പ്രകൃതിയെ അറിയാൻ; പ്രകൃതി ക്വിസ് സംഘടിപ്പിച്ച് മണർകാട് സെന്റ്.മേരീസ് കോളജ്
Mail This Article
മണർകാട്: പ്രകൃതിയിലേക്കിറങ്ങുക എന്ന സന്ദേശം പകർന്ന് മണർകാട് സെന്റ്. മേരീസ് കോളജിൽ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി ക്വിസ് സംഘടിപ്പിച്ചു. കെമിസ്ട്രി വിഭാഗം അദ്ധ്യാപിക ബിയ എൽസ ക്വിസ് മാസ്റ്ററായ മത്സരത്തിൽ കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. പ്രകൃതി സംരക്ഷണ ആവശ്യകതയെ മുൻ നിർത്തിയുള്ള ദേശീയ അന്തർദേശീയ ചോദ്യങ്ങളായിരുന്നു ക്വിസിൽ ഉൾപ്പെടുത്തിയിരുന്നത്.
അഞ്ച് റൗണ്ടുകളിലായി ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ സുവോളജി ഡിപ്പാർട്മെന്റിലെ അൽജോ ജോസ്, അഖിൽ മാർട്ടിൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ ആൽബിൻ സെബാസ്റ്റ്യൻ, വിഷ്ണു ആർ.വി എന്നിവർ രണ്ടാം സ്ഥാനം സ്വന്തമാക്കി. കോവിഡിന് ശേഷം പ്രവർത്തനം മങ്ങിയ കോളേജ് നേച്ചർ ക്ലബിന് പുത്തൻ ഉണർവ്വ് നൽകുന്നതായിരുന്നു പരിപാടി.
വിദ്യാർത്ഥികൾക്കിടയിൽ പ്രകൃതി സംരക്ഷണത്തിന്റെ അവബോധം ഉണർത്തുക എന്നതാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ പ്രേരണയായതെന്ന് കെമിസ്ട്രി വിഭാഗം മേധാവി ഷിബി സൂസൻ കുര്യാക്കോസ് പറഞ്ഞു. സമ്മാനമായി അലങ്കാര ചെടികളാണ് വിദ്യാർഥികൾക്ക് നൽകിയത്.