ADVERTISEMENT

പുരുഷ ടെന്നിസിലെ വലിയ വിജയങ്ങൾ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർക്കു വട്ടം ചുറ്റി നിന്നപ്പോൾ  വനിതാ ടെന്നിസിലെ ഫെഡററും നദാലും ജോക്കോയുമെല്ലാം സെറീന തന്നെയായിരുന്നു. ടെന്നിസ് കരിയറിൽ സെറീനയുടെ വലിയ എതിരാളി സഹോദരി വീനസ് തന്നെയായിരുന്നു. സിംഗിൾസ് മത്സരങ്ങളിൽ 31 തവണ ഇരുവരും ഏറ്റുമുട്ടി. 19 മത്സരങ്ങളിൽ സെറീനയും 12 മത്സരങ്ങളിൽ വീനസും വിജയിച്ചു.      

തോളുവിരിച്ച് തല ഉയർത്തിയാണു സെറീന എപ്പോഴും നടക്കുക. ജേതാവിന്റെ ഭാവം. 3 സെറ്റ് പോരാട്ടത്തിൽ എനിക്കായിരുന്നു വിജയം. ഞാൻ വിമ്പിൾഡൻ പുൽക്കോർട്ടിൽ മുട്ടുകുത്തി കൈകളുയർത്തി. സെറീന ഹസ്തദാനത്തിനായി കൈ നീട്ടുമെന്നാണു കരുതിയത്. പക്ഷേ, അവരെന്നെ കെട്ടിപ്പിടിച്ചു. അതു തീരെ പ്രതീക്ഷിച്ചതല്ല. ഞാൻ എന്നെത്തന്നെ മറന്നുപോയ നിമിഷം...’

സെറീനയുടെ എക്കാലത്തെയും മികച്ച എതിരാളി മരിയ ഷറപ്പോവയുടെ വാക്കുകളാണിത്. 2004 വിമ്പിൾഡൻ ഫൈനലിനെ പരാമർശിച്ചായിരുന്നു തന്റെ ആത്മകഥയിൽ, തോൽക്കുമ്പോഴും സെറീന എങ്ങനെ ജേതാവാകുന്നുവെന്ന് ഷറപ്പോവ എഴുതിയത്.

1999ൽ യുഎസ് ഓപ്പൺ ജേതാവാകുമ്പോൾ 17 വയസ്സായിരുന്നു സെറീനയുടെ പ്രായം. 23 വർഷങ്ങൾക്കു ശേഷം അതേ ഗ്രൗണ്ടിൽ നിന്നു വിടവാങ്ങുമ്പോൾ ടെന്നിസ് താരമെന്ന നിലയിൽനിന്ന് ഒരു പ്രതീകമായി സെറീന വില്യംസ് വളർന്നു പടർന്നു. ലോകമെന്ന ടെന്നിസ് ഗാലറി അതു കണ്ട് എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു.  

ചരിത്രപരമായ ചിരവൈരികളെ എക്കാലത്തും സമ്മാനിച്ചിട്ടുണ്ട്, ടെന്നിസ്. മാർട്ടിന നവരത്‌ലോവ– ക്രിസ് എവർട്ട്, മാർട്ടിന–സ്റ്റെഫിഗ്രാഫ്, സ്റ്റെഫി–മോണിക്ക സെലഷ്  എന്നിവർ അതിൽ ചിലതു മാത്രം. എന്നാൽ, സെറീന വില്യംസിന്റെ അധീശത്വ നാളുകളിൽ ഷറപ്പോവയുടെ ദുർബലമായ വെല്ലുവിളികളൊഴിച്ചാൽ അതൊരു അശ്വമേധമായിരുന്നു. പുരുഷ ടെന്നിസിലെ വലിയ വിജയങ്ങൾ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർക്കു വട്ടം ചുറ്റി നിന്നപ്പോൾ  വനിതാ ടെന്നിസിൽ ഫെഡററും നദാലും ജോക്കോയുമെല്ലാം സെറീന തന്നെയായിരുന്നു. 

serena-williams
സെറീന വില്യംസ് (Photo by ANGELA WEISS / AFP)

 ‘കളി കാണാൻ ആളു കൂടണമെങ്കിൽ നിങ്ങൾ സുന്ദരിയാകണമെന്നില്ല. അതേസമയം മികച്ച കായികതാരമെങ്കിൽ നിങ്ങൾ വനിതയല്ലെന്നും അർഥമില്ല ’’– മാർട്ടിനയുടെ മുനയുള്ള വാക്കുകൾ സെറീനയുടെ ജീവിതവുമായാണ് കൂടുതൽ ചേർന്നു നിൽക്കുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നാറുമുണ്ട്. ഓപ്പൺ കാലഘട്ടത്തിൽ ഗ്രാൻസ്‌ലാം കിരീടം നേടിയ ആദ്യ ആഫ്രിക്കൻ–അമേരിക്കൻ വനിതയാണ് സെറീന വില്യംസ്. എന്നാൽ ടെന്നിസിലെ ആ യാത്രകൾ അത്ര സുഗമമായിരുന്നില്ല. കളത്തിൽ എതിരാളികളെ നിർദാക്ഷിണ്യം നേരിട്ട സെറീനയ്ക്ക് കളത്തിനു പുറത്ത് പലവട്ടം വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്.  

2001 ഇന്ത്യാനവെൽസ് ടെന്നിസ് ഫൈനലിൽ തന്നെ നിരന്തരം കൂവിയ കാണികളോടു സെറീന പ്രതിഷേധിച്ചത് പിന്നീട് 13 വർഷം ആ ടൂർണമെന്റിൽ നിന്നു വിട്ടുനിന്നാണ്.തന്റേതായ രീതിയിലുള്ള ചെറുത്തുനിൽപ്പുകളാണു സെറീനയെ വ്യത്യസ്തയാക്കിയത്.     ഗർഭാവസ്ഥ സ്ഥീരികരിച്ചിട്ടും ഓസ്ട്രേലിയൻ ഓപ്പണിലിറങ്ങി കിരീടം നേടിയ സെറീന സ്ത്രീയ്ക്കു സഹജമായി ദൗർബല്യമില്ല എന്ന് ഉറക്കെപ്പറഞ്ഞു. സെറീന റാക്കറ്റ് താഴെ വയ്ക്കുമ്പോൾ ‘ ഷീറോ ’ എന്ന് അഭിനന്ദിച്ച ഓപ്രവിൻഫ്രിയും യാത്ര തുടരുകയെന്ന് ആശംസിച്ച മിഷേൽ ഒബാമയും ആ ചരിത്രനിമിഷങ്ങളുടെ സ്പന്ദനം ഏറ്റുവാങ്ങുന്നു.

English Summary: Serena Williams Swan Song: Athletes, celebrities react to tennis legend’s retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com