ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ടോപ് സീഡ് താരങ്ങൾ കുതിപ്പുതുടരുന്നു. സ്പെയിനിന്റെ കാർലോസ് അൽകാരസ്, റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവർ ക്വാർട്ടറിൽ കടന്നു. നാലാം റൗണ്ടിൽ സെർബിയൻ താരം മിമിർ കെസമനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–4, 6–4, 6–0) രണ്ടാം സീഡ് അൽകാരസ് മറികടന്നത്. മത്സരത്തിന്റെ ഒരുഘട്ടത്തിൽപോലും ഇരുപതുകാരൻ അൽകാരസിനു വെല്ലുവിളിയുയർത്താൻ സെർബിയൻ താരത്തിനു സാധിച്ചില്ല. പോർച്ചുഗൽ താരം ന്യൂനോ ബോർഹസിനെയാണ് മൂന്നാം സീഡ് മെദ്‌വദേവ് തോൽപിച്ചത് (6-3, 7-6, 5-7, 6-1). വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ ടൈബ്രേക്കറിൽ മറികടന്നാണ് ആറാം സീഡ് അലക്സാണ്ടർ സ്വരേവ് ക്വാർട്ടർ ഉറപ്പിച്ചത്. സ്കോർ: 7-5, 3-6, 6-3, 4-6, 7-6.

ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ– ഓസ്ട്രേലിയയുടെ മാത്യു എബ്ദൻ സഖ്യം ക്വാർട്ടറിൽ കടന്നു. നെതർലൻഡ്സിന്റെ വെസ്‌ലി കൂൾവോഫ്– ക്രൊയേഷ്യയുടെ നികോല മെക്ടിച്ച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് (7-6, 7-6) രണ്ടാം സീഡ് ബൊപ്പണ്ണ– എബ്ദൻ സഖ്യം മറികടന്നത്. ആറാം സീഡ് അർജന്റീനയുടെ മാക്സിമോ ഗോൺസാലസ്– ആന്ദ്രേസ് മൊൽടേനി സഖ്യമാണ് ക്വാർട്ടറിൽ ബൊപ്പണ്ണ– എബ്ദൻ സഖ്യത്തിന്റെ എതിരാളി.

വനിതകളിൽ അട്ടിമറി

വനിതാ സിംഗിൾസിൽ ക്വാളിഫയർ ജയിച്ചെത്തിയ യുക്രെയ്ൻ താരം ഡയാന യസ്ട്രംസ്ക ക്വാർട്ടറിൽ കടന്നു. നാലാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ താരം ബെലാറൂസിന്റെ വിക്ടോറിയ അസറങ്കയെയാണ് 93–ാം റാങ്കുകാരി ഡയാന അട്ടിമറിച്ചത്. സ്കോർ: 7–6, 5–4. നേരത്തേ, വിമ്പിൾഡൻ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വാന്ദ്രസോവയും ഡയാനയ്ക്കു മുന്നിൽ വീണിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ലിൻഡ നൊസ്കോവയാണ് ക്വാർട്ടറിൽ ഡയാനയുടെ എതിരാളി. നാലാം റൗണ്ട് മത്സരത്തിനിടെ യുക്രെയ്ൻ താരം എലിന സ്വിറ്റോലിന പരുക്കേറ്റു പിൻമാറിയതോടെയാണ് ലിൻഡ ക്വാർട്ടർ ഉറപ്പിച്ചത്. ചൈനയുടെ സെങ് ക്വിൻവെൻ, റഷ്യയുടെ അന്ന കലിൻസ്കയ എന്നിവരാണ് വനിതാ സിംഗിൾസിൽ ക്വാർട്ടർ കടന്ന മറ്റു താരങ്ങൾ.

English Summary:

Australian Open tennis updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com