മെൽബണിലെ തുടർച്ചയായ 33–ാം ജയം; ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ
Mail This Article
മെൽബൺ ∙ 25–ാം ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന ചരിത്രത്തിനും ജോക്കോവിച്ചിനും ഇടയിൽ ഇനി 2 വിജയങ്ങളുടെ അകലം മാത്രം. ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ 12–ാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിന്റെ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് (7-6, 4-6, 6-2, 6-3) കരിയറിലെ 48–ാം ഗ്രാൻസ്‌ലാം സെമിഫൈനലിന് ജോക്കോ യോഗ്യത നേടി. ഓസ്ട്രേലിയൻ ഓപ്പണിൽ പരാജയമറിയാതെ തുടരെ 33 മത്സരങ്ങൾ പൂർത്തിയാക്കിയ ജോക്കോവിച്ച് ഈ നേട്ടത്തിൽ മോണിക്ക സെലസിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. സെമിയിൽ നാലാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറാണ് സെർബിയൻ താരത്തിന്റെ എതിരാളി. അഞ്ചാം സീഡ് ആന്ദ്രെ റുബ്‌ലേവിനെ മറികടന്നാണ് (6–4, 7–6, 6–3) സിന്നറുടെ മുന്നേറ്റം.
വനിതാ സിംഗിൾസിലെ ആദ്യ സെമിയിൽ യുഎസ് ഓപ്പൺ ചാംപ്യൻ കോക്കോ ഗോഫും രണ്ടാം സീഡ് അരീന സബലേങ്കയും ഏറ്റുമുട്ടും. 3 മണിക്കൂർ നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഗോഫ്, യുക്രെയ്ൻ താരം മാർത്ത കോസ്റ്റ്യൂക്കിനെ പൊരുതി തോൽപിച്ചപ്പോൾ (7-6, 6-7, 6-2) സബലേങ്ക, ഒൻപതാം സീഡ് ബാർബറ കെജ്രിക്കോവയ്ക്കെതിരെ അനായാസ ജയം നേടി (6-2, 6-3). മെൽബണിലെ നിലവിലെ ചാംപ്യനായ സബലേങ്ക ഇന്നലെ 71 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കി.