ബോൾ ഇൻ, ഗോഫ് ഔട്ട്: അംപയറുമായി കലഹം; പിന്നാലെ കൊക്കോ ഗോഫ് പുറത്ത്
Mail This Article
പാരിസ് ∙ ഒളിംപിക് ടെന്നിസ് വനിതാ സിംഗിൾസിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ യുഎസ് താരം കൊക്കോ ഗോഫ് പുറത്ത്. മൂന്നാം റൗണ്ടിൽ ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനോടു പരാജയപ്പെട്ട ഇരുപതുകാരി ഗോഫ് കണ്ണീരോടെയാണ് കളം വിട്ടത്. സ്കോർ: 7–6,6–2. ഒരു ലൈൻ കോളിന്റെ പേരിൽ അംപയറോടു ദീർഘനേരം തർക്കിച്ചതിനു പിന്നാലെയാണ് ഇവിടെ രണ്ടാം സീഡായ ഗോഫിന്റെ തോൽവി.
ഗോഫിന്റെ സെർവിൽ വെകിച്ചിന്റെ ഒരു റിട്ടേൺ ബേസ്‌ലൈനിനു പുറത്ത് ആണെന്ന് ലൈൻ ജഡ്ജ് ആദ്യം വിളിക്കുകയായിരുന്നു. ഇതോടെ ഗോഫ് ഷോട്ടിന്റെ ശക്തി കുറച്ചു. ബോൾ നെറ്റിൽ പതിക്കുകയും ചെയ്തു. എന്നാൽ ചെയർ അംപയർ വെകിച്ചിന്റെ ഷോട്ട് ‘ഇൻ’ ആണെന്നു വിധിച്ചു. സർവീസ് ബ്രേക്ക് ലഭിച്ച വെകിച്ച് 4–2നു മുന്നിലെത്തുകയും ചെയ്തു. ഇതോടെ ചെയർ അംപയറുടെ അടുത്തെത്തിയ ഗോഫ് മിനിറ്റുകളോളം തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
നിരാശയായി കളി തുടർന്ന ഗോഫിനു പിന്നീടു മികവു തുടരാനായില്ല. 10 മിനിറ്റിനുള്ളിൽ വെകിച്ച് സെറ്റും മത്സരവും സ്വന്തമാക്കി. ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസിനൊപ്പം ഒളിംപിക് മാർച്ച് പാസ്റ്റിൽ യുഎസിന്റെ പതാകവാഹകരിൽ ഒരാളായിരുന്ന ഗോഫ് ഇനി ഡബിൾസിലും മിക്സ്ഡ് ഡബിൾസിലും മത്സരിക്കുന്നുണ്ട്.
വനിതാ സിംഗിൾസിൽ ലോക 5–ാം നമ്പർ താരം ഇറ്റലിയുടെ ജാസ്മിൻ പവൊലീനിയും തോറ്റു പുറത്തായി. സ്ലൊവാക്യയുടെ അൺസീഡഡ് താരം അന്ന കരോലിന ഷ്മീഡ്‌ലോവയാണ് കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും വിമ്പിൾഡനിലും ഫൈനൽ കളിച്ച പവൊലീനിയെ അട്ടിമറിച്ചത്.