റാക്കറ്റിന്റെ ലോക വേദിയിൽ ആരോണിന്റെ മാസ്റ്റർ ക്ലാസ്
Mail This Article
ഭിന്നശേഷിക്കാർക്കുള്ള ടെന്നിസിന്റെ ലോക വേദിയിൽ ഇന്ത്യൻ സാന്നിധ്യമറിയിച്ച് മലയാളി കൗമാര താരം. ഫ്രാൻസിൽ നടന്ന ഭിന്നശേഷിക്കാരുടെ ലോക ടെന്നിസ് ടൂർണമെന്റിലാണു 15 വയസ്സുകാരൻ ആരോൺ അജിത് കേരളത്തിന്റെ അഭിമാനമായത്. ഇന്റലക്ച്വൽ ഡിസെബിലിറ്റി (ഐഡി) വിഭാഗം ടെന്നിസിൽ ദേശീയ ചാംപ്യനാണ് ആരോൺ. ഇതേ വിഭാഗത്തിൽ ഏഷ്യയിൽ രണ്ടാം റാങ്കും ലോക റാങ്കിങ്ങിൽ 23–ാം സ്ഥാനവുമുണ്ട്. ഈ വർഷമാദ്യം സംസ്ഥാന ഭിന്നശേഷി ടെന്നിസ്, ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പുകളിലും മാർച്ചിൽ ഡൽഹിയിൽ നടന്ന സ്പെഷൽ ഒളിംപിക്സ് ടെന്നിസ് ചാംപ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു.ടെന്നിസ് ടൂർണമെന്റുകളിലെ കഴിഞ്ഞ 8 മാസത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണു ഭിന്നശേഷിക്കാരുടെ ലോക ടെന്നിസ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആരോണിനു ക്ഷണം ലഭിച്ചത്.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രായഭേദമെന്യേ ഉപ വിഭാഗങ്ങൾ ഇല്ലാത്ത ഇന്റർനാഷനൽ ടെന്നിസ് ഫെഡറേഷൻ (ഐടിഎഫ്) റാങ്കിങ് ടൂർണമെന്റായിരുന്നു ഇത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പുരുഷ വിഭാഗത്തിൽ ഡൽഹി സ്വദേശി ലക്ഷ്മി ജഡാലയും (15) ഉണ്ടായിരുന്നു. ആരോൺ സിംഗിൾസിലും പുരുഷ ഡബിൾസിലും മത്സരിച്ചു. ഭിന്നശേഷി വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ടെന്നിസ് താരമാകുക എന്നതാണ് ആരോണിന്റെ സ്വപ്നം. കോട്ടയം മന്ദിരം സ്വദേശികളായ മണലുംഭാഗത്ത് ഡോ.അജിത് സുഗുണൻ ഷിന്റോയുടെയും ജിസ്മിയുടെയും മകനാണ് ആരോൺ. മെഡിക്കൽ വിദ്യാർഥിയായ ആദിത്യയാണ് ആരോണിന്റെ സഹോദരൻ.