ഓണത്തനിമയണിഞ്ഞ് മാർത്തോമാ കോളജ്
Mail This Article
തിരുവല്ല മാർത്തോമാ കോളജിലെ ഓണാഘോഷം "കേളി -2023" ന് ആവേശോജ്വലമായ പങ്കാളിത്തം. വിദ്യാർഥികളും കോളജ് അധികൃതരും ഏകമനസ്സോടെ ഓണത്തെ വരവേറ്റു. ജീൻസും ഫ്രോക്കുമൊക്കെ സെറ്റ് സാരിയ്ക്കും മുണ്ടിനും വേണ്ടി വഴി മാറി. മുടിയിൽ മുല്ലപ്പൂക്കൾ ഇടം പിടിച്ചപ്പോൾ മുറ്റത്തൊരുക്കിയ അത്തപ്പൂവിൽ തുമ്പപ്പൂക്കൾ നിറഞ്ഞു. പതിവ് മത്സരങ്ങളായ പൂക്കളമൊരുക്കലും തിരുവാതിരയും ഓണപ്പാട്ടും കൂടാതെ വഞ്ചിപ്പാട്ടും കേശഭംഗിയും മികച്ച രീതിയിൽ കേരളത്തനിമയുള്ള വസ്ത്രങ്ങൾ അണിയുന്നതും മത്സരപ്പട്ടികയിൽ ഇടം പിടിച്ചു. ഓണാഘോഷ ചടങ്ങിൽ തിരുവല്ല സബ് കളക്ടർ സബ്ന നസറുദീൻ ഐഎഎസ് മുഖ്യാതിഥി ആയിരുന്നതും കാണികൾക്ക് സവിശേഷ അനുഭവമായി.
മത്സരങ്ങൾക്കൊടുവിൽ സമ്മാനദാനവും ഓണപ്പായസ വിതരണവും കഴിഞ്ഞതോടെ പരിപാടി കലാശക്കൊട്ടിലേയ്ക്ക് നീങ്ങി. ഇനി അടുത്ത പത്തു നാൾ ലഭിക്കുന്ന ഓണാവധിയുടെ ആർപ്പ് വിളിയോടെ കുട്ടികൾ പിരിയുമ്പോൾ ഓണത്തിരക്കിൽ ഒരുപാട് കുറുമ്പുകൾ ഒപ്പിക്കരുതെന്നും ഇടയ്ക്കെങ്കിലും പുസ്തകമെടുത്തു നോക്കണമെന്നും അധ്യാപകരുടെ സ്നേഹശാസനം. അങ്ങനെ വീണ്ടുമൊരു ഓണാവധിയിലേക്ക് മാർത്തോമാ കോളജും മിഴി പൂട്ടുകയാണ്. ഇനി സെപ്റ്റംബർ ആദ്യവാരത്തിൽ കളിചിരികളും കലപില വർത്തമാനങ്ങളുമായി എത്തുന്ന കുട്ടികളെയും കാത്ത്.