‘ഒന്നല്ല, രണ്ടാം നമ്പർ താരങ്ങളെ സ്നേഹിച്ച ധോണി’: നദാലിനെക്കുറിച്ചുള്ള പരാമർശങ്ങൾ വീണ്ടും വൈറലാകുന്നു
Mail This Article
മുംബൈ∙ ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ പ്രഫഷനൽ കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ, അദ്ദേഹത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. 2017ൽ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് നദാലിനോടുള്ള തന്റെ ഇഷ്ടം ധോണി വെളിപ്പെടുത്തിയത്. ഒന്നാം നമ്പർ താരങ്ങളോടല്ല, എക്കാലവും രണ്ടാം നമ്പർ താരങ്ങളോടാണ് തനിക്കിഷ്ടമെന്നും അന്ന് ധോണി വിശദീകരിച്ചിരുന്നു.
‘‘എങ്ങനെയാണെന്ന് അറിയില്ല, എക്കാലത്തും ഞാൻ രണ്ടാം നമ്പറുകാരെ പിന്തുണയ്ക്കുന്നയാളാണ്. അത് ബോധപൂർവം സംഭവിക്കുന്നതല്ല. അറിയാതെ വന്നുപോകുന്നതാണ്. നോക്കൂ, ഞാൻ ആന്ദ്രെ ആഗസിയെ ഇഷ്ടപ്പെടുന്നയാളാണ്. അദ്ദേഹം ലോക രണ്ടാം നമ്പർ താരമായിരുന്നു. സ്റ്റെഫി ഗ്രാഫും എന്റെ ഇഷ്ട താരമാണ്. അവരും രണ്ടാം നമ്പറായിരുന്നു. റാഫേൽ നദാലാണ് മറ്റൊരു രണ്ടാമൻ. അദ്ദേഹം പിന്നീട് ഒന്നാം നമ്പർ താരമായി എന്നത് വേറെ കാര്യം’ – ധോണി പറഞ്ഞു.
‘അവസാന പോയിന്റ് വരെ വിട്ടുകൊടുക്കാതെ പൊരുതാനുള്ള വീര്യമാണ് നദാലിനെ വേറിട്ടുനിർത്തുന്നത്. മത്സരത്തിന്റെ അവസാന പോയിന്റിലും, തോൽവിയുടെ വക്കിലാണെങ്കിലും അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. അത് പ്രധാനപ്പെട്ട കാര്യമല്ലേ? ഫലം പ്രഖ്യാപിക്കുന്നതുവരെ വിട്ടുകൊടുക്കാതെ പൊരുതുന്നയാളാണ് നദാൽ. ഏതു സന്ദർഭത്തിലാണെങ്കിലും പുറത്തെടുക്കുന്ന ഈ അസാധാരണ പോരാട്ടവീര്യമാണ് നദാലിനെ എനിക്കു പ്രിയപ്പെട്ടവനാക്കുന്നത്’ – ധോണി വിശദീകരിച്ചു.