ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക
Mail This Article
മെൽബൺ ∙ അദ്ഭുതങ്ങളോ അട്ടിമറിയോ സംഭവിച്ചില്ല, ടൂർണമെന്റിലെ തന്റെ സർവാധിപത്യം ഫൈനലിലും അരീന സബലേങ്ക തുടർന്നപ്പോൾ തുടർച്ചയായി രണ്ടാം തവണയും ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ ബെലാറൂസ് താരത്തിന്റെ മുത്തം. കന്നി ഗ്രാൻസ്‍ലാം ഫൈനൽ കളിക്കാനെത്തിയ ചൈനയുടെ ഷെൻ ക്വിൻവെന്നിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6-3, 6-2 ) സബലേങ്ക വീഴ്ത്തിയത്.
പതിവുപോലെ തന്റെ ഫിറ്റ്നസ് പരിശീലകൻ ജേസൻ സ്റ്റേസിയുടെ തലയിൽ നീട്ടിവലിച്ചൊരു ഒപ്പിട്ട ശേഷമാണ് ഫൈനൽ മത്സരത്തിനായി സബലേങ്ക ഇന്നലെ റോഡ് ലേവർ അരീനയിൽ ഇറങ്ങിയത്. പിന്നാലെ കോർട്ടിൽ എണ്ണം പറഞ്ഞ സെർവുകളും വെടിയുണ്ട കണക്കെ ഉതിർത്തുവിട്ട ബാക്ക് ഹാൻഡ് ഷോട്ടുകളുമായി ബെലാറൂസ് താരം നിറഞ്ഞു കളിപ്പോൾ, ഷെൻ ക്വിൻവെൻ അക്ഷരാർഥത്തിൽ കാഴ്ചക്കാരിയായി.
ഒടുവിൽ, നേരിട്ടുള്ള സെറ്റുകൾക്ക് ചൈനീസ് താരത്തെ അനായാസം കീഴടക്കിയ സബലേങ്ക, ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ 2013നു ശേഷം കിരീടം നിലനിർത്തുന്ന താരമെന്ന നേട്ടവും സ്വന്തം പേരിൽ കുറിച്ചു. നാട്ടുകാരിയായ വിക്ടോറിയ അസറെങ്കയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്.
ടീം സബലേങ്ക
ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ വാം അപ് ടൂർണമെന്റ് ഫൈനലിലെ തോൽവിക്കുപിന്നാലെ തന്റെ ടീമിനെ തമാശരൂപേണ സബലേങ്ക കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള ‘പ്രായശ്ചിത്തവും’ ഇരുപത്തിയഞ്ചുകാരി സബലേങ്ക ഇന്നലെ നടത്തി. ‘ എന്റെ ടീമംഗങ്ങൾക്ക് നന്ദി, ഈ വിജയത്തിൽ എന്റെ കൂടെ നിന്നതിന്. കഴിഞ്ഞ ടൂർണമെന്റിൽ നിങ്ങളെ ഞാൻ വേദനിപ്പിച്ചെന്നറിയാം. നിങ്ങളില്ലാതെ ഈ കിരീടം എനിക്കു നേടാനാകില്ല’– സബലേങ്ക പറഞ്ഞു.
ടൂർണമെന്റിലെ തന്റെ ആദ്യ മത്സരം മുതൽ ഫിറ്റ്നസ് പരിശീലകൻ ജേസന്റെ തലയിൽ മാർക്കർ പേനയുപയോഗിച്ച് ഒപ്പിടുന്ന ശീലം സബലേങ്ക തുടങ്ങിവച്ചിരുന്നു. ഒരു വിശ്വാസത്തിന്റെ പേരിലാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്നും മത്സരത്തിൽ തന്നെ ശാന്തയായി നിർത്താൻ ഇതു സഹായിക്കുന്നതായും സബലേങ്ക പറഞ്ഞിരുന്നു.