ADVERTISEMENT

ലണ്ടൻ ∙ പുരുഷ ടെന്നിസിലെ പുതുയുഗത്തിൽ താൻ അജയ്യനാണെന്ന് കാ‍ർലോസ് അൽകാരസ് ഒരിക്കൽക്കൂടി തെളിയിച്ചു. അനുഭവസമ്പത്തിന്റെ കരുത്തുമായി എത്തിയ മുപ്പത്തിയേഴുകാരൻ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2,6–2,7,6) വീഴ്ത്തിയ ഇരുപത്തിയൊന്നുകാരൻ അൽകാരസ് തുടർച്ചയായി രണ്ടാം തവണയും വിമ്പിൾഡനിലെ പുരുഷ സിംഗിൾസ് വിജയികളുടെ ബോർഡിൽ തന്റെ പേര് കൊത്തിവച്ചു. സ്പാനിഷ് താരത്തിന്റെ നാലാം ഗ്രാൻസ്‌‌ലാം കിരീടനേട്ടമാണിത്. മറുവശത്ത് 25–ാം ഗ്രാൻസ്‌ലാം കിരീടമെന്ന മാജിക്കൽ നമ്പറിലേക്കുള്ള ജോക്കോവിച്ചിന്റെ കാത്തിരിപ്പ് ഇനിയും നീളും.

ഓൾ ഇൻ ഓൾ അൽകാരസ്

കഴിഞ്ഞ വർഷം സെന്റർ കോർട്ടിൽ അഞ്ചുമണിക്കൂറോളം വിയർപ്പൊഴുക്കിയ ശേഷമാണ് ജോക്കോവിച്ചിനെ അൽകാരസ് കീഴടക്കിയത്. അതുകൊണ്ടുതന്നെ മറ്റൊരു ആവേശപ്പോരാട്ടം പ്രതീക്ഷിച്ചാണ് ഇന്നലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലേക്കു കാണികളെത്തിയത്. പക്ഷേ, ആദ്യ സെറ്റ് 6–2നു സ്വന്തമാക്കിയ അൽകാരസ് മറ്റൊരു തലത്തിലുള്ള മാസ്മരിക പ്രകടനമാണു കാഴ്ചവച്ചത്. എങ്കിലും മറുവശത്ത് ജോക്കോവിച്ചായിരുന്നതിനാൽ ഏതു നിമിഷവും ഒരു തിരിച്ചുവരവ് ആരാധകരും അൽകാരസും പ്രതീക്ഷിച്ചു. പക്ഷേ, രണ്ടാം സെറ്റും അൽകാരസ് 6–2ന് സ്വന്തമാക്കിയതോടെ കാര്യങ്ങൾ വ്യക്തമായി. ആദ്യ രണ്ടു സെറ്റുകളിലും അൽകാരസിന്റെ ക്രോസ് കോർട്ട് ഷോട്ടുകൾക്കും സെർവുകൾക്കും മുന്നിൽ പതറിയ ജോക്കോവിച്ചിനെ അമ്പരപ്പോടെയാണ് എല്ലാവരും കണ്ടത്. കാലിലെ പരുക്കുകാരണം തന്റെ ഓൾ കോർട്ട് ഗെയിം പുറത്തെടുക്കുന്നതിൽ ജോക്കോയ്ക്കു പരിമിതികളുണ്ടായിരുന്നു. ഇതോടെ മൂന്നാം സെറ്റിലും കാര്യമായ വെല്ലുവിളി ഉയർത്താതെ ജോക്കോ കീഴടങ്ങുമെന്ന് കാണികൾ കരുതി. എന്നാൽ, മൂന്നാം സെറ്റിൽ ജോക്കോ തന്റെ ‘തനിനിറം’ പുറത്തെടുത്തു. ഫോർഹാൻഡ് ഷോട്ടുകളുടെ കരുത്തും ബേസ്‌ലൈൻ ഗെയിമിന്റെ കൗശലവും സമന്വയിപ്പിച്ച് ജോക്കോ നിറഞ്ഞാടിയതോടെ അൽകാരസ് പ്രതിരോധത്തിലായി. ‘സൂചി കുത്താൻ ഇടം കൊടുത്താൽ അവിടെ ടെന്നിസ് റാക്കറ്റ് കടത്തുന്നവനാണ്’ ജോക്കോ എന്നു നന്നായി അറിയാവുന്ന അൽകാരസ് പക്ഷേ പിടിച്ചുനിന്നു. അതോടെ ടൈബ്രേക്കറിലേക്കു നീണ്ട മൂന്നാം സെറ്റ് അവസാന നിമിഷം വരെ പോരാടിയാണ് സ്പാനിഷ് താരം പിടിച്ചെടുത്തത്.

ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യയായ കെയ്റ്റ് രാജകുമാരിയാണ് അൽകാരസിന് ട്രോഫി സമ്മാനിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കെയ്റ്റ് ഏറെക്കാലത്തിനു ശേഷമാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

English Summary:

Carlos Alcaraz beats novak djokovic to win wimbledon title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com