ADVERTISEMENT

മെൽബൺ ∙ ഗ്രീസിന്റെ അഞ്ചാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ വീഴ്ത്തി റഷ്യയുടെ നാലാം സീഡ് ഡാനിൽ മെദ്‌വെദേവ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ഏകപക്ഷീയമായി മാറിയ ഫൈനലിൽ സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് മെദ്‌വെദേവ് വീഴ്ത്തിയത്. സ്കോർ 6–4, 6–2, 7–5. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാംപ്യൻ കൂടിയായ സെർബിയയുടെ നൊവാക് ജോക്കോവിച്ചാണ് ഇരുപത്തഞ്ചുകാരനായ മെദ്‌വെദേവിന്റെ എതിരാളി.

2019ലെ യുഎസ് ഓപ്പൺ ഫൈനലിൽ പരാജയം രുചിച്ച മെദ്‌വെദേവ്, 2005നുശേഷം റഷ്യൻ പുരുഷതാരങ്ങളുടെ ആദ്യ ഗ്രാൻസ്‌ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. നൊവാക് ജോക്കോവിച്ച് ആകട്ടെ, ഓസ്ട്രേലിയൻ ഓപ്പണിൽ ഒൻപതാം കിരീടവുമായി റെക്കോർഡിടാനുള്ള ശ്രമത്തിലും. ഇതിനു മുൻപ് ജോക്കോവിച്ചിനെ നേരിട്ട നാല് അവസരങ്ങളിൽ മൂന്നിലും മെദ്‌വെദേവ് ജയിച്ചെങ്കിലും, കളിച്ച എട്ട് ഓസ്ട്രേലിയൻ ഫൈനലുകളിലും ജയിച്ച സെർബിയൻ താരത്തെ ഇത്തവണ വീഴ്ത്താൻ വിയർപ്പൊഴുക്കേണ്ടിവരും.

നേരത്തെ, അരങ്ങേറ്റ ഗ്രാൻസ്‍ലാമിൽതന്നെ സെമിയിലെത്തി ചരിത്രം സൃഷ്ടിച്ച 114–ാം റാങ്കുകാരൻ റഷ്യയുടെ അസ്‍ലൻ കരാറ്റ്‌സെവിനെ 6–3, 6–4, 6–2നു തോൽപിച്ചാണു ലോക ഒന്നാം നമ്പർ ജോക്കോവിച്ച് തന്റെ 9–ാം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിനു യോഗ്യത നേടിയത്. സെമിയിൽ ജോക്കോവിച്ചിന്റെ ഓൾറൗണ്ട് പ്രകടനത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ റഷ്യൻ താരത്തിനായില്ല. 2–ാം സെറ്റിൽ 1–5നു പിന്നിലായിട്ടും തിരിച്ചടിച്ച് 4–5ലേക്കു കരാറ്റ്‍സെവ് ഗെയിം എത്തിച്ചെങ്കിലും തകർപ്പൻ സെർവിലൂടെ ജോക്കോ സെറ്റ് പിടിച്ചു. 3–ാം റൗണ്ട് മത്സരത്തിനിടെ നേരിട്ട പരുക്കിനെ അതിജീവിച്ചാണു ചാംപ്യൻഷിപ് ഫൈനലിലേക്കു ജോക്കോയുടെ കുതിപ്പ്.

∙ വനിതകളിൽ നവോമി – ബ്രാഡി ഫൈനൽ

10–ാം സീഡ് മുപ്പത്തൊമ്പതുകാരി സെറീനയെ 6–3, 6–4നാണ് 3–ാം സീഡ് ഇരുപത്തിമൂന്നുകാരി ഒസാക മറികടന്നത്. ആദ്യ സെറ്റിൽ 2–0നു മുന്നിലെത്തിയ സെറീന പക്ഷേ, തുടരെ 5 ഗെയിമുകൾ വഴങ്ങി സെറ്റ് കൈവിട്ടു. 2–ാം സെറ്റിൽ 4 വീതം ഗെയിമുകളുമായി ഇരുവരും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും സെറീനയുടെ പിഴവുകൾ ഒസാക മുതലെടുത്തു. മത്സരത്തിലാകെ 24 പിഴവുകളാണു സെറീന വരുത്തിയത്. മത്സരശേഷം നടന്ന പത്രസമ്മേളനം പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ടാണു സെറീന വേദി വിട്ടത്. 3 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ (6–4, 3–6, 6–4) ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ മറികടന്ന യുഎസിന്റെ ജെനിഫർ ബ്രാഡിയാണു ഫൈനലിൽ ഒസാകയുടെ എതിരാളി. നാളെയാണു വനിതാ ഫൈനൽ.

English Summary: Australian Open: Daniil Medvedev beats Stefanos Tsitsipas & meets Novak Djokovic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com