടെ സ്വരേവിന്റെ സമയം തെളിഞ്ഞു.

ഡോമി എന്ന് ആരാധകർ വിളിക്കുന്ന തീയെം സെമിയിൽ റഷ്യയുടെ ഡാനിൽ മെദ്‍വദേവിനെ 6–2, 7–6, 7–6നു തോൽപിച്ചു. 2–ാം സെറ്റിലും 3–ാം സെറ്റിലും മെദ്‌വദേവ് സെറ്റ് പോയിന്റിന് അടുത്തെത്തിയെങ്കിലും ടൈബ്രേക്കറിലേക്കു കളി നീട്ടി ഡോമി ഫൈനൽ ബെർത്ത് പിടിച്ചു.

∙ ചൂടൻ മെദ്‍വദേവ്

മത്സരത്തിനിടെ ചെയർ അംപയർ ഡാമിയൻ ഡുമുസോയ്സ്, ഗ്രാൻസ്‍ലാം സൂപ്പർവൈസർ വെയ്ൻ മക്‌‌കെവൻ എന്നിവരോടു കയർത്തു മെദ്‍‌വദേവ്. ‘യുഎസ് ഓപ്പൺ ഒരു തമാശയാണോ? നിങ്ങൾ മിടുക്കനല്ലാത്തതിനു ഞാൻ എന്തു ചെയ്യണം’ – പോയിന്റ് നിഷേധിക്കപ്പെട്ടതിനെതിരെ പ്രകോപനപരമായി മെദ്‍വദേവ് പ്രതികരിച്ചു. കഴിഞ്ഞ യുഎസ് ഓപ്പണിലും താരം അംപയർമാരുമായി ഉടക്കിയിരുന്നു.

∙ അലക്സാണ്ടർ സ്വരേവ്

രാജ്യം: ജർമനി

ലോക റാങ്കിങ്: 7

പ്രായം: 23

മികച്ച നേട്ടം (ഗ്രാൻസ്‍ലാം): ഓസ്ട്രേലിയൻ ഓപ്പൺ സെമി (2020)

∙ ഡൊമിനിക് തീയെം

രാജ്യം: ഓസ്ട്രിയ

ലോക റാങ്കിങ്: 3

പ്രായം: 27

മികച്ച നേട്ടം (ഗ്രാൻസ്‍ലാം): ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ (2020), ഫ്രഞ്ച് ഓപ്പൺ ഫൈനൽ (2018, 2019)

∙ നേർക്കുനേർ

ആകെ മത്സരം 9

തീം ജയിച്ചത് 7

സ്വരേവ് ജയിച്ചത് 2. 

New York: New York:Nicole Melichar, of the United States, left, and Laura Siegemund, of Germany, hold up the championship trophy after defeating Vera Zvonareva, of Russia, and Xu Yifan, of China, during the women's doubles final of the US Open tennis championships, Friday, Sept. 11, 2020, in New York. AP/PTI Photo(AP12-09-2020_000009B)
വേറാ സ്വനരേവയും (വലത്ത്) ലോറ സീഗ്‌മണ്ടും.

ജയിച്ചിട്ടും  കണ്ണീരിൽ ലോറ

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ വനിതാ ഡബിൾസിൽ റഷ്യയുടെ വേറാ സ്വനരേവയ്ക്കൊപ്പം കിരീടമുയർത്തിയെങ്കിലും ജർമനിയുടെ ലോറ സീഗ്‌മണ്ട് സങ്കടത്തിലായിരുന്നു. കാൻസർ പിടിപെട്ടു മരിച്ച തന്റെ മാതൃസഹോദരിയുടെ ശവസംസ്കാരം നടക്കുന്ന സമയത്താണു ലോറ ഡബിൾസ് കിരീടം ഏറ്റുവാങ്ങിയത്.

ജർമനിയിൽ മൂന്നാഴ്ച മുൻപായിരുന്നു അവരുടെ മരണം. കിരീടം വാങ്ങിയശേഷം ആകാശത്തേക്കു ചുംബനമെറിഞ്ഞാണു ലോറ തന്റെ അമ്മായിക്കു പ്രണാമം അർപ്പിച്ചത്. ഫൈനലി‍ൽ നിക്കോൾ മെലിക്കർ (യുഎസ്) – യിഫാൻ സു (ചൈന) സഖ്യത്തെ 6–4, 6–4നാണു സ്വനരേവയും ലോറയും തോൽപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com