യുഎസ് ഓപ്പൺ വനിതാ കിരീടം ബെലാറൂസിന്റെ അരീന സബലേങ്കക്ക്; വനിതാ സിംഗിൾസിൽ 10 വർഷത്തിനിടെ 9–ാമത്തെ ചാംപ്യൻ
Mail This Article
ന്യൂയോർക്ക്∙ കഴിഞ്ഞ വർഷം ഫ്ലഷിങ് മഡോസിലെ ഹാർഡ് കോർട്ടിൽ വീണ തന്റെ കണ്ണീർ, ഇന്നലെ ഒരു നിറപുഞ്ചിരിയോടെ അരീന സബലേങ്ക തുടച്ചുനീക്കി. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിലെ സൂപ്പർ പോരാട്ടത്തിൽ യുഎസ്എയുടെ ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് (7–5, 7–5) കീഴടക്കിയ ബെലാറൂസ് താരം സബലേങ്കയ്ക്ക് മൂന്നാം ഗ്രാൻസ്‌ലാം കിരീടം. കഴിഞ്ഞ വർഷത്തെ ഫൈനലിൽ യുഎസിന്റെ യുവതാരം കൊക്കോ ഗോഫിനെതിരെ ആദ്യ സെറ്റ് ആധികാരികമായി നേടിയ ശേഷമാണ് അടുത്ത രണ്ടു സെറ്റും കിരീടവും ഇരുപത്തിയാറുകാരി സബലേങ്ക കൈവിട്ടത്. യുഎസ് ഓപ്പണിലെ കന്നി കിരീടം നേടിയ സബലേങ്ക ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിലും ജേതാവായിരുന്നു.
ഇത്തവണയും ഫൈനലിൽ യുഎസ് താരത്തെ നേരിടേണ്ടിവന്നപ്പോൾ മറ്റൊരു അട്ടിമറി സബലേങ്ക മുന്നിൽ കണ്ടിരിക്കാം. ആദ്യ സെറ്റിൽ പെഗുല നന്നായി തുടങ്ങിയതോടെ കാണികളും അതു പ്രതീക്ഷിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ബെലാറൂസ് താരം തയാറായിരുന്നില്ല. തന്റെ ഫോർഹാൻഡ് ഷോട്ടുകളുടെ ബലത്തിൽ പെഗുലയെ പ്രതിരോധത്തിലാക്കിയ സബലേങ്ക പതിയെ മത്സരത്തിൽ പിടിമുറുക്കി. ഫസ്റ്റ് സെർവിൽ ഇരുവരും ഒപ്പത്തിനൊപ്പം നിന്നപ്പോൾ സെക്കൻഡ് സെർവിൽ നേടിയ മേധാവിത്വമാണ് സബലേങ്കയ്ക്ക് തുണയായത്. ഇക്കഴിഞ്ഞ സിൻസിനാറ്റി ഓപ്പണിലും ഫൈനലിൽ പെഗുലയെ തോൽപിച്ചായിരുന്നു സബലേങ്ക കിരീടം നേടിയത്.
\മറുവശത്ത് ആദ്യമായി ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയ പെഗുല, ആദ്യാവസാനം സബലേങ്കയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ ശേഷമാണ് കീഴടങ്ങിയത്. രണ്ടാം സെറ്റിൽ 3–0ന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ച പെഗുല, മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയെടുക്കുമെന്നു തോന്നിച്ചെങ്കിലും ടൈബ്രേക്കറിലൂടെ 7–5ന് സബലേങ്ക സെറ്റും മത്സരവും സ്വന്തമാക്കി.
‘ഈ ലോകത്ത് ഇപ്പോൾ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാണ്’– കഴിഞ്ഞ വർഷം കയ്യകലെ വഴുതിപ്പോയ യുഎസ് ഓപ്പൺ കിരീടം മാറോടു ചേർത്തണച്ചു സബലേങ്ക പറഞ്ഞു.
സമ്മാനത്തുക 30 കോടി
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ജേതാവായ അരീന സബലേങ്കയ്ക്ക് സമ്മാനത്തുകയായി ലഭിക്കുക 36 ലക്ഷം ഡോളർ ( ഏകദേശം 30 കോടി രൂപ). കഴിഞ്ഞ വർഷം ഇത് 30 ലക്ഷം ഡോളറായിരുന്നു. റണ്ണറപ്പായ ജെസിക്ക പെഗുലയ്ക്ക് 18 ലക്ഷം ഡോളറും (ഏകദേശം 15 കോടി രൂപ) ലഭിക്കും.