പിന്നിൽനിന്ന് തിരിച്ചടിച്ച് നദാലിനെ വീഴ്ത്തി; സിറ്റ്സിപാസ് സെമിഫൈനലിൽ
Mail This Article
മെൽബൺ∙ അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാലിനെ വീഴ്ത്തി ഗ്രീസിന്റെ അഞ്ചാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ. ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോൽവിയുടെ വക്കിലെത്തിയ ശേഷമാണ് ശേഷിച്ച മൂന്നു സെറ്റും സ്വന്തമാക്കി സിറ്റ്സിപാസിന്റെ അദ്ഭുതകരമായ തിരിച്ചുവരവ്. സ്കോർ: 3–6, 2–6, 7–6 (7–4), 6–4, 7–5.
ഇതോടെ 21–ാം ഗ്രാൻസ്‍ലാം കിരീടവുമായി റെക്കോർഡിടാനുള്ള നദാലിന്റെ ശ്രമത്തിനും താൽക്കാലിക വിരാമം. മാത്രമല്ല, രണ്ടു വർഷം മുൻപ് ഇതേ വേദിയിൽ നദാലിനോടേറ്റ ദയനീയ തോൽവിക്കും സിറ്റ്സിപാസ് പകരം വീട്ടി.
വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ റഷ്യൻ താരം ഡാനിൽ മെദ്‌വെദേവാണ് ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസിന്റെ എതിരാളി. റഷ്യൻ താരങ്ങളുടെ ക്വാർട്ടർ പോരാട്ടത്തിൽ ആന്ദ്രെ റൂബ്‍ലെവിനെ തോൽപ്പിച്ചാണ് നാലാം സീഡായ മെദ്‌വെദേവ് സെമിയിൽ കടന്നത്. ഇരുപത്തഞ്ചുകാരനായ മെദ്‌വെദേവിന്റെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ സെമി പ്രവേശമാണിത്. സ്കോർ: 7-5 6-3 6-2. ഇതോടെ, റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരങ്ങൾക്കെതിരെ മെദ്‌വെദേവിന്റെ തുടർ വിജയങ്ങൾ പതിനൊന്നായി.
English Summary: Stefanos Tsitsipas beats Rafael Nadal to set up Daniil Medvedev semi-final