പവർഫുൾ പവോലീനി; ജാസ്മിൻ പവോലീനി വിമ്പിൾഡൻ ഫൈനലിൽ
Mail This Article
ലണ്ടൻ ∙ പോരാട്ടവീര്യത്തിന്റെ ടെന്നിസിലെ പുതിയ പേരാണ് ജാസ്മിൻ പവോലീനി. 2 മാസം മുൻപ് നടന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‍ലാം ടെന്നിസിൽ വനിതാ സിംഗിൾസിലും ഡബിൾസിലും കലാശപ്പോരാട്ടത്തിൽ തോൽവി വഴങ്ങിയ ഇറ്റാലിയൻ താരം പവോലീനി വീണ്ടുമൊരിക്കൽക്കൂടി ഗ്രാൻസ്‍ലാം കിരീടമെന്ന സ്വപ്നത്തിന് അരികിലെത്തി. വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെ തോൽപിച്ചാണ് (2–6, 6–4, 7–6) ജാസ്മിൻ പവോലീനി ഗ്രാൻസ്‍ലാം ടെന്നിസിലെ തുടർച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. വിമ്പിൾഡൻ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ വനിതാ താരമാണ് ഏഴാം സീഡായ പവോലീനി. സെറീന വില്യംസിനുശേഷം (2016) ഒരേ വർഷം ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ ടൂർണമെന്റുകളിൽ ഫൈനലിലെത്തുന്ന ആദ്യ വനിതാ താരവുമാണ്.
വിമ്പിൾഡൻ വനിതാ ടെന്നിസിലെ ഏറ്റവും ദൈർഘ്യമേറിയ സെമിഫൈനൽ പോരാട്ടത്തിനാണ് സെന്റർ കോർട്ട് ഇന്നലെ സാക്ഷിയായത്. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ ആദ്യമായി സെമിയിലെത്തിയ പവോലീനിയും വെകിച്ചും തമ്മിലുള്ള പോരാട്ടം 2 മണിക്കൂർ 51 മിനിറ്റ് നീണ്ടു. ഗ്രൗണ്ട് സ്ട്രോക്കുകളും ഡ്രോപ് ഷോട്ടുകളുമായി തുടക്കത്തിൽ കളംനിറഞ്ഞ ഡോണ വെകിച്ച് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി.
എന്നാൽ രണ്ടാം സെറ്റിൽ കരുത്തോടെ തിരിച്ചെത്തിയ പവോലീനി അൺ സീഡഡ് താരമായ വെകിച്ചിന്റെ പിഴവുകൾ മുതലെടുത്ത് സെറ്റ് സ്വന്തമാക്കി. നിർണായകമായ മൂന്നാം സെറ്റിൽ 1–3, 3–4 എന്നിങ്ങനെ പിന്നിൽ നിന്നശേഷം തിരിച്ചടിച്ചാണ് ടൈബ്രേക്കറിലൂടെ ഇറ്റാലിയൻ താരം സെറ്റും മത്സരവും സ്വന്തമാക്കിയത്.