ADVERTISEMENT

ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി, കിരീട വിജയവുമായി. മെൽബൺ റോഡ് ലേവർ അരീനയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇറ്റലിയില്‍നിന്നുള്ള 22 വയസ്സുകാരൻ സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്‌സ്‍ലാം ഫൈനലിൽ കിരീടം ഉറപ്പിച്ചത്. ആദ്യ സെറ്റുകളിൽ കരുത്തുറ്റ പ്രകടനം നടത്തിയ ‌ഡാനിൽ മെദ്‍വദേവിനു മുന്നില്‍ മൂന്നും നാലും സെറ്റുകൾ സ്വന്തമാക്കിയാണ് സിന്നർ തിരിച്ചെത്തിയത്. അഞ്ചാം സെറ്റിലും താരം പൊരുതി നിന്നതോടെ മെദ്‍വദേവ് വീണു.

സെമിയിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു സിന്നറുടെ ഫൈനല്‍ പ്രവേശം. 25–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോവിച്ചിനെ സെമിയിൽ 1–6, 2–6, 7–6, 3–6 എന്ന സ്കോറിനാണ് സിന്നർ തകർത്തുവിട്ടത്. 2008ല്‍ നൊവാക് ജോക്കോവിച്ചിനു ശേഷം ഓസ്ട്രേലിയൻ ഓപ്പൺ വിജയിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് സിന്നർ. 2000ന് ശേഷം ജനിച്ച താരങ്ങളില്‍ ഗ്രാൻഡ്‌സ്‍ലാം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം കൂടിയായി സിന്നർ. കാർലസ് അൽകാരസാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.

തോൽവിയോടെ, ആദ്യ രണ്ടു സെറ്റുകൾ സ്വന്തമാക്കിയ ശേഷം രണ്ടു ഗ്രാൻഡ്സ്‍ലാമുകൾ തോല്‍ക്കുന്ന ആദ്യ താരമായി 27 വയസ്സുകാരൻ ഡാനിൽ മെദ്‍വദേവ്. രണ്ടു വർഷം മുൻപ് ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ മെദ്‍വദേവ് റാഫേൽ നദാലിനോടു സമാനമായ രീതിയില്‍ തോൽവി വഴങ്ങിയിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിൽ മെദ്‍വദേവിന്റെ മൂന്നാം തോൽവി കൂടിയാണിത്.

യാനിക് സിന്നർ മത്സരത്തിനിടെ. Photo: FB@AO
യാനിക് സിന്നർ മത്സരത്തിനിടെ. Photo: FB@AO

ആരാണ് സിന്നർ?

യാനിക് സിന്നർ എന്ന പേര് ടെന്നീസ് പ്രേമികൾക്കിടയിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. 2020 ഫ്രഞ്ച് ഓപ്പണിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയാണ് സിന്നർ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. കളിമൺ കോർട്ടിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. 2022 ലെ യുഎസ് ഓപ്പണിലും താരം അവസാന എട്ടിലെത്തി. 2023 ലെ വിമ്പിൾഡൻ സെമി ഫൈനൽ കളിച്ച താരം കൂടിയാണ് സിന്നർ.

യാനിക് സിന്നർ മത്സരത്തിനിടെ. Photo: FB@AO
യാനിക് സിന്നർ മത്സരത്തിനിടെ. Photo: FB@AO

2001 ഓഗസ്റ്റിൽ ഇറ്റലിയിലെ ഇനിചെനിലാണ് സിന്നറിന്റെ ജനനം. പിതാവ് യൊഹാന്‍ സിന്നർ ഇറ്റലിയിലെ ഒരു ഹോട്ടലിൽ ഷെഫായിരുന്നു. ഇതേ ഹോട്ടലിലെ വെയ്ട്രസായിരുന്നു മാതാവ് സിഗ്‍ലിന്ദെ. സ്കൂൾ കാലത്ത് ടെന്നിസിനു പുറമേ ഫുട്ബോൾ, നീന്തൽ, സ്കീയിങ് എന്നിവയിലും സിന്നർ കഴിവു തെളിയിച്ചിട്ടുണ്ട്. സ്കീയിങ്ങിൽ ഇറ്റലിയിൽ ദേശീയ ചാംപ്യൻഷിപ് ജയിച്ചിട്ടുണ്ട് സിന്നർ.

പിതാവിന്റെ നിർബന്ധത്തിലാണ് താരം പിന്നീട് ടെന്നിസിനു കൂടുതൽ പ്രാധാന്യം നൽകുന്നത്. റിക്കോർ‍ഡ് പിയറ്റി, മാസിമോ സർറ്റോറി എന്നിവർക്കു കീഴിലായിരുന്നു സിന്നറുടെ ടെന്നിസ് പരിശീലനം. 2019ൽ നെക്സ്റ്റ് ജനറേഷൻ എടിപി ഫൈനൽസ് ജയിച്ചതാണ് കരിയറിലെ ആദ്യത്തെ പ്രധാന കിരീടനേട്ടം. കഴിഞ്ഞ വർഷം കനേഡിയൻ ഓപ്പൺ വിജയിച്ച താരം, എടിപി ഫൈനൽസിലെത്തിയെങ്കിലും നൊവാക് ജോക്കോവിച്ചിനു മുന്നിൽ അടിപതറി.

English Summary:

Jannik Sinner sinks Daniil Medvedev to win first slam title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com