ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കം; ഇനി ‘കളിമൺ വിപ്ലവ’ത്തിന്റെ നാളുകൾ!
Mail This Article
പാരിസിലെ ഐഫൽ ഗോപുരത്തിന്റെ പശ്ചാത്തലത്തിൽ മുട്ടുകുത്തിയ ശേഷം പൂക്കൾ നീട്ടി ഓരോ വർഷവും ആയിരക്കണക്കിനാളുകളാണു തങ്ങളുടെ പങ്കാളികളോടു പ്രണയാഭ്യർഥന നടത്തുന്നത്. എന്നാൽ, അവിടെനിന്നു 4 കിലോമീറ്റർ മാത്രം അകലെയുള്ള, ഫ്രഞ്ച് ഓപ്പൺ വേദിയായ റൊളാങ് ഗാരോസിലെ കളിമൺ കോർട്ടുകൾ ലോകമെമ്പാടുമുള്ള ടെന്നിസ് താരങ്ങൾക്ക് ഒട്ടും റൊമാന്റിക്കായ അനുഭവമല്ല നൽകുന്നത്. കുത്തിയുയർന്ന് എങ്ങോട്ടു തിരിയുമെന്നറിയാത്ത പന്തുകളും കരുത്തോടെ റാക്കറ്റ് വീശിയാലും വേഗം കൈവരിക്കാത്ത ഷോട്ടുകളും ചെളിയിൽ കാലൂന്നി ഉദ്ദേശിച്ച പൊസിഷനിൽ എത്തിച്ചേരാനാകാത്തതും ആരെയും പരീക്ഷിക്കും. കായികശേഷിയും മസിൽ പവറും മാറ്റുരയ്ക്കുന്ന ഫ്രഞ്ച് ഓപ്പണിൽ, മറ്റെല്ലായിടത്തും വിജയങ്ങൾ കൊയ്ത വമ്പന്മാർ തട്ടിവീണിട്ടുണ്ട്; റാഫേൽ നദാൽ ഒഴികെ.
21–ാം ഗ്രാൻസ്‌ലാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്കു റാക്കറ്റ് വീശുന്ന നദാലിന്റെ പോരാട്ടവീര്യത്തിന് ആരു തടയിടും എന്നതാണ് ഇന്ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ പ്രധാന ചർച്ചാവിഷയം. ആഴ്ചകൾക്കു മുൻപ് മറ്റൊരു കളിമൺ കോർട്ടിൽ നടന്ന ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി നദാൽ നയം വ്യക്തമാക്കിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കലാശപ്പോരാട്ടത്തിലും നദാലിനോടു തോറ്റ ജോക്കോവിച്ച് പകരം വീട്ടാനാണു വരുന്നത്. സെർബ് താരം 19–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്നു. 15 മാസത്തെ ഇടവേളയ്ക്കു ശേഷം റോജർ ഫെഡറർ ഗ്രാൻസ്‌ലാം ടൂർണമെന്റിലേക്കു തിരിച്ചെത്തുകയാണെങ്കിലും ഓഗസ്റ്റിൽ 40 വയസ്സ് തികയുന്ന അദ്ദേഹം കളിമൺ കോർട്ടിൽ മിടുക്കു കാട്ടുമെന്നു കടുത്ത ആരാധകർ പോലും പ്രതീക്ഷിക്കുന്നില്ല.
ആദ്യമായാണു ഗ്രാൻസ്‌ലാം ടൂർണമെന്റിൽ നദാൽ, ജോക്കോവിച്ച്, ഫെഡറർ എന്നിവർ ഫിക്സ്ചറിന്റെ ഒരേ പകുതിയിൽ വരുന്നത്. മൂവരിൽ ഒരാൾ മാത്രമേ ഫൈനലിൽ എത്തൂ എന്നാണ് ഇതിനർഥം. എടിപി റാങ്കിങ്ങിൽ ജോക്കോവിച്ച് ഒന്നാമതും നദാൽ മൂന്നാമതും ഫെഡറർ എട്ടാമതും ആയതാണു കാരണം. അതേസമയം, രണ്ടാം സീഡ് ഡാനിൽ മെദ്‌വദേവും മുൻപു 2 തവണ ഫൈനലിലെത്തിയ ഡൊമിനിക് തീമും ഗ്രീക്ക് താരം സ്റ്റെഫാനസ് സിറ്റ്സിപാസും കിരീടപ്രതീക്ഷയോടെയാണു വരുന്നത്.
വനിതകളിൽ സെറീന വില്യംസും 24–ാം ഗ്രാൻസ്‌ലാം കിരീടമെന്ന ചരിത്രനേട്ടത്തിൽ കണ്ണുവയ്ക്കുന്നു. നിലവിലെ ചാംപ്യൻ ഇഗ സ്വിയാടെക് കിരീടം നിലനിർത്താനാണു കൂടുതൽ സാധ്യതയെങ്കിലും മികച്ച ഫോമിലുള്ള നവോമി ഒസാകയെയും ഒന്നാം റാങ്കുകാരി ആഷ്‌ലി ബാർട്ടിയെയും മറികടക്കേണ്ടതുണ്ട്.
∙ റൊളാങ് ഗാരോസ് എന്ന പൈലറ്റ്
ഫ്രഞ്ച് ഓപ്പൺ നടക്കുന്ന വേദിയാണ് റൊളാങ് ഗാരോസ്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഫൈറ്റർ പൈലറ്റ് റൊളാങ് ഗാരോസിന്റെ സ്മരണാർഥമാണ് 1928ൽ സ്റ്റേഡിയത്തിന് ഈ പേരു നൽകിയത്. 21 ഏക്കർ സ്റ്റേഡിയം കോംപ്ലക്സിൽ ചെറുതും വലുതുമായി 20 കോർട്ടുകളുണ്ട്.
∙ നദാലിന്റെ കപ്പ്
റഫേൽ നദാലാണ് ഫ്രഞ്ച് ഓപ്പണിൽ ഏറ്റവുമധികം തവണ ചാംപ്യനായ പുരുഷതാരം; 13 കിരീടങ്ങൾ. ഇത്തവണയും ജേതാവായാൽ തുടർച്ചയായ 5–ാം കിരീടം.
∙ വനിതകളിൽ എവേർട്ട്
2007നു ശേഷം വനിതാ താരങ്ങളാരും ഫ്രഞ്ച് ഓപ്പൺ നിലനിർത്തിയിട്ടില്ല. വനിതകളിൽ ഏറ്റവുമധികം തവണ ജേതാവായത് യുഎസ് താരം ക്രിസ് എവേർട്ട്; 7 കിരീടങ്ങൾ.
∙ മിണ്ടില്ല, ഒസാക!
4 ഗ്രാൻസ്‍ലാമുകൾ നേടിയ ജപ്പാൻ താരം നവോമി ഒസാക ഇത്തവണ മത്സരങ്ങൾക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കില്ല. മാനസികാരോഗ്യം നിലനിർത്താനാണു തീരുമാനമത്രേ. ഒഴിവാക്കുന്ന ഓരോ പത്രസമ്മേളനത്തിനും താരങ്ങളിൽ നിന്ന് 20000 ഡോളർ വരെ പിഴ ഈടാക്കാമെന്നാണു ഗ്രാൻസ്‌ലാം നിയമം.
∙ 65,000
ഫ്രഞ്ച് ഓപ്പണിനായി മാത്രം ‘വിൽസൻ സ്പോർട്ടിങ് ഗുഡ്സ്’ ഡിസൈൻ ചെയ്ത പന്തുകളാണ് കഴിഞ്ഞ വർഷം മുതൽ ഉപയോഗിക്കുന്നത്. ഓരോ വർഷവും 65,000 പന്തുകളാണു വേണ്ടിവരിക.
∙ കളിമണ്ണ് കളിവാക്ക്
റൊളാങ് ഗാരോസിനെ കളിമൺ കോർട്ടെന്നാണു പറയുന്നതെങ്കിലും നിർമാണത്തിന് യഥാർഥ കളിമണ്ണ് ഉപയോഗിക്കുന്നില്ല. ചുണ്ണാമ്പ് കല്ലുകൾക്കു മുകളിൽ ഇഷ്ടികപ്പൊടി വിതറിയാണ് കോർട്ടിന്റെ പ്രതലം സൃഷ്ടിക്കുന്നത്. ഓരോ കോർട്ടിനും 5 ലെയറുകളിലായി 80 സെന്റീമീറ്റർ ആഴമുണ്ട്.
English Summary: French Open Tennis 2021 Begins Today