ഭിന്നശേഷിയുള്ള കുട്ടികൾക്ക് കൈത്താങ്ങുമായി ദേവമാതാ കോളജ്
Mail This Article
കുറവിലങ്ങാട് ദേവമാതാ കോളജിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി ലിഫ്റ്റ്, വീൽചെയറുകൾ, റാമ്പ് എന്നിവ ഒരുക്കി. കോളജ് ഭിന്നശേഷി സൗഹൃദമായതിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കോളജിലെ സൗകര്യങ്ങൾക്കു പുറമെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോളജിലേക്ക് എത്തിച്ചേരുന്നതിനുള്ള വാഹന സൗകര്യമേർപ്പെടുത്തുന്നതിനായി വിവിധ സംഘടനകളുമായി സഹകരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു. പരിപാടിയിൽ കോളജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, ബർസാർ റവ.ഡോ.ജോയൽ പണ്ടാരപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
യൂത്ത് ഫോർ ജോബ് ഫൗണ്ടേഷനുമായി ചേർന്ന് ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മെന്ററിങ്, കൗൺസിലിങ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
എംജി സർവകലാശാല സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയുമായി ചേർന്ന് ആദ്യ വർഷ ബിരുദ വിദ്യാർഥികൾക്കായി സമ്പൂർണ യോഗ കോഴ്സും നടത്തുന്നുണ്ട്.