ADVERTISEMENT

പാരിസ് ∙ ആഷ്‍ ബാർട്ടിയുടെ അപ്രതീക്ഷിത വിരമിക്കലിനുശേഷം വനിതാ ടെന്നിസിൽ പുതിയ ചാംപ്യനെ തേടുന്ന ആരാധകർക്ക് ഇഗ സ്യാംതെക്കിന്റെ ഉറച്ച മറുപടി; ഇതാ ഞാൻ. യുഎസിന്റെ കൗമാര താരം കൊക്കോ ഗോഫിന്റെ വെല്ലുവിളികളെ അനായാസം അതിജീവിച്ച്, 21 വയസ്സുകാരി ഇഗ കരിയറിലെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി. സ്കോർ: 6–1, 6–3.

ബാർട്ടിയുടെ വിരമിക്കലിനുശേഷം കഴിഞ്ഞ ഏപ്രിലിൽ ലോക ഒന്നാം റാങ്കുകാരിയായി മാറിയ പോളണ്ടുകാരി അതിനുശേഷമുള്ള ആദ്യ ഗ്രാൻസ്‍ലാം തന്നെ വിജയിച്ചാണു വനിതാ ടെന്നിസിലെ പുതിയ സൂപ്പർതാരമായി മാറിയത്. 2020 ഫ്രഞ്ച് ഓപ്പണിലായിരുന്നു ഇഗയുടെ ആദ്യ കിരീടം. സീസണിൽ പരാജയമറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കിയ താരം ഈ നേട്ടത്തിൽ അമേരിക്കൻ താരം വീനസ് വില്യംസിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.

68 മിനിറ്റ്. ഫ്രഞ്ച് ഓപ്പണിൽ തന്റെ രണ്ടാം കിരീടമുറപ്പിക്കാൻ ഇഗയ്ക്ക് ഇന്നലെ അത്രയും സമയമേ വേണ്ടിവന്നുള്ളൂ. വമ്പൻ താരങ്ങളെ അട്ടിമറിച്ച് ആദ്യ ഗ്രാൻസ്‌ലാം ഫൈനലിൽ ഇടം നേടിയ പതിനെട്ടുകാരി കൊക്കോ ഗോഫിന് പക്ഷേ കലാശ പോരാട്ടത്തിൽ അടിതെറ്റി. സമ്മർദത്തിന് അടിപ്പെട്ട താരം നിരന്തരം പിഴവുകൾ വരുത്തി. അവസരം മുതലെടുത്ത ഇഗ തുടക്കം മുതൽ കരുത്തേറിയ ബാക്ക് ഹാൻഡ് ഷോട്ടുകളുമായി കളംനിറഞ്ഞു. ഗോഫിന്റെ 2 സെർവുകൾ ബ്രേക്ക് ചെയ്ത് 3–0ന് മുന്നിലെത്തിയ താരം 32 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് പിടിച്ചെടുത്തു.

iga-trophy-1

രണ്ടാം സെറ്റിൽ 2–0ന് മുന്നിലെത്തിയ ഗോഫ് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടി. പക്ഷേ അതിനുശേഷം തുടർച്ചയായ 5 ഗെയിമുകൾ നേടി ഇഗ മുന്നിലെത്തി. 6–3ന് സെറ്റും മത്സരവും സ്വന്തമാക്കി. ടൂർണമെന്റിൽ ഒരു സെറ്റു മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ലോക ഒന്നം നമ്പർ താരം കരിയറിലെ രണ്ടാം ഗ്രാൻസ്‌ലാം കിരീടത്തിലേക്കു കുതിച്ചത്. ഈ സീസണിൽ തുടർച്ചയായി മത്സരിച്ച 6 എടിപി ടൂർണമെന്റുകളിലും കിരീടമെന്ന നേട്ടവും ഇഗയ്ക്കു സ്വന്തമായി.

ഇഗയുടെ തൊപ്പിയിൽ യുക്രെയ്ൻ പതാക

അയൽരാജ്യമായ യുക്രെയ്നിനു പരസ്യ പിന്തുണയറിയിച്ച് പോളണ്ടുകാരി ഇഗ സ്യാംതെക്ക്. ടൂർണമെന്റിലുടനീളം യുക്രെയ്ൻ പതാകയുടെ നിറമുള്ള റിബൺ തൊപ്പിയിൽ കുത്തിവച്ചാണ് ഇഗ മത്സരിച്ചത്. ‘‘യുക്രെയ്നിനെ കുറിച്ച് എനിക്കു ചിലതു പറയാനുണ്ട്. യുക്രെയ്ൻ കരുത്തോടെ തുടരണം, യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല– ഫൈനൽ മത്സരത്തിനുശേഷം ഇഗ പറഞ്ഞു.

English Summary: Iga Swiatek vs Coco Gauff French Open 2022 Women's Singles Final - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com