ഡൊമിനിക് തീം യുഎസ് ഓപ്പണ് പുരുഷ ചാംപ്യൻ; ചരിത്രനേട്ടം
Mail This Article
ന്യൂയോർക്ക് ∙ അണഞ്ഞുപോയെന്നു കരുതിയതാണ്. പക്ഷേ, എതിരാളിയുടെ സ്വപ്നങ്ങളെ ചാരമാക്കി തീക്കാറ്റായി ആഞ്ഞുവീശിയ ഓസ്ട്രിയയുടെ ഡൊമിനിക് തീം യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു. ആദ്യ 2 സെറ്റും നഷ്ടപ്പെട്ടു തോൽവിയുടെ വക്കിലെത്തിയശേഷം തിരിച്ചടിച്ചാണു തീം ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ചു തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കിയത്. സ്കോർ: 2–6, 4–6, 6–4, 6–3, 7–6. ഫൈനൽ പോരാട്ടം 4 മണിക്കൂറും ഒരു മിനിറ്റും നീണ്ടു.
ഇരുപത്തേഴുകാരനായ ലോക 3–ാം നമ്പർ താരം കഴിഞ്ഞ 3 തവണയും ഗ്രാൻസ്‍ലാം ഫൈനലിൽ തോറ്റതാണ്. ഇരുപത്തിമൂന്നുകാരൻ സ്വരേവിനെതിരെ കളി തുടങ്ങിയപ്പോൾ, 4–ാം ഫൈനലിലും ഫലം മറ്റൊന്നാകില്ലെന്നു തോന്നിച്ചു. ഇവിടെ ഫൈനലിലെത്തുന്നതുവരെ ഒരൊറ്റ സെറ്റ് മാത്രം നഷ്ടപ്പെടുത്തിയ തീം ഇന്നലെ ആദ്യ 2 സെറ്റുകളും കൈവിട്ടു. പക്ഷേ, സ്വരേവിന്റെ സർവീസ് ബ്രേക്ക് ചെയ്തു 3–ാം സെറ്റിൽ തിരിച്ചെത്തി. 5–ാം സെറ്റിൽ 3–5നു തീം പിന്നിലായിപ്പോയെങ്കിലും ടൈബ്രേക്കറിലേക്കു കളി നീട്ടി. ടൈബ്രേക്കറിൽ 2 തവണ മാച്ച് പോയിന്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാമത്തേതിൽ തീം സെറ്റ് നേടി; കിരീടവും.
തൊണ്ണൂറുകളിൽ ജനിച്ച ഒരു താരം ഗ്രാൻസ്‍ലാം ചാംപ്യനാകുന്നത് ഇതാദ്യമാണ്. 25 വർഷത്തിനുശേഷമാണ് ഒരു ഓസ്ട്രിയൻ പുരുഷ താരം ഗ്രാൻസ്‍ലാം ജേതാവാകുന്നത്.
സ്പെഷൽ തീം:ഡൊമിനിക് തീമിന്റെ അറിയപ്പെടാത്ത ചില വിശേഷങ്ങളിതാ...
∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ചെൽസിയുടെ കടുത്ത ആരാധകനാണു തീം. ഓസ്ട്രിയയിൽ സ്വന്തമായി ഒരു ഫുട്ബോൾ ടീമും തീമിനും കൂട്ടുകാർക്കുമുണ്ട്: ടിഎഫ്സി മാറ്റ്സെൻഡോർഫ്.
∙ തീം തന്റെ ആദ്യ എടിപി ടൂർ മത്സരം വിജയിച്ചത് ഓസ്ട്രിയൻ ഇതിഹാസം തോമസ് മസ്റ്റർക്കെതിരെയാണ്. തീമിന് അന്ന് 18 വയസ്സ്. മസ്റ്റർക്ക് 44.
∙ പ്രകൃതിസ്നേഹിയാണു തീം. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഫോർ ഓഷ്യൻ എന്ന സംഘടനയുടെ ബ്രേസ്‌ലറ്റ് താരം കയ്യിൽ ധരിക്കാറുണ്ട്.
∙ തീമിന്റെ പേരിൽ ഓസ്ട്രിയൻ എനർജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുൾ ഒരു ടെന്നിസ് ടൂർണമെന്റ് നടത്തുന്നുണ്ട്: ‘റെഡ്ബുൾ തീം, സെറ്റ്, മാച്ച്’ എന്നാണതിന്റെ പേര്.
∙ ഫ്രഞ്ച് ടെന്നിസ് താരം ക്രിസ്റ്റീന മ്ലാഡനോവിച്ചുമായി പ്രണയത്തിലായിരുന്നു തീം. എന്നാൽ, 2019ൽ ഇവർ പിരിഞ്ഞു.
22 കോടി
യുഎസ് ഓപ്പൺ ജേതാവായ തീമിനു സമ്മാനത്തുകയായി ലഭിക്കുക 30 ലക്ഷം ഡോളറാണ് (ഏകദേശം 22.03 കോടി രൂപ).
English Summary: Tennis: Dominic Thiem wins US Open title