ഒ!സാക്ക, ഓസ്ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത്
Mail This Article
മെൽബൺ ∙ ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിലെ ആദ്യ മേജർ ചാംപ്യൻഷിപ്പിൽ നവോമി ഒസാക്കയ്ക്കു നിരാശയോടെ മടക്കം. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ആദ്യറൗണ്ടിൽ ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയാണ് ജപ്പാൻ താരം ഒസാക്കയെ വീഴ്ത്തിയത് (4–6,6–7). പ്രസവ അവധിയെടുത്ത് 2022 യുഎസ് ഓപ്പണിനു ശേഷം കോർട്ടിൽനിന്നു വിട്ടുനിൽക്കുന്ന ഒസാക്കയുടെ ഗ്രാൻസ്‌ലാമിലെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.
കഴിഞ്ഞ ജൂലൈയിലാണ് ഒസാക്കയ്ക്കും പങ്കാളി കോർഡെയ്ക്കും മകൾ പിറന്നത്. ‘‘ഒസാക്കയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. അമ്മയായതിനു ശേഷം ആറു മാസത്തിനുള്ളിൽ തന്നെ കോർട്ടിൽ ഇറങ്ങിയതിന്റെ ക്ഷീണമൊന്നും അവർക്കുണ്ടായിരുന്നില്ല..’’– മത്സരശേഷം എതിരാളി ഗാർഷ്യയുടെ വാക്കുകൾ. രണ്ടു തവണ വീതം ഓസ്ട്രേലിയൻ ഓപ്പണിലും യുഎസ് ഓപ്പണിലും ജേതാവായിട്ടുള്ള മുൻ ലോക ഒന്നാം നമ്പർ താരം ഒസാക്ക നിലവിൽ 831–ാം സ്ഥാനത്താണ്.
എങ്കിലും 16–ാം റാങ്കുകാരിയായ ഗാർഷ്യയ്ക്കെതിരെ രണ്ടാം സെറ്റ് ടൈബ്രേക്കർ വരെ നീട്ടാൻ ഒസാക്കയ്ക്കു കഴിഞ്ഞു. പുരുഷന്മാരിൽ 3–ാം സീഡ് ഡാനിൽ മെദ്‌വദെവ്, 7–ാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരും വനിതകളിൽ 4–ാം സീഡ് കൊക്കോ ഗോഫ്, 6–ാം സീഡ് ഒൻസ് ജാബർ, 10–ാം സീഡ് ബിയാട്രിസ് ഹദാദ് മിയ തുടങ്ങിയവരും ഇന്നലെ രണ്ടാം റൗണ്ടിലെത്തി.