ഓപ്പൺ,പുതുയുഗം!; വിമ്പിൾഡൻ ടെന്നിസിന് നാളെ തുടക്കം
Mail This Article
ലണ്ടൻ ∙ ‘എന്നു വരും ലോക ടെന്നിസിൽ പുതുയുഗം?’– ഈ ചോദ്യം കോർട്ടിലുയരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. 5 ഗ്രാൻസ്‍ലാം ട്രോഫികളുമായി ഇരുപത്തിമൂന്നുകാരി ഇഗ സ്യാംതെക്കും 3 ട്രോഫികളുമായി ഇരുപത്തിയൊന്നുകാരൻ കാർലോസ് അൽകാരസും ആ ചോദ്യം ഇനി വേണ്ട എന്നു വിളിച്ചു പറയുന്നുണ്ടെങ്കിലും സംശയലേശമന്യേ അവർക്കിതു തെളിയിക്കാനുള്ള അവസരമാണ് ഈ വിമ്പിൾഡൻ.
പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം അൽകാരസിനൊപ്പം പുതുതലമുറയുടെ പതാകവാഹകരായി രംഗത്തുള്ളത് ഇറ്റാലിയൻ താരം യാനിക് സിന്നർ, ജർമൻ താരം അലക്സാണ്ടർ സ്വരേവ്, റഷ്യൻ താരം ഡാനിൽ മെദ്‍വദെവ്, നോർവേ താരം കാസ്പർ റൂഡ്, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവർ.
ഇവർക്കു മുന്നിൽ വൻമതിൽ പോലെ വെല്ലുവിളിയായി നിൽക്കുന്നത് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞെത്തുന്ന ഒരു മുപ്പത്തിയേഴുകാരൻ– സാക്ഷാൽ നൊവാക് ജോക്കോവിച്ച്! വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗയുടെ വിമ്പിൾഡൻ മോഹത്തിനു തടയിടാൻ നിൽക്കുന്നത് റാങ്കിങ്ങിൽ തൊട്ടു പിന്നിലുള്ളവർ തന്നെ. യുഎസിന്റെ ഇരുപതുകാരി കൊക്കോ ഗോഫും ബെലാറൂസിന്റെ ഇരുപത്തിയാറുകാരി അരീന സബലേങ്കയും. തിങ്കളാഴ്ചയാണ് വിമ്പിൾഡൻ ഒന്നാം റൗണ്ട‌് മത്സരങ്ങൾക്കു തുടക്കമാകുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട‌്‍സ്റ്റാറിലും തൽസമയം.