പെയ്സിനെയും ഭൂപതിയെയും ഒന്നിപ്പിച്ച ‘ടിഡി’; ഇന്ത്യൻ ടെന്നിസിനൊപ്പം നടന്നു ചരിത്രം സൃഷ്ടിച്ച ടി.ഡി. ഫ്രാൻസിസ് ഇനി ഓർമ
Mail This Article
തൃശൂർ ∙ ഇന്ത്യൻ ടെന്നിസിലെ ഇതിഹാസങ്ങളായ ലിയാൻഡർ പെയ്സും മഹേഷ് ഭൂപതിയും തമ്മിൽ സൗഹൃദമില്ലാതിരുന്ന കാലം. 2004ൽ ന്യൂസീലൻഡിൽ ഡേവിസ് കപ്പിനായി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തപ്പോൾ പെയ്സും ഭൂപതിയും ഉൾപ്പെട്ടു. ഇവർ രമ്യതയിലല്ലെങ്കിൽ എങ്ങനെ ടൂർണമെന്റ് വിജയിക്കുമെന്ന ആശങ്ക ടെന്നിസ് തലപ്പത്തുണ്ടായി. അന്നു ടീമിന്റെ മാനേജരായി തിരഞ്ഞെടുക്കപ്പെട്ട ഒരു മലയാളിയാണ് ഇരുവരെയും ഒന്നിപ്പിച്ചതും ടൂർണമെന്റ് വിജയത്തിലേക്കു നയിച്ചതും. ടി.ഡി. ഫ്രാൻസിസ് എന്ന സംഘാടകന്റെ മികവിന്റെ തൊപ്പിയിലെ പല തൂവലുകളിലൊന്നു മാത്രമാണിത്.
ടെന്നിസ് അസോസിയേഷൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായും ട്രഷറർ ആയും 32 വർഷം സേവനമനുഷ്ഠിക്കുകയെന്ന അപൂർവ നേട്ടത്തിന് ഉടമയായിരുന്നു, ഇന്നലെ അന്തരിച്ച തൃശൂർ സ്വദേശി ടി.ഡി. ഫ്രാൻസിസ്.
ഇന്ത്യൻ ടെന്നിസ് അസോസിയേഷനിൽ തുടർച്ചയായ 16 വർഷം ട്രഷററായിരുന്ന ഫ്രാൻസിസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി വീണ്ടും 16 വർഷം കൂടി സേവനം ചെയ്തു. പിന്നീട് ആജീവനാന്ത അംഗമായി.
1984ൽ ടെന്നിസ് അസോസിയേഷൻ സെക്രട്ടറിയായിരിക്കെ, കേരളത്തിലെ ആദ്യ രാജ്യാന്തര സാറ്റലൈറ്റ് ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിച്ചാണ് തുടക്കം. മണ്ണുത്തി വെറ്ററിനറി കോളജിൽ രാജ്യാന്തര നിലവാരമുള്ള 5 ടെന്നിസ് കോർട്ടുകൾ ഒരുക്കിയാണു ടൂർണമെന്റ് നടത്തിയത്. ഇതു ശ്രദ്ധിക്കപ്പെട്ടതോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഒട്ടേറെ ടൂർണമെന്റുകളുടെ സംഘാടനം ഫ്രാൻസിസിന്റെ ചുമതലയായി.