അൽകാരസ്, ഒസാക്ക രണ്ടാം റൗണ്ടിൽ
Mail This Article
ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിന്റെ ആദ്യദിനം സ്പെയിനിന്റെ കാർലോസ് അൽകാരസിനും ജപ്പാന്റെ നവോമി ഒസാക്കയ്ക്കും ജയം. യോഗ്യതാ റൗണ്ട് കടന്നെത്തിയ എസ്റ്റോണിയയുടെ മാർക് ലജാലിനെയാണ് പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ നിലവിലെ ചാംപ്യൻ അൽകാരസ് തോൽപിച്ചത് (7–6,7–5,6–2).
ആദ്യ രണ്ടു സെറ്റുകളിൽ ലോക മൂന്നാം നമ്പർ താരത്തിന് വെല്ലുവിളിയുയർത്തിയെങ്കിലും മൂന്നാം സെറ്റിൽ പിടിച്ചു നിൽക്കാൻ 262–ാം സ്ഥാനത്തുള്ള ലജാലിനായില്ല. വനിതാ സിംഗിൾസ് ഒന്നാം റൗണ്ടിൽ ഫ്രാൻസിന്റെ ഡയാൻ പാരിക്കെതിരെ ഒരു സെറ്റ് നഷ്ടപ്പെടുത്തിയാണ് ഒസാക്കയുടെ ജയം (6–1,1–6,6–4).
വൈൽഡ് കാർഡ് എൻട്രി ലഭിച്ചാണ് ഇത്തവണ ഒസാക്ക മത്സരിക്കാനെത്തിയത്. പുരുഷ സിംഗിൾസിൽ ഡാനിൽ മെദ്‍വദെവ്, ഗ്രിഗർ ദിമിത്രോവ്, സ്റ്റാൻ വാവ്‍റിങ്ക, കാസ്പർ റൂഡ് എന്നിവരും വനിതകളിൽ മാഡിസൻ കീസ്, ജാസ്മിൻ പവോലീനി എന്നിവരും രണ്ടാം റൗണ്ടിലെത്തി. 8–ാം സീഡ് ചൈനയുടെ ഷെങ് ക്വിൻവെനെ ന്യൂസീലൻഡ് താരം ലുലു സൺ അട്ടിമറിച്ചു (4–6,6–2,6–4)