ADVERTISEMENT

ന്യൂയോർക്ക് ∙വനിതാ ടെന്നിസിലെ വൻമരങ്ങൾ ഫ്ലഷിങ് മെഡോസിൽ കടപുഴകി വീണു.വിമ്പിൾഡൻ വനിതാ സിംഗിൾസ് ചാംപ്യൻ എലേന റിബകീന, ജപ്പാൻ താരം നവോമി ഒസാക, നിലവിലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാംപ്യൻ ബ്രിട്ടിഷ് താരം എമ്മ റഡുകാനു, വെറ്ററൻ താരം വീനസ് വില്യംസ് എന്നിവർ ആദ്യ റൗണ്ടിൽത്തന്നെ പരാജയം രുചിച്ചു മടങ്ങി. പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ രണ്ടാം റൗണ്ടിലേക്കു കടന്നുകൂടിയത് 3 മണിക്കൂറും 4 സെറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ്. അതേസമയം, വനിതാ വിഭാഗം ലോക ഒന്നാം നമ്പർ ഇഗ സ്യാംതെക്, പുരുഷ വിഭാഗം മൂന്നാം സീഡ് കാർലോസ് അൽകാരസ് തുടങ്ങിയവർ അനായാസം രണ്ടാം റൗണ്ടിൽ കടന്നു.

naomi-osaka
നവോമി ഒസാക

ഫ്രഞ്ച് താരങ്ങളാണ് റഡുകാനുവിനെയും റിബകീനയെയും കീഴടക്കിയത്. ആലിസ് കോർണെറ്റിനെതിരെ 6–3, 6–3നാണ് റഡുകാനുവിന്റെ തോൽവി. യോഗ്യതാ റൗണ്ടിലൂടെയെത്തിയ ക്ലാര ബുറെലിനെതിരെയാണ് കസഖ്സ്ഥാൻ താരം റിബകീനയുടെ അപ്രതീക്ഷിത പരാജയം (6–4, 6–4). യുഎസിന്റെ ഡാനിയൽ കോളിൻസ് 7–6(7–5), 6–3ന് ഒസാകയെ മറികടന്നു. ഇറ്റലിയുടെ ജാസ്മിൻ പവോലിനിക്കെതിരെയാണ് സ്യാംതെകിന്റെ വിജയം(6–3, 6–0). ബൽജിയത്തിന്റെ ആലിസൺ‌ വാൻ ഉയ്റ്റ്‌വാൻക് 6–1, 7–6ന് വീനസ് വില്യംസിനെ വീഴ്ത്തി.

മുൻ ചാംപ്യനും ബെലാറൂസ് താരവുമായ വിക്ടോറിയ അസരങ്കയും വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിലെത്തി. യുഎസ് താരം സോഫിയ കെനിൻ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി.ഓസ്ട്രേലിയയുടെ വൈൽഡ് കാർഡ് താരം റിങ്കി ഹജികാറ്റയ്ക്കെതിരെയായിരുന്നു നദാലിന്റ ആവേശപ്പോരാട്ടം. ആദ്യ സെറ്റ് 4–6നു വഴങ്ങിയ മുൻ ചാംപ്യൻ നദാൽ തുടർന്നുള്ള 3 സെറ്റുകൾ 6–2, 6–3, 6–3 എന്ന നിലയിൽ പിടിച്ചെടുത്തു. 

അട്ടിമറികളോട് ബൈ പറഞ്ഞ് സാം ക്വെറി 

വൻതാരങ്ങളെ അട്ടിമറിച്ച് വിസ്മയം സൃഷ്ടിച്ച യുഎസ് താരം സാം ക്വെറി ടെന്നിസിൽനിന്നു വിരമിച്ചു. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ബെലാറൂസിന്റെ ഇലിയ ഇവാഷ്കയ്ക്കെതിരെയായിരുന്നു അവസാന മത്സരം. ഇലിയ 4–6, 6–4, 7–6, 6–3നു ജയിച്ചു. നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, ആൻഡി മറെ തുടങ്ങിയവരാണ് മുപ്പത്തിനാലുകാരനായ ക്വെറിയുടെ ഇരകളിൽ പ്രമുഖർ. എടിപി റാങ്കിങ്ങിൽ 11‍–ാം സ്ഥാനത്തുവരെ എത്തിയിരുന്ന ക്വെറി 2017ൽ മറെയെ അട്ടിമറിച്ച് വിമ്പിൾ‍‍ഡൻ സെമിയിലെത്തിയിരുന്നു. 2016ൽ വിമ്പിൾഡൻ പ്രീക്വാർട്ടറിൽ ജോക്കോവിച്ചിനെയും കീഴടക്കി. 2017ൽ യുഎസ് ഓപ്പണിലും 2019 വിമ്പിൾ‍ഡനിലും ക്വാർട്ടറിലെത്തിയിട്ടുണ്ട്.

venus-williams
വീനസ് വില്യംസ്

ഒന്നും മിണ്ടാതെ വീനസ്

ബൽജിയം താരം ആലിസൺ വാൻ ഉയ്റ്റ്‌വാൻകിനെതിരെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് വീനസ് വില്യംസ് മടങ്ങുമ്പോൾ ഫ്ലഷിങ് മെഡോസിലെ ഗാലറിയിൽ ഭൂരിഭാഗവും കാലിയായിരുന്നു. പക്ഷേ, ഇനിയൊരു അങ്കത്തിനായി ഇതേ സ്റ്റേഡിയത്തിലേക്കു നാൽപത്തിരണ്ടുകാരി വീനസ് തിരിച്ചെത്തുമോ എന്ന് അവിടെ ഉണ്ടായിരുന്നവരിൽ മിക്കവരും ചിന്തിച്ചു കാണും. പ്രഫഷനൽ ടെന്നിസിനോടു വിടവാങ്ങുകയാണെന്ന് രണ്ടുവയസ്സിന് ഇളയ സഹോദരി സെറീന വില്യംസ് നേരത്തേ തന്നെ സൂചന നൽകിയിരുന്നു. എന്നാൽ, തന്റെ ഭാവിയെക്കുറിച്ച് ഒരു സൂചന പോലും നൽകാതെയാണ് നാൽപത്തിരണ്ടുകാരിയായ വീനസ് മടങ്ങിയത്.

English Summary: US Open 2022: Past champs Naomi Osaka, Emma Raducanu, Venus Williams ousted in first round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com