കോർട്ടിൽ കവിതയെഴുതിയ ഫെഡറർ യുഗത്തിൽ പവർ ടെന്നിസിന്റെ ജുഗൽബന്ദി: റാഫ, വി ലവ് യൂ..!- വിഡിയോ
Mail This Article
നാവിൽ വെള്ളിക്കരണ്ടിയുമായല്ല, സ്വർണക്കരണ്ടിയുമായാണു റാഫേൽ നദാൽ സ്പെയിനിലെ മയ്യോർക്കയിൽ ജനിച്ചുവീണത്. ഇൻഷുറൻസ് കമ്പനി ഉടമയും ഗ്ലാസ് നിർമാണ വ്യവസായിയുമായിരുന്നു പിതാവ് സെബാസ്റ്റ്യൻ നദാൽ. തന്റെ സാമ്രാജ്യം നോക്കിനടത്താൻ റാഫേലിനെ സെബാസ്റ്റ്യൻ പരുവപ്പെടുത്തി. പക്ഷേ, ടെന്നിസ് റാക്കറ്റ് കയ്യിൽപ്പിടിച്ചതോടെ റാഫേലിന്റെ തലവര മാറി. ലോകമെങ്ങും ആരാധകരുള്ള ടെന്നിസ് സാമ്രാജ്യം സ്വയം പടുത്തുയർത്തിയ ‘റാഫ’യുടെ കുതിപ്പിനു കരുത്ത് കഠിനാധ്വാനവും നിശ്ചയദാർഢ്യവുമായിരുന്നു.
ബാർസിലോനയ്ക്കുവേണ്ടിയും സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിനുവേണ്ടിയും കളിച്ചിട്ടുള്ള അമ്മാവൻ മിഗ്വേലാണു റാഫയുടെ ആദ്യ ഗുരു. മിഗ്വേലിനൊപ്പം ബാർസിലോന ഡ്രസിങ് റൂമിൽക്കയറി ബ്രസീൽ ഇതിഹാസം റൊണാൾഡോയെ നേരിൽ കണ്ടതോടെ റാഫ കാൽപ്പന്തുകളിയുടെ കാമുകനായി. അതോടെ, ഫുട്ബോളിലായി ശ്രദ്ധ. പക്ഷേ, റാഫയുടെ മറ്റൊരു അമ്മാവൻ ടോണി നദാൽ കടുത്ത ടെന്നിസ് പ്രേമിയായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയിൽ റാഫ റാക്കറ്റും കയ്യിലെടുത്തു.
14 വയസ്സായപ്പോൾ നദാലിലെ ഭാവി താരത്തെ ടെന്നിസ് ഭരണാധികാരികൾ തിരിച്ചറിഞ്ഞു.കൂടുതൽ മികച്ച പരിശീലനത്തിനായി ബാർസിലോനയിലേക്കു വരാൻ അവർ ആവശ്യപ്പെട്ടു. മറുപടി പറഞ്ഞത് സെബാസ്റ്റ്യനായിരുന്നു: ‘അവനെ ഞാൻ വിടില്ല. വീട്ടിൽ ഞാൻ അവനു കോർട്ട് ഒരുക്കും.’ ആ കോർട്ടിൽ, ടോണിയുടെ പിന്തുണയിൽ പിന്നീടു നദാലിന്റെ ജൈത്രയാത്രയായിരുന്നു.
2001 മേയിൽ 15–ാം വയസ്സിൽ പാറ്റ് കാഷിനെ മൺകോർട്ടിൽ തോൽപിച്ചപ്പോൾ നിരീക്ഷകർ അഭിപ്രായപ്പെട്ടു: ‘കളിമൺ കോർട്ടിലെ രാജകുമാരൻ ഇതാ, വരവായി.’
മയ്യോർക്കപോലെ പാരിസും റാഫയ്ക്കു പ്രിയപ്പെട്ടതാണ്. 2005 മുതൽ ആകെ 14 കിരീടങ്ങൾ. അതിനിടെ 4 യുഎസ് ഓപ്പൺ, 2 വീതം വിമ്പിൾഡൻ കിരീടങ്ങളും ഓസ്ട്രേലിയൻ ഓപ്പണും. കോർട്ടിൽ കവിതയെഴുതുന്ന ഫെഡറർ യുഗത്തിൽ പവർ ടെന്നിസിന്റെ ജുഗൽബന്ദിയായിരുന്നു റാഫ.
അഞ്ച് വർഷം മുൻപാണ് ബാല്യകാല സുഹൃത്ത് മേരി സിസ്ക പെരെല്ലോയെ റാഫ ജീവിതസഖിയാക്കിയത്. വിവാഹ വാഗ്ദാനത്തിനൊപ്പം റാഫ മേരിക്കു മറ്റൊരു വാഗ്ദാനംകൂടി നൽകിയിരുന്നു: ഫ്രഞ്ച് ഓപ്പണിലെ മസ്ക്ടീയേഴ്സ് ട്രോഫി. തൊട്ടടുത്ത ഫ്രഞ്ച് ഓപ്പണിൽ കിരീടനേട്ടത്തിലൂടെ മേരിക്കു കൊടുത്ത വാക്കു പാലിച്ച റാഫ, ആരാധകരുടെ മനസ്സും നിറച്ചു.
(2020ൽ എഴുതിയ ലേഖനം കാലോചിതമായ മാറ്റങ്ങളോടെ പുനഃപ്രസിദ്ധീകരിക്കുന്നത്)