ഫ്രഞ്ച് ഓപ്പണ് പുരുഷ സിംഗിൾസ് കിരീടം കാർലോസ് അൽകാരസിന്, സ്വരേവിനെ തോൽപിച്ചു
Mail This Article
പാരിസ് ∙ റാഫേൽ നദാലിന്റെ ആദ്യറൗണ്ട് പുറത്താകലും നൊവാക് ജോക്കോവിച്ചിന്റെ പാതിവഴിയിലെ പിൻമാറ്റവും വഴി ശ്രദ്ധേയമായ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ പുരുഷൻമാരിൽ പുതിയ ചാംപ്യൻ. 4 മണിക്കൂറിലേറെ നീണ്ട മാരത്തൺ പോരാട്ടത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ച് മൂന്നാം സീഡ് സ്പെയിനിന്റെ കാർലോസ് അൽകാരസ് പുരുഷ സിംഗിൾസ് ജേതാവായി. (6–3, 2–6, 5–7, 6–1, 6–2). അൽകാരസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ ട്രോഫിയും കരിയറിലെ മൂന്നാം ഗ്രാൻസ്‌ലാം ട്രോഫിയുമാണിത്. ടെന്നിസിലെ 3 സർഫസുകളിലും (ഗ്രാസ്, ഹാർഡ്, കളിമൺ) ഗ്രാൻസ്‌ലാം നേടുന്ന പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോർഡും ഇരുപത്തൊന്നുകാരൻ അൽകാരസിന് സ്വന്തമായി. ഇതുവരെ കളിച്ച ഗ്രാൻസ്‌ലാം ഫൈനലുകളിലൊന്നും തോറ്റിട്ടില്ലെന്ന റെക്കോർഡും അൽകാരസ് നിലനിർത്തി.
പുരുഷ ടെന്നിസിലെ 3, 4 സീഡുകാർ ഏറ്റുമുട്ടിയ ഫൈനലിൽ റൊളാങ് ഗാരോസിലെ ഗാലറിയിൽ ഭൂരിഭാഗവും അൽകാരസിനൊപ്പമായിരുന്നു. കാണികളുടെ പിന്തുണയിൽനിന്ന് ആവേശമുൾക്കൊണ്ട് പൊരുതിയ യുവതാരം 3 തവണ സ്വരേവിനെ ബ്രേക്ക് ചെയ്ത് 6–3ന് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ അടുത്ത 2 സെറ്റിൽ കണ്ടത് ജർമൻ താരത്തിന്റെ ഉജ്വല തിരിച്ചുവരവ്. രണ്ടാം സെറ്റിൽ അൽകാരസിനെ സ്വരേവ് നിഷ്പ്രഭനാക്കി (6–2). 3–5നു പിന്നിൽനിന്നശേഷം തിരിച്ചടിച്ച് മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ നേടി.
എതിരാളികളെ മോഹിപ്പിച്ചു തോൽപിക്കുന്ന ജോക്കോവിച്ച് ശൈലിയാണ് തുടർന്ന് അൽകാരസ് പുറത്തെടുത്തത്. ആദ്യ 3 സെറ്റിൽ രണ്ടും നേടിയതിന്റെ ആത്മവിശ്വാസത്തിൽ സ്വരേവ് പ്രതിരോധത്തിലേക്കു വലിഞ്ഞപ്പോൾ അൽകാരസ് ആക്രമണം കടുപ്പിച്ചു. അൽകാരസിന്റെ ശക്തമായ ഫോർഹാൻഡ് ഷോട്ടുകളിൽ സ്വരേവിന്റെ റിട്ടേണുകൾ പാളി. അവസാന 15 പോയിന്റുകളിൽ പന്ത്രണ്ടും നേടിയാണ് അൽകാരസ് കളിമൺ കോർട്ടിലെ തന്റെ ആദ്യ കിരീടമുറപ്പിച്ചത്. കരിയറിലെ രണ്ടാം ഫൈനലിലും തോൽവി വഴങ്ങിയതോടെ കന്നി ഗ്രാൻസ്‌ലാം കിരീടത്തിനായുള്ള സ്വരേവിന്റെ കാത്തിരിപ്പ് നീണ്ടു. 2020 യുഎസ് ഓപ്പൺ ഫൈനലിൽ സ്വരേവ് ഡൊമിനിക് തീമിനോടും തോറ്റിരുന്നു.