‘ആരൊരാളെൻ കുതിരയെ കെട്ടുവാൻ? ആരൊരാളതിൻ മാർഗം മുടക്കുവാൻ?’
Mail This Article
ലോക ടെന്നിസിൽ റോജർ ഫെഡററും റാഫേൽ നദാലും ഉൾപ്പെടുന്ന ‘ഓൾഡ് ജനറേഷനും’ ഡൊമിനിക് തീമും അലക്സാണ്ടർ സ്വെരേവും ഉൾപ്പെടുന്ന ‘ന്യൂ ജനറേഷനും’ നൊവാക് ജോക്കോവിച്ച് എന്നു കേൾക്കുമ്പോൾ ഒരേ വികാരമാണ്– നിരന്തരം തങ്ങളുടെ കിരീടമോഹങ്ങൾ ഉടയ്ക്കുന്ന ഒരു പൊതുശത്രു! ഫെഡും റാഫയും കരിയറിന്റെ അസ്തമനകാലത്താണെങ്കിലും ജോക്കോവിച്ചിന്റെ ഫോം ഉച്ചവെയിൽ പോലെ കത്തിനിൽക്കുകയാണ്. ആ വെയിലേറ്റു വീഴാത്തവർ കോർട്ടിൽ ആരുമില്ല. ഏറ്റവും അവസാനം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യക്കാരൻ ഡാനിൽ മെദ്‌വദെവ് വരെ. മെൽബണിൽ 9–ാം കിരീടം ചൂടിയ ജോക്കോ ഗ്രാൻസ്‌ലാം നേട്ടം 18ൽ എത്തിച്ചു. ഫെഡറർക്കും നദാലിനും 2 കിരീടങ്ങൾ മാത്രം പിന്നിൽ. ഈ ഫോമിൽ കളിച്ചാൽ ഏറെ വൈകാതെ ആ റെക്കോർഡ് സെർബിയൻ ചാംപ്യന്റെ കൈപ്പിടിയിലൊതുങ്ങും.
∙ ആരാധകരുടെ ‘സ്വപ്നഭംഗം’
ഇങ്ങനെയൊക്കെയായിട്ടും ഫെഡറർക്കും നദാലിനും പണ്ടേ ചാർത്തിക്കൊടുത്ത മഹത്വത്തിന്റെ സർട്ടിഫിക്കറ്റ് ഈ മുപ്പത്തിമൂന്നുകാരനു പലരും സന്തോഷത്തോടെ വകവച്ചു കൊടുത്തിട്ടില്ല. എന്തു കൊണ്ടാണത്? ജോക്കോവിച്ചിന്റെ മുൻ കോച്ച് ബോറിസ് ബെക്കർ തന്നെ വിശേഷിപ്പിച്ചതു പോലെ ‘ബാൾക്കൻ അരൊഗൻസ്’ ജോക്കോവിച്ചിന്റെ ശരീരഭാഷയിലുള്ളതു കൊണ്ടാവാം. ജയിച്ചതിനു ശേഷം നെഞ്ചിൽ തല്ലുകയും അലറുകയും ചെയ്യുന്ന ജോക്കോവിച്ചിനെ പലർക്കും ഇഷ്ടമല്ല. സുന്ദരമായ ഒരു സ്വപ്നം–ഫെഡററോ നദാലോ കിരീടം നേടുക–എന്നത് സ്ഥിരമായി മുടക്കുന്ന ഒരാളാണ് പലർക്കും ഈ സെർബ് താരം. ജോക്കോവിച്ച് നിരന്തം ജയിക്കുന്നു എന്നതു കൊണ്ടു മാത്രമാണ് പലരും അയാളെ മനസില്ലാ മനസ്സോടെ അംഗീകരിക്കുന്നത്. ‘അംഗീകരിക്കുക’ എന്നത് മനപൂർവം പറഞ്ഞതു തന്നെയാണ്. നന്നായി പഠിക്കുന്നവരോടുള്ള അസൂയ പോലെയാണത്!
∙ ടിവിയിൽ കണ്ടുപഠിച്ച കളി
വ്യക്തമായ ആസൂത്രണത്തോടെ രൂപപ്പെട്ടതാണ് ജോക്കോവിച്ചിന്റെ കരിയർ. ബാല്യകാല കോച്ചായിരുന്ന യെലേന ജെനെസിച് ജോക്കോവിച്ചിനെ കണ്ടെത്തിയ കാര്യം വിവരിക്കുന്നുണ്ട്: സെർബിയയിലെ മലയോര റിസോർട്ടായിരുന്ന കോപവോനികിൽ ടെന്നിസ് ക്യാംപ് നടത്തിയിരുന്നു മോണിക്ക സെലസിന്റെയും ഗൊരാൻ ഇവാനിസെവിച്ചിന്റെയും കരിയറിൽ നിർണായക പങ്കു വഹിച്ച യെലേന. കൊച്ചു ജോക്കോവിച്ചിന്റെ കളി കണ്ട് അവർ അവനെ ക്യാംപിലേക്കു ക്ഷണിച്ചു. കൃത്യ സമയത്തു തന്നെ ഒരു ബാഗുമായി ജോക്കോ എത്തി. ബാഗിൽ ഒരു റാക്കറ്റ്, വെള്ളക്കുപ്പി, ടൗവ്വൽ, വാഴപ്പഴം, എക്സ്ട്ര ഷർട്ട്, തൊപ്പി– പരീക്ഷയ്ക്കു എല്ലാ മുൻകരുതലുമെടുത്ത് എത്തുന്ന വിദ്യാർഥിയെപ്പോലെ. ഇത് അമ്മ തയ്യാറാക്കിത്തന്നതാണോ എന്ന ചോദ്യത്തിന് ‘അല്ല, ഞാൻ ടിവിയിൽ ഇതെല്ലാം കണ്ടിട്ടുണ്ട്’ എന്നായിരുന്നു ജോക്കോവിച്ചിന്റെ മറുപടി.
∙ ഗ്ലൂട്ടെൻ എന്ന ശത്രു
കരിയറിന്റെ തുടക്കത്തിൽ ഫെഡററുടെയും നദാലിന്റെയും നിഴലിലായിരുന്നു ജോക്കോവിച്ച്. ആരോഗ്യപ്രശ്നങ്ങളും അക്കാലത്ത് സ്ഥിരമായി അലട്ടി. 2010ൽ നടന്ന രണ്ടു സംഭവങ്ങളാണ് എല്ലാം മാറ്റി മറിച്ചത്. ഭക്ഷണകാര്യത്തിൽ കൃത്യമായ ഒരു ക്രമം വേണമെന്ന് നൂട്രീഷ്യനിസ്റ്റ് ജോക്കോവിച്ചിനെ ഉപദേശിച്ചു. ഗോതമ്പ്, പാൽ ഉൽപന്നങ്ങൾ, തക്കാളി എന്നിവയിലെല്ലാം കാണപ്പെടുന്ന ഗ്ലൂട്ടെൻ എന്ന പ്രോട്ടീൻ ശരീരത്തിനു അലർജിയാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്. ഭക്ഷണശീലം മാറ്റിയതോടെ ജോക്കോവിച്ച് ‘അസുഖക്കാരൻ പയ്യൻ’ എന്നതിൽ നിന്ന് ലോക ടെന്നിസിലെ എറ്റവും ഫിറ്റ്നസുള്ള താരങ്ങളിലൊരാളായി മാറി.
രണ്ടാമത്തെ കാര്യം സെർബിയയുടെ ഡേവിസ് കപ്പ് ജയമായിരുന്നു. ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ സെർബിയ ചരിത്രത്തിലാദ്യമായി കിരീടം നേടിയപ്പോൾ ഉത്തേജിതരായത് സെർബിയൻ ജനതയും ടെന്നിസും മാത്രമായിരുന്നില്ല. ജോക്കോവിച്ച് എന്ന താരം തന്നെയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ, വിമ്പിൾഡൻ ഉൾപ്പെടെ പത്തു മേജർ കിരീടങ്ങളാണ് ആ വർഷം ജോക്കോ നേടിയത്.
∙ മല കയറി, വിജയക്കൊടുമുടിയും
നിരന്തര വിജയങ്ങൾക്കൊടുവിൽ മൂന്നു വർഷം മുൻപ് ശാരീരികമായും മാനസികമായും തളർന്നു പോയിരുന്നു ജോക്കോവിച്ച്. സെർബ് താരത്തിനു മുന്നിൽ ആദ്യം കടമ്പയായി വന്നു നിന്നത് കൈമുട്ടിനേറ്റ പരുക്കാണ്. വിജയങ്ങൾ ശീലമാക്കുന്നതിനിടെ വന്ന നീണ്ട വിശ്രമം ജോക്കോവിച്ചിനെ വിഷാദവാനാക്കി. തോൽവികൾ തുടർക്കഥയായി. ഒരു വർഷത്തോളം കോർട്ടിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു. ജോക്കോവിച്ചിന് എന്തു പറ്റി എന്ന് ലോകം ആശ്ചര്യം കൊണ്ടപ്പോൾ ജോക്കോ ഭാര്യ ജെലേനയെയും കൊണ്ട് ഒരു യാത്ര പോയി. കവികളെയും യുദ്ധവീരൻമാരെയും ഒരുപോലെ മോഹിപ്പിച്ച ആൽപ്സ് പർവത നിരകളിലേക്ക്. മൂന്നു മണിക്കൂർ അത്യധ്വാനത്തിനു ശേഷം ആൽപ്സിലെ സെന്റ് വിക്ടോയ്ർ പർവതത്തിനു മുകളിൽ നിന്ന് ജോക്കോവിച്ച് താഴേക്കു നോക്കി: ‘‘ പുതിയൊരു കാഴ്ച! എന്റെ ചിന്തകൾ മാറി. കരിയറിനെക്കുറിച്ചും ജീവിതത്തിനെക്കുറിച്ചും..!’’ പുതുക്കിപ്പണിതൊരു മനസ്സുമായി ജോക്കോവിച്ച് മലയിറങ്ങി. ശേഷം വീണ്ടും ലോക ടെന്നിസിലെ കൊടുമുടി കയറി. ആദ്യം വിമ്പിൾഡൻ, പിന്നെ യുഎസ് ഓപ്പൺ!
∙ എങ്കിലുമെന്റെ ജോക്കോ..
കോവിഡ് കാലവും ജോക്കോവിച്ചിന് കഠിനമായിരുന്നു. ജോക്കോയുടെ നേതൃത്വത്തിൽ ക്രൊയേഷ്യയിലും സെർബിയയിലുമായി സംഘടിപ്പിച്ച അഡ്രിയ പ്രദർശന ടൂർണമെന്റിൽ പങ്കെടുത്ത 3 താരങ്ങൾക്ക് കോവിഡ് പിടിപെട്ടു. പിന്നാലെ ജോക്കോയ്ക്കും ഭാര്യ യെലേനയ്ക്കും. കോവിഡ്മൂലം പ്രതിസന്ധിയിലായ സഹതാരങ്ങളെ സഹായിക്കാനാണു ജോക്കോ ടൂർണമെന്റ് സംഘടിപ്പിക്കാനിറങ്ങിയത്. പക്ഷേ അതിന്റെ ഫലം നേർവിപരീതമായിപ്പോയി. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മത്സരം സംഘടിപ്പിച്ചതിന് കടുത്ത വിമർശനം നേരിട്ടു ജോക്കോ. എല്ലാം മാറി യുഎസ് ഓപ്പൺ കളിക്കാനിറങ്ങിയ താരത്തിന് അവിടെയും ‘അടി തെറ്റി’. നാലാം റൗണ്ടിൽ സ്പാനിഷ് താരം പാബ്ലോ കൊറേന്യ ബസ്റ്റയുമായുള്ള മത്സരത്തിനിടെ വനിതാ ലൈൻ റഫറിയുടെ ശരീരത്തിലേക്ക് പന്തടിച്ചതിന് അയോഗ്യനായി പുറത്ത്.
പക്ഷേ ഫെഡറർ–നദാൽ അപ്രമാദിത്തത്തെ വെല്ലുവിളിച്ച് ലോക ടെന്നിസിലേക്ക് ഒരു എയ്സ് പോലെയെത്തിയ ജോക്കോ ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഇതാ വീണ്ടും ചോദിക്കുന്നു: ആരൊരാളെൻ കുതിരയെ കെട്ടുവാൻ, ആരൊരാളതിൻ മാർഗം മുടക്കുവാൻ..!
English Summary: Djokovic Extends Big Titles Lead Over Nadal, Federer