കുടക്, കാപ്പി പിന്നെ ടെന്നിസും!
Mail This Article
എടിപി ടൂറിലെ ‘സീനിയർ സിറ്റിസനായ’ രോഹൻ ബൊപ്പണ്ണയുടെ ആദ്യപ്രണയം ടെന്നിസല്ല! കുടകിലെ കാപ്പിയുടെ നറുമണവും അതിന്റെ ചൂടും ചൂരുമൊക്കെയാണ്. കുടകിലെ കാപ്പി എസ്റ്റേറ്റിൽ കളിച്ചു വളർന്ന കാലത്ത് ആദ്യമായി റാക്കറ്റെടുത്ത രോഹൻ പതിറ്റാണ്ടുകൾക്കു ശേഷവും നേട്ടങ്ങളിൽനിന്നു നേട്ടങ്ങളിലേക്കു കുതിക്കുകയാണ്. ഡബിൾസ് പങ്കാളി മാത്യു എബ്ദനൊപ്പം 43–ാം വയസ്സിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 44–ാം വയസ്സിൽ മയാമി ഓപ്പൺ കിരീടവും നേടിക്കഴിഞ്ഞു. ഇനിയെന്ത് എന്നു ചോദിക്കുമ്പോൾ സോൾട്ട് ആൻഡ് പെപ്പർ താടിക്കാരനായി ആരാധക മനസ്സുകളിലേക്ക് മനോഹരമായൊരു ചിരിയുടെ എയ്സ് തൊടുക്കുകയാണ് ഈ ആറടി നാലിഞ്ചുകാരൻ. മയാമിയിലെ വിജയത്തിനു പിന്നാലെ മനോരമ സ്പോർട്സ് അവാർഡ് പുരസ്കാര പ്രഖ്യാപനത്തിനായി കൊച്ചിയിലേക്കു പറന്നെത്തുകയാണ് ബൊപ്പണ്ണ. ബൊപ്പണ്ണ ‘മനോരമ’യ്ക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽനിന്ന്...
Q: ഇംഗ്ലിഷ് ഫാസ്റ്റ് ബോളർ ജയിംസ് ആൻഡേഴ്സനെയും ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോലെ പ്രായമേറും തോറും വീര്യം കൂടുന്ന ഇതിഹാസ താരങ്ങളുടെ പ്രകടനങ്ങൾക്കു മുന്നിൽ നമിക്കുകയാണ് കായികലോകം. ഇന്ത്യൻ ആരാധകരാകട്ടെ 44 പിന്നിട്ട താങ്കളുടെ പ്രകടനം കണ്ട് ‘പ്രായം വെറുമൊരു സംഖ്യ’ എന്നത് വെറും ഡയലോഗല്ലെന്നു തിരിച്ചറിയുന്നു. കോർട്ടിലെ ഈ ‘ദീർഘായുസ്സിന്റെ’ രഹസ്യമെന്താണ്?
A: ടെന്നിസിൽ മികവിന്റെ ഉന്നതിയിലെത്താൻ കഴിഞ്ഞത് അതിഗംഭീരമായൊരു മാനസികാവസ്ഥയാണ് എനിക്കു സമ്മാനിച്ചത്. ഇന്ത്യയിലെ 150 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന താരമെന്ന നിലയിൽ ഡബിൾസിൽ ഒന്നാം റാങ്ക് നേടാനായതും സവിശേഷമാണ്. ദൈനംദിന കാര്യങ്ങളിലടക്കം കൃത്യമായ അച്ചടക്കം കൊണ്ടുവന്നതോടെയാണ് പ്രഫഷനൽ കരിയറിലെ ആയുസ്സ് എനിക്കു ദീർഘിപ്പിക്കാനായത്. ഇതൊന്നും ഒരു രാവു പുലർന്നപ്പോൾ സംഭവിച്ചതല്ല. ഓരോ ദിവസവും തരുന്നത് വ്യത്യസ്ത വെല്ലുവിളികളാണ്. മികച്ച പ്രകടനം പുറത്തെടുക്കാൻ അതു നേരിടാൻ തയാറായേ മതിയാകൂ. 44–ാം വയസ്സിനെ ഞാൻ ജീവിതത്തിന്റെ 44–ാം ലവൽ ആയാണ് കാണുന്നത്.
Q: ഒത്തിരി സ്വപ്നങ്ങളുമായി കായികലോകത്തെത്തുന്ന ഏതു താരത്തിനും ചില അവിസ്മരണീയ നിമിഷങ്ങളുണ്ടാകും. ചെറുപ്പത്തിൽ താൻ കണ്ട സ്വപ്നങ്ങളോട് അൽപമെങ്കിലും നീതി പുലർത്താനായി എന്നു തിരിച്ചറിയുന്ന മുഹൂർത്തങ്ങൾ! അത്തരം ഓർമകൾ പങ്കു വയ്ക്കാമോ?
A: ഇത്തരം അവിസ്മരണീയ നിമിഷങ്ങൾക്കൊരു പ്രത്യേകതയുണ്ട്. ഓരോന്നായി നേടുന്നതിനൊപ്പം അവ വർധിച്ചുകൊണ്ടേയിരിക്കും. ഡേവിസ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് അത്തരമൊരു മുഹൂർത്തമാണ്. 2017ലെ ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീട നേട്ടം എങ്ങനെ മറക്കാൻ കഴിയും! 43–ാം വയസ്സിലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീട നേട്ടവും സ്വപ്നസാഫല്യം തന്നെ. ഒന്നാം റാങ്ക് നേട്ടത്തെയും ഇതിനൊടൊപ്പം ചേർക്കാം.
Q: ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ പുരുഷ ഡബിൾസ് കിരീടം മാത്യു എബ്ദനൊപ്പം സ്വന്തമാക്കിയപ്പോൾ താങ്കൾ വികാരാധീനനായിരുന്നുവല്ലോ. ആ നിമിഷത്തിൽ തോന്നിയ വിചാരങ്ങളെക്കുറിച്ചൊക്കെ വിജയപ്രസംഗത്തിൽ പരാമർശിക്കാൻ കഴിഞ്ഞിരുന്നുവോ?
A: ആ നിമിഷത്തിൽ ഞാൻ വളരെയധികം വികാരാധീനനായിരുന്നുവെന്നത് സത്യമാണ്. 2010ൽ ആദ്യമായി ഗ്രാൻസ്‌ലാം പുരുഷ ഡബിൾസ് ഫൈനലിലെത്തിയ എനിക്ക് കിരീടം നേടാൻ 13 വർഷം കാത്തിരിക്കേണ്ടി വന്നു. മെൽബണിൽ വിജയപ്രസംഗം നടത്തുമ്പോൾ ഒത്തിരിയൊത്തിരി ഓർമകളാണ് മനസ്സിലേക്ക് ഇരമ്പിയെത്തിയത്. പറയണമെന്നു കരുതിയ പലതും വിട്ടുപോയിട്ടുണ്ടാകും. കാരണം ആ വിജയത്തിന്റെ മധുരം ആസ്വദിച്ചു തീർന്നിരുന്നില്ലല്ലോ. എന്റെ നേട്ടത്തിനു സാക്ഷികളായി കുടുംബാംഗങ്ങൾ ഉണ്ടായിരുന്നത് ആ നിമിഷങ്ങൾ കൂടുതൽ മാന്ത്രികമാക്കി.
Q: മലയാളി യാത്രക്കാർ കുടകിന്റെ മനോഹാരിതയെ നെഞ്ചോടു ചേർക്കുന്നവരാണ്. കാപ്പി ആസ്വദിച്ചു കുടിക്കുന്ന ജനവിഭാഗമെന്ന നിലയിൽ കുടകിന്റെ സ്വന്തം കാപ്പിയും മലയാളികൾക്ക് ഇഷ്ടമാണ്. നാടുമായുള്ള താങ്കളുടെ ആത്മബന്ധത്തെക്കുറിച്ച് വിശദീകരിക്കാമോ? യാത്രകൾക്കായി കേരളത്തിൽ എത്താറുണ്ടോ?
A: കുടകിലെ കാപ്പിത്തോട്ടത്തിൽ മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം വളർന്ന എനിക്ക് ടെന്നിസിനും മുൻപ് പ്രണയം തോന്നിയത് കാപ്പിയോടാണ്. അച്ഛനും അമ്മയും ഇപ്പോഴും കുടകിലാണ് കഴിയുന്നത്. ഞാൻ ടെന്നിസും എന്റെ അടുത്ത കൂട്ടുകാരെയുമൊക്കെ കണ്ടെത്തിയത് ആ നാട്ടിൽ നിന്നാണ്. കേരളത്തിലെ പല സ്ഥലങ്ങളും ഇഷ്ടമാണ്. ഞാൻ ഇടയ്ക്കിടെ എത്താറുണ്ട്. കുറച്ച് നല്ല കൂട്ടുകാരുമുണ്ട് ഇവിടെ.
Q: താങ്കളുടെ കരിയറിന്റെ രണ്ടാം പാതിയിൽ കരുത്തും വഴക്കവും മെച്ചപ്പെടുത്താനായി പുതിയ യോഗാരീതി അവലംബിക്കുന്നതടക്കമുള്ള ചില മാറ്റങ്ങൾ നടപ്പാക്കിയിരുന്നുവല്ലോ. പല യുവ അത്‌ലീറ്റുകളും കരിയറിന്റെ തുടക്കത്തിൽത്തന്നെ പരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾമൂലം വലയാറുണ്ട്. അവരോട് താങ്കൾ നിർദേശിക്കുന്നതെന്തായിരിക്കും?
A: കോവിഡ് കാലത്താണ് അയ്യങ്കാർ യോഗ ഞാൻ പരിചയപ്പെട്ടത്. കാൽമുട്ടിലെ തരുണാസ്ഥികൾക്ക് (cartilages) കാര്യമായ തേയ്മാനം സംഭവിച്ച ഘട്ടമായിരുന്നു അത്. പിആർപി ഇൻജക്‌ഷനാണ് ഡോക്ടർ നിർദേശിച്ചത്. ഇതിനൊപ്പം കരുത്തുകൂട്ടുന്ന വ്യായാമങ്ങളും (strengthening exercises) ചെയ്യേണ്ടിയിരുന്നു. തുടർന്നാണ് ബെംഗളൂരുവിൽ ആഴ്ചയിൽ 90 മിനിറ്റ് ദൈർഘ്യമുള്ള 4 യോഗ ക്ലാസുകൾക്കു വീതം പോയിത്തുടങ്ങിയത്. അദ്ഭുതപ്പെടുത്തുന്ന മാറ്റമുണ്ടായി. കാലുകളുടെ കരുത്തു കൂട്ടിയതിനൊപ്പം ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഗുണമുണ്ടായി.
മാനസികമായി കൂടുതൽ കരുത്തനായതിനൊപ്പം മത്സരസമയത്ത് ശാന്തത നിലനിർത്താനും കഴിഞ്ഞു. ഇത് എന്റെ വ്യക്തിപരമായ അനുഭവമാണെങ്കിലും ഈ യോഗാ രീതി ആർക്കും ഒന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്.
Q: ടെന്നിസ് അല്ലാതെ മറ്റു കായിക ഇനങ്ങൾ ഫോളോ ചെയ്യുന്നുണ്ടോ?
A:ഫുട്ബോൾ കാണാനാണ് കൂടുതലിഷ്ടം. വളരെ ചെറിയ സൗകര്യങ്ങൾ ഉപയോഗിച്ച് മികവിന്റെ ഉന്നതിയിലെത്തിയവരാണ് ഇന്ത്യയിലെ മിക്ക അത്‌ലീറ്റുകളും. അവരെയല്ലാം ഞാൻ ബഹുമാനിക്കുന്നു. ഇപ്പോൾ സർക്കാരുകൾ കാര്യമായ പിന്തുണ നൽകുന്നതിനാൽ സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലും ഒളിംപിക്സിലുമൊക്കെ പങ്കെടുത്തപ്പോൾ ഇന്ത്യൻ താരങ്ങളുടെ മറ്റു മത്സരങ്ങൾ കാണാൻ ശ്രമിച്ചിട്ടുണ്ട്.