വിന്നർ,സിന്നർ! 2 സെറ്റിന് പിന്നിലായ ശേഷം തിരിച്ചടിച്ച് ജയിച്ചു
Mail This Article
മെൽബൺ ∙ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചാണല്ലോ താൻ ഇവിടെയെത്തിയത് എന്ന് യാനിക് സിന്നർ ഓർത്തത് ഫൈനലിൽ രണ്ടു സെറ്റിനു പിന്നിലായപ്പോഴാണ്! അതോടെ അടിമുടി ഒരു വീര്യം ഇറ്റാലിയൻ താരത്തിൽ ഇരച്ചുകയറി. അതു റാക്കറ്റിലേക്കും പടർന്നതോടെ പിന്നീടുള്ള 3 സെറ്റുകളും ആദ്യ ഗ്രാൻസ്‌ലാം കിരീടവും സ്വന്തം.
ഫൈനലിലെ ഗംഭീര തിരിച്ചുവരവിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെയാണ് ഇരുപത്തിരണ്ടുകാരൻ സിന്നർ വീഴ്ത്തിയത്. സ്കോർ: 3–6,3–6,6–4,6–4,6–3. സെമിയിൽ നിലവിലെ ചാംപ്യൻ ജോക്കോവിച്ചിനെ വീഴ്ത്തിയാണ് സിന്നർ മുന്നേറിയത്. 9 വർഷത്തിനു ശേഷമാണ് ഫെഡറർ–നദാൽ–ജോക്കോവിച്ച് ത്രയമല്ലാതെ മറ്റൊരാൾ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്നത്. 2014ൽ സ്വിറ്റ്സർലൻഡ് താരം സ്റ്റാൻ വാവ്‌റിങ്ക കിരീടം നേടിയിരുന്നു.
സെമിഫൈനലിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെതിരെ 2 സെറ്റ് പിന്നിലായ ശേഷം തിരിച്ചടിച്ചു ജയിച്ച ഇരുപത്തിയേഴുകാരൻ മെദ്‌വദേവ് ഫൈനലിൽ കണ്ടത് അതിന്റെ മറുകര. ഫ്ലാറ്റ് ഷോട്ടുകളുമായി സിന്നറെ കോർട്ടിലുടനീളം പായിച്ച മെദ്‌വദേവ് ആദ്യ രണ്ടു സെറ്റുകളും അനായാസം നേടി. എന്നാൽ മൂന്നാം സെറ്റിൽ 31 ഷോട്ടുകൾ നീണ്ട റാലിയിലൂടെ മെദ്‌വദേവിനെ പരീക്ഷിച്ച സിന്നർ തിരിച്ചുവരവിന്റെ ആദ്യസൂചന നൽകി. ആ പോയിന്റ് കൈവിട്ടെങ്കിലും പിന്നാലെ മെദ്‌വെദേവിന്റെ സെർവ് ബ്രേക്ക് ചെയ്ത സിന്നർ മത്സരത്തിലേക്കു ശക്തമായി തിരിച്ചെത്തി.
മൂന്നാം സെറ്റിൽ ഒരു തകർപ്പൻ എയ്സിലൂടെ ബ്രേക്ക് പോയിന്റിൽ നിന്നു രക്ഷപ്പെട്ട സിന്നർ മത്സരത്തിൽ മാനസിക ആധിപത്യവും നേടി. ശാരീരികമായും തളർന്ന മെദ്‌വദെവിനെ നിസ്സഹായനാക്കി സിന്നർ അഞ്ചാം സെറ്റും നേടിയതോടെ മെൽബൺ കോർട്ടിൽ ഇറ്റാലിയൻ ആരവം മുഴങ്ങി.
മൂന്നാം തവണയാണ് ഡാനിൽ മെദ്‌വദേവ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽവിയറിയുന്നത്. 2021ൽ നൊവാക് ജോക്കോവിച്ചിനോടും 2022ൽ റാഫേൽ നദാലിനോടും പരാജയപ്പെട്ടു. ആദ്യ 2 സെറ്റ് നേടിയ ശേഷമായിരുന്നു നദാലിനോടുള്ള തോൽവിയും.