സിന്നർ, ഇഗ ലോക ഒന്നാം നമ്പർ
Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടെങ്കിലും ഇറ്റാലിയൻ താരം യാനിക് സിന്നർ എടിപി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കയറി. നൊവാക് ജോക്കോവിച്ചിനെ മറികടന്നാണ് ഇരുപത്തിരണ്ടുകാരൻ സിന്നർ കരിയറിൽ ആദ്യമായി ഒന്നാമതെത്തിയത്. അൽകാരസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പുതിയ റാങ്കിങ്ങിൽ ജോക്കോവിച്ച്. ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ സിന്നർ ഈ സീസണിൽ 3 മത്സരങ്ങൾ മാത്രമാണ് തോറ്റത്. ഇതിൽ രണ്ടു തോൽവിയും അൽകാരസിനു മുന്നിലായിരുന്നു.
വനിതകളിൽ ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ഇഗ സ്യാംതെക് ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാമതുള്ള യുഎസ് താരം കോക്കോ ഗോഫിനെക്കാൾ പോയിന്റുകളിൽ ബഹുദൂരം മുന്നിലാണ് ഇഗ.18 സ്ഥാനങ്ങൾ കയറി 77–ാം റാങ്കിലെത്തിയ സുമിത് നാഗലാണ് ഇന്ത്യൻ പുരുഷ താരങ്ങളിൽ മുന്നിൽ. ഇതോടെ പാരിസ് ഒളിംപിക്സ് സിംഗിൾസ് മത്സരത്തിലും നാഗലിന് ഇടംലഭിക്കും. വനിതാ താരങ്ങളിൽ ആദ്യ 250ൽ ഇന്ത്യയിൽ നിന്ന് ആരുമില്ല. 263–ാം സ്ഥാനത്തുള്ള അങ്കിത റെയ്നയാണ് മുന്നിൽ.