ADVERTISEMENT

രോഹൻ ബൊപ്പണ്ണയുടെ ചരിത്ര വിജയം ഇന്ത്യൻ കായിക മേഖലയ്ക്കു   വലിയ പ്രചോദനമാണെന്ന് അദ്ദേഹത്തിന്റെ ജൂനിയർ തലത്തിലെ പരിശീലകനും ബെംഗളൂരുവിലെ രോഹൻ ബൊപ്പണ്ണ ടെന്നിസ് അക്കാദമിയിലെ കൺസൽറ്റന്റുമായ ബാലചന്ദ്രൻ മാണിക്കത്ത്.

‘‘രോഹൻ ഓസ്ട്രേലിയൻ ഓപ്പൺ ജയിക്കുമെന്നു തന്നെയായിരുന്നു വിശ്വാസം. ക്വാർട്ടർ, സെമി ഫൈനലുകൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളും കണ്ടിരുന്നു. രാജ്യത്തിന്റെ പത്മശ്രീ ആദരം ലഭിച്ചതിനു പിന്നാലെയുള്ള ഈ നേട്ടം വളരെ മഹത്തരമാണ്. അദ്ദേഹത്തിന്റെ ജൂനിയർ തല പരിശീലകനെന്ന നിലയിൽ ഈ നേട്ടം എനിക്കും വലിയ സന്തോഷം തരുന്നു. ഡബിൾസ് ലോകറാങ്കിങ്ങിൽ ഒന്നാമതെത്തുക, കരിയറിലെ ആദ്യ ഗ്രാൻസ്‍ലാം നേടുക എന്നതെല്ലാം രോഹന്റെ അധ്വാനത്തിനുള്ള പ്രതിഫലമാണ്’’– രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ ലവൽ ത്രീ കോച്ചായ ബാലചന്ദ്രൻ ‘മനോരമ’യോടു പറഞ്ഞു.

‘‘ഒട്ടേറെ കായിക താരങ്ങൾ 30 വയസ്സിനു ശേഷം വിരമിക്കുമ്പോഴാണു രോഹന്റെ ഈ വിജയത്തിന്റെ ഭംഗിയും പ്രാധാന്യവും. ആവശ്യങ്ങൾ എന്താണെന്നു സ്വയം മനസ്സിലാക്കിയാണ് അദ്ദേഹത്തിന്റെ പരിശീലനവും മറ്റും. അധികമായി ഒന്നും ചെയ്യില്ല. ആവശ്യത്തിനു വിശ്രമം, കൃത്യമായ ഭക്ഷണക്രമം തുടങ്ങിയവ ഉദാഹരണം. ഈ പ്രായത്തിൽ‍ വന്നതല്ല, ചെറുപ്പം മുതൽ ശീലിച്ചു പോന്ന അച്ചടക്കമാണത്. 20 വർഷമായിട്ടുള്ള ആ അച്ചടക്കത്തിന്റെ വിജയമാണ് ഇന്നലെ കണ്ടത്. തീർച്ചയായും 2024 രോഹന്റെ വർഷമാകും’’. 30 വർഷത്തിലേറെയായി ടെന്നിസ് പരിശീലന രംഗത്തുള്ള ബാലചന്ദ്രൻ  എറണാകുളം മരട് സ്വദേശിയാണ്.

English Summary:

Rohan Bopanna is an inspiration: Balachandran Manikath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com