ADVERTISEMENT

ലണ്ടൻ∙ ലോക ടെന്നിസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാൽപ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിലാണ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാൻസ്‍ലാം കിരീടം ചൂടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്.

‘ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾ‌ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്സാണ്ടർ. ബ്രിട്ടിഷ് – ബഹ്റൈൻ ഫാഷൻ ഡിസൈനറായ മിഷ നോനുവാണ് അലക്സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.

പലപ്പോഴും പരുക്കും വിലക്കും വിലങ്ങുതടിയായ കരിയറിനൊടുവിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഷറപ്പോവ വിരമിക്കൽ പ്രഖ്യാപിച്ചത്. സെർബിയയിൽ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. അപരിചിതരുടെ നടുവിൽനിന്ന് പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പർ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാൽ, ഷറപ്പോവയ്ക്കു 2016 ഓസ്ട്രേലിയൻ ഓപ്പണിനിടെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. 373–ാം റാങ്കുകാരിയായിരിക്കെയാണ് ഷറപ്പോവ കളമൊഴിഞ്ഞത്.

2004ൽ 17–ാം വയസ്സിൽ വിമ്പിൾഡൻ ജേതാവായതോടെയാണ് ഷറപ്പോവ ലോകടെന്നിസിലെ ശ്രദ്ധാകേന്ദ്രമായത്. 2005ൽ ലോക ഒന്നാം നമ്പറായി. അടുത്ത വർഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി. 2007ലാണ് ഷറപ്പോവ തോളിലെ പരുക്കുമായുള്ള പോരാട്ടം തുടങ്ങിയത്. പരുക്കു ഭേദമാക്കിയെത്തി 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടി. 2012ൽ ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടത്തോടെ കരിയർ ഗ്രാൻസ്‌‌ലാം തികയ്ക്കുന്ന പത്താമത്തെ വനിതാതാരമായി. ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടി.

2016ൽ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ വിലക്കു നേരിട്ടെങ്കിലും പോരാട്ടവീര്യം കൈവിടാതിരുന്ന താരം 2017ൽ മത്സരരംഗത്തേക്കു തിരിച്ചെത്തി. പക്ഷേ, വിജയങ്ങളിലേക്കു മടങ്ങിയെത്താൻ കഴിയാതെ പോയി.

English Summary: Maria Sharapova announces engagement with Alexander Gilkes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com