ADVERTISEMENT

പാരിസ് ∙ തന്റെ പ്രിയപ്പെട്ട ‘കളിമണ്ണായ’ റൊളാങ് ഗാരോസിൽ ഒരു ഒളിംപിക് സിംഗിൾസ് സ്വർണം എന്ന റാഫേൽ നദാലിന്റെ സ്വപ്നം പൊലിഞ്ഞു– നൊവാക് ജോക്കോവിച്ചിനു മുന്നിൽത്തന്നെ! ഡബിൾസിലും സിംഗിൾസിലുമായി 3 ദിവസത്തിനുള്ളിൽ മൂന്നാം മത്സരം കളിച്ച നദാലിനെ നിഷ്പ്രഭനാക്കി സെർബിയൻ താരം ജോക്കോ പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ കടന്നു. 

  സ്കോർ: 6–1,6–4. 2008 ബെയ്ജിങ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2016 റിയോ ഒളിംപിക്സിൽ ‍ഡബിൾസ് സ്വർണവും നേടിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് ഓപ്പൺ വേദിയായ റൊളാങ് ഗാരോസിൽ ഒരു സ്വർണം എന്ന മോഹത്തോടെയാണ് പരുക്കും പ്രായവുമൊന്നും വകവയ്ക്കാതെ മുപ്പത്തിയെട്ടുകാരൻ നദാൽ ഇത്തവണ പാരിസ് ഒളിംപിക്സിനെത്തിയത്.

എന്നാൽ 14 വ‌ട്ടം താൻ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിട്ടുള്ള കോർട്ടിൽ നദാലിന് പതിവുവീര്യം പുറത്തെടുക്കാനായില്ല. പുരുഷ ഡബിൾസിൽ കാർലോസ് അൽകാരസിനൊപ്പം രണ്ടാം റൗണ്ടിലെത്തിയ നദാലിന് ഡബിൾസ് മെഡൽ നേടാനുള്ള സാധ്യത ഇനിയും മുന്നിലുണ്ട്. 2008ൽ നദാലിനും ചിലെയുടെ ഫെർണാണ്ടോ ഗോൺസാലസിനും പിന്നിൽ വെങ്കലം നേടിയ മുപ്പത്തിയേഴുകാരൻ ജോക്കോ ഇത്തവണ ലക്ഷ്യമിടുന്നത് സ്വർണം തന്നെ. 

ശനിയാഴ്ച പുരുഷ ഡബിൾസും ഞായറാഴ്ച സിംഗിൾസ് ഒന്നാം റൗണ്ടും കളിച്ചു ക്ഷീണിച്ച നദാലിന് മികച്ച ഫോമിലുള്ള ജോക്കോവിച്ചിന് ഇന്നലെ ഒട്ടും വെല്ലുവിളി ഉയർത്താനായില്ല. മികച്ച ഗ്രൗണ്ട് സ്ട്രോക്കുകളും പെർഫക്ട് ഡ്രോപ് ഷോട്ടുകളുമായി നദാലിനെ നിലത്തു നിർത്താതെ പായിച്ച ജോക്കോ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി.

തുടരെ അപ്രേരിത പിഴവുകളുമായി നദാൽ താളം കണ്ടെത്താൻ കഷ്ടപ്പെട്ടതോടെ ജോക്കോ രണ്ടാം സെറ്റിലും 4–0 എന്ന നിലയിൽ ലീഡെട‌ുത്തു. നേരിയ പരുക്കു മൂലം തുടയിൽ ബാൻഡേജ് ചുറ്റി കളിക്കാനിറങ്ങിയ നദാൽ പക്ഷേ മത്സരാവസാനം ഒന്ന് ആളിക്കത്തി. ജോക്കോവിച്ചിന്റെ ഒരു ഡബിൾ ഫോൾട്ട് മുതലെടുത്ത് 4–2ന് നദാൽ തിരിച്ചട‌ിച്ചതോടെ കാണികൾക്കും ആവേശമായി. ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ കയ്യടിച്ച അവരെ ആവേശത്തിലാഴ്ത്തി നദാൽ 4–4ന് ഒപ്പമെത്തി. 

എന്നാൽ നദാലിന് ‘മധുരം’ നൽകിയ ശേഷം ആധിപത്യം തിരിച്ചുപിടിച്ച ജോക്കോ ആദ്യ മാച്ച് പോയിന്റ് അവസരത്തിൽ തന്നെ ഒരു എയ്സിൽ കളി തീർത്തു.

English Summary:

Novak Djokovic beats Rafael Nadal in men's singles tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com