ഗോഡ് ഓഫ് സ്മോൾ തിങ്സ്, യുഎസ് ടെന്നിസിലെ പുത്തൻ താരോദയം
Mail This Article
സ്റ്റോപ് ഗൺ വയലൻസ് (തോക്കുകൾ ഉപയോഗിച്ചുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കൂ)– കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സെമിഫൈനൽ ജയത്തിനു ശേഷം കോർട്ടിൽ തൊട്ടടുത്തുണ്ടായ ക്യാമറയുടെ ലെൻസിൽ കൊക്കോ ഗോഫ് ഇങ്ങനെ എഴുതി. യുഎസിലെ ടെക്സസ് റോബ് എലിമെന്ററി സ്കൂളിൽ 21 പേരുടെ മരണത്തിനു കാരണമായ വെടിവയ്പിനെതിരെ ഒരു പതിനെട്ടുകാരിയുടെ പ്രതിഷേധമായിരുന്നു അത്.
പിന്നീട് യുഎസിൽ തോക്ക് ലൈസൻസ് നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനു വരെ ഗോഫിന്റെ ഈ പ്രതിഷേധം കാരണമായി. കളിയായാലും കാര്യമായാലും പ്രായത്തിൽ കവിഞ്ഞ പക്വതയാണ് കൊക്കോ ഗോഫിന്റെ പ്രത്യേകത. തന്റെ കന്നി യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടവുമായി ആർതർ ആഷ് സ്റ്റേഡിയത്തിൽ തലയുയർത്തി നിൽക്കുമ്പോൾ, വില്യം സഹോദരിമാർക്കു (സെറീന വില്യംസ്, വീനസ് വില്യംസ്) ശേഷം യുഎസ് ടെന്നിസിനെ തോളേറ്റാൻ ആരുണ്ടെന്ന ചോദ്യത്തിന് ഗോഫ് മറുപടി പറയാതെ പറഞ്ഞുകഴിഞ്ഞു.
ഗോഫിന്റെ ഉദയം
2019ൽ, പതിനഞ്ചാം വയസ്സിൽ വിമ്പിൾഡൻ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചുകൊണ്ടാണ് കൊക്കോ ഗോഫ് ടെന്നിസ് ആരാധകരുടെ ശ്രദ്ധ നേടിയത്. ആദ്യ മത്സരത്തിൽ വീനസ് വില്യംസിനെ തോൽപിച്ച ഗോഫ്, ടെന്നിസ് ലോകത്തെ ഞെട്ടിച്ചു. അന്നു ടൂർണമെന്റിന്റെ നാലാം റൗണ്ടുവരെ മുന്നേറിയ ഗോഫ്, ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡുമായാണ് വിമ്പിൾഡനിൽ നിന്നു മടങ്ങിയത്.
ഗ്രാൻസ്‌ലാം മോഹം
കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ സ്വപ്നതുല്യമായ കുതിപ്പുമായാണ് ഗോഫ് ഫൈനൽ വരെയെത്തിയത്. എന്നാൽ ഫൈനലിൽ പോളണ്ടുകാരി ഇഗ സ്യാംതെക്കിനോട് ദയനീയ പരാജയം (6–1, 6–3) ഏറ്റുവാങ്ങി. പക്ഷേ, ഗോഫ് തളർന്നില്ല. ഡബ്ല്യുടിഎ ടൂർണമെന്റുകളിൽ തുടർച്ചയായി കിരീടങ്ങൾ സ്വന്തമാക്കി മുന്നോട്ടു കുതിച്ചു. അപ്പോഴും ഒരു ഗ്രാൻസ്‌ലാം കിരീടമെന്ന മോഹം ബാക്കി. ഒടുവിലിതാ സ്വന്തം നാട്ടുകാരെ സാക്ഷിയാക്കി അതും ഗോഫ് നേടിയെടുത്തിരിക്കുന്നു.
English Summary: Coco Gauff is the new star of US tennis