ADVERTISEMENT

മെ‍ൽബൺ ∙ റോഡ് ലേവർ അരീനയിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ടെന്നിസ് ആരാധകർ പ്രതീക്ഷിച്ചതുപോലെ ജപ്പാന്റെ നവോമി ഒസാക ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ 3–ാം സീഡ് ഒസാക 6–4, 6–3ന് 22–ാം സീഡ് യുഎസിന്റെ ജെനിഫർ ബ്രാഡിയെ മറികടന്നു. 2–ാം തവണയാണ് ഒസാക ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവാകുന്നത്. വനിതാ ടെന്നിസിലെ ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്കുള്ള ഒസാകയുടെ കുതിപ്പിലെ 4–ാം ഗ്രാൻസ്‍ലാം കിരീടം കൂടിയാണിത്.  

റെക്കോർഡ് കിരീടം തേടിയെത്തിയ സെറീന വില്യംസിന്റെ വഴിമുടക്കി സെമി കടന്ന ഒസാക കിരീടം ഉറപ്പിച്ച മട്ടിലാണു ഫൈനൽ കളിച്ചത്. കഴിഞ്ഞ യുഎസ് ഓപ്പൺ സെമിയിൽ ബ്രാഡിയെ കടുത്ത പോരാട്ടത്തിൽ കീഴടക്കിയ ഒസാകയ്ക്ക് ഇന്നലെ കാര്യങ്ങൾ എളുപ്പമായിരുന്നു. 

ഫൈനലിലെ ആദ്യ സെറ്റിൽ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. 4–4ൽ നിൽക്കെ ഒസാകയുടെ സർവീസ് ബ്രേക്ക് ചെയ്യാനുള്ള അവസരം ബ്രാഡി നഷ്ടപ്പെടുത്തി. ഉഗ്രൻ ഫോർഹാൻഡ് ഷോട്ടിലൂടെ ഗെയിം ഒസാക പിടിച്ചെടുത്തു. പിന്നാലെ ബ്രാഡിയുടെ സർവീസ് ബ്രേക്ക് ചെയ്ത് ഒസാക ആദ്യ സെറ്റ് പിടിച്ചു. ഡബിൾഫോൾട്ടും നെറ്റിൽ ഉടക്കിയ ഫോർഹാൻഡും ബ്രാഡിക്കു വിനയായി. 2–ാം സെറ്റിൽ ഒസാകയുടെ കുതിപ്പായിരുന്നു. 4–0നു മുന്നിലെത്തിയ ജപ്പാൻ താരം പക്ഷേ, കളിയുടെ ഗതിക്കെതിരായി പിഴവുകൾ വരുത്തി. 3 ഗെയിമുകൾ പിടിച്ചെടുത്ത ബ്രാഡി 5–3ലേക്കു സെറ്റ് എത്തിച്ചു. 

അവസാന ഗെയിമിൽ മാച്ച് പോയിന്റിൽ നിൽക്കെ ഒസാകയുടെ തകർപ്പൻ സെർവ്, ബ്രാഡി പുറത്തേക്കടിച്ചതോടെ സെറ്റും കിരീടവും ലോക 3–ാം നമ്പർ താരത്തിന്. സെർവുകളുടെ കരുത്തും ഫോർഹാൻഡ്, ബാക്ക് ഹാൻഡ് ഷോട്ടുകളിലെ മിടുക്കുമാണ് ഒരു മണിക്കൂർ 17 മിനിറ്റിൽ മത്സരം ഒസാകയ്ക്ക് അനുകൂലമാക്കിയത്. ജപ്പാനിൽ ജനിച്ച്, 3–ാം വയസ്സിൽ കുടുംബത്തോടൊപ്പം യുഎസിലെത്തിയ ഒസാകയുടെ അടുത്ത ലക്ഷ്യം ഫ്രഞ്ച് ഓപ്പണാണ്. 

∙  ഇതുവരെ ഫൈനലിലെത്തിയ ഗ്രാൻസ്‍ലാമുകളിലെല്ലാം കിരീടം നേടിയതിന്റെ അപൂർവ റെക്കോർഡ് ഒസാകയ്ക്കു സ്വന്തം. വനിതകളിൽ 30 വർഷം മുൻപു മോണിക്ക സെലസും ഇതേ നേട്ടം കൈവരിച്ചിരുന്നു. 

∙ ജേതാവിനു ലഭിക്കുക 27.50 ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 15.70 കോടി രൂപ). പുരുഷ, വനിതാ ചാംപ്യൻമാർക്ക് ഒരേ സമ്മാനത്തുകയാണ്. 

∙  എന്നെ ആരാധിക്കുന്ന ഏതെങ്കിലും പെൺകുട്ടിക്കെതിരെ മത്സരിക്കാൻ കഴിയുന്ന കാലത്തോളം  ടെന്നിസ് കോർട്ടിൽ  തുടരണമെന്നാണ് എന്റെ ആഗ്രഹം. - നവോമി ഒസാക

English Summary: Naomi Osaka beats Jennifer Brady in Australian Open women's final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com