സിറ്റ്സിപാസ് പുറത്ത്; കാർലോസ് അൽകാരസ്, യാനിക് സിന്നർ രണ്ടാം റൗണ്ടിൽ
Mail This Article
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ ദൗർഭാഗ്യം തുടരുന്നു. ഓസ്ട്രേലിയയുടെ തനാസി കൊക്കിനാകിസിനോട് തോറ്റ ( 7-6, 4-6, 6-3, 7-5) ഇരുപത്തിയാറുകാരൻ സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ ഫൈനലിസ്റ്റായ സിറ്റ്സിപാസിന് യുഎസ് ഓപ്പണിൽ ഇതുവരെ മൂന്നാം റൗണ്ടിനപ്പുറം കടക്കാനായിട്ടില്ല. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഓസ്ട്രേലിയൻ താരത്തിനെതിരെ രണ്ടാം സെറ്റ് 4–6ന് സ്വന്തമാക്കി സിറ്റ്സിപാസ് തിരിച്ചടിച്ചെങ്കിലും അടുത്ത രണ്ടു സെറ്റുകളും നേടിയ ഇരുപത്തിയെട്ടുകാരൻ കൊക്കിനാകിസ് മത്സരം സ്വന്തമാക്കി. 2019നു ശേഷം ഇതാദ്യമായാണ് കൊക്കിനാകിസ് യുഎസ് ഓപ്പണിൽ ഒരു മത്സരം ജയിക്കുന്നത്. പുരുഷ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ സ്പെയിനിന്റെ കാർലോസ് അൽകാരസ്, ഇറ്റലിയുടെ യാനിക് സിന്നർ, റഷ്യയുടെ ഡാനിൽ മെദ‌്‌വദേവ്, യുഎസിന്റെ ടോമി പോൾ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
ഇഗ, ഒസാക്ക രണ്ടാം റൗണ്ടിൽ
വനിതാ സിംഗിൾസിൽ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെക്കും വൈൽഡ് കാർഡ് എൻട്രിയിലൂടെ ടൂർണമെന്റിനെത്തിയ മുൻ ചാംപ്യൻ ജപ്പാന്റെ നവോമി ഓസാക്കയും രണ്ടാം റൗണ്ടിൽ കടന്നു. റഷ്യയുടെ കമില റക്കിമോവയെയാണ് (6–4, 7–6) ഇഗ തോൽപിച്ചത്. ലാത്വിയ താരം യെലേന ഒസ്റ്റാപെങ്കോയെ തോൽപിച്ചാണ് (6–2, 6–3) ഒസാക്ക രണ്ടാം റൗണ്ട് ഉറപ്പിച്ചത്. എന്നാൽ മുൻചാംപ്യൻ ബ്രിട്ടന്റെ എമ്മ റഡുകാനു ആദ്യ റൗണ്ടിൽ പുറത്തായി. യുഎസ്എയുടെ സോഫിയ കെനിനാണ് (6-1, 3-6, 6-4) റഡുകാനുവിനെ വീഴ്ത്തിയത്.
5 മണിക്കൂർ 35 മിനിറ്റ്; റെക്കോർഡിട്ട് ഖാച്ചനോവ്–ഇവാൻസ് മത്സരം
യുഎസ് ഓപ്പൺ ടെന്നിസിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരമെന്ന റെക്കോർഡ് സ്വന്തമാക്കി റഷ്യയുടെ കാരൻ ഖാച്ചനോവ്– ബ്രിട്ടന്റെ ഡാൻ ഇവാൻസ് പോരാട്ടം. 5 സെറ്റും 3 ടൈബ്രേക്കറുകളും കണ്ട മത്സരത്തിൽ, 5 മണിക്കൂർ 35 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 6-7, 7-6, 7-6, 4-6, 6-4 എന്ന സ്കോറിന് ബ്രിട്ടിഷ് താരം ജയം സ്വന്തമാക്കി. സ്വീഡന്റെ സ്റ്റെഫാൻ എഡ്ബർഗും യുഎസ്എയുടെ മൈക്കൽ ചാങ്ങും തമ്മിൽ 1992ൽ നടന്ന സെമിഫൈനൽ പോരാട്ടമായിരുന്നു (5 മണിക്കൂർ 26 മിനിറ്റ്) യുഎസ് ഓപ്പണിൽ ഇതുവരെയുള്ള ദൈർഘ്യമേറിയ മത്സരം.