പ്രണയജോടികളായി തിളങ്ങാം, മൂന്ന് കിടിലൻ ഔട്ട് ഫിറ്റുകൾ ഇതാ
Mail This Article
പ്രണയജോടികൾക്കു ചേരുന്ന ട്രെൻഡി ഔട്ട്ഫിറ്റുകൾ തിരഞ്ഞെടുക്കുന്നു മലായള സിനിമാ രംഗത്തെ 3 കോസ്റ്റ്യൂം ഡിസൈനർമാർ
പ്രണയദിനത്തിൽ സ്റ്റൈലിഷ് ഇണകളാകാം
സ്റ്റെഫി സേവ്യർ– വിജയ് സൂപ്പറും പൗർണമിയും
കൂൾ ആൻഡ് സ്റ്റൈലിഷ് ഡ്രസിങ്ങാണ് വിജയ്‌ക്കും പൗർണമിക്കും വേണ്ടി തിരഞ്ഞെടുത്തത്. ഡാർക്ക് നിറങ്ങൾ ഒന്നും ഇല്ലാത്ത, പ്ലെസന്റായ വസ്ത്രങ്ങളാണ് ഹൈലൈറ്റ്. ഇതിൽ പൗർണി കൂടുതലും ധരിക്കുന്നത് മാക്സി ഡ്രസുകളാണ്. കാണുന്നവരെയും ധരിക്കുന്നവരെയും ശ്വാസംമുട്ടിക്കാത്ത വസ്ത്രമാണ് മാക്‌സി ഡ്രസ്. ഒരേ സമയം സിംപിളും വളരെ സ്റ്റൈലിഷുമായ വസ്ത്രം. ഇതിനൊപ്പം മാല പോലും വേണ്ട. സ്നീക്കേഴ്സ് കൂടിയായാൽ പെർഫക്ട് ലുക്ക് ലഭിക്കും. ആംഗിൾ ലെങ്ത് പാന്റ്സാണ് വിജയ്‌യുടെ സ്റ്റേറ്റ്മെന്റ് ഡ്രസ്. ഒപ്പം സ്നീക്കേഴ്സും.
വാലന്റൈൻസ് ഡേ സ്പെഷൽ ടിപ്: പ്രണയത്തിന്റെ നിറം ചുവപ്പ് ആണെന്ന സങ്കൽപം മാറ്റണം. പ്രണയത്തിനു നിറമില്ല. നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന, നിങ്ങളെ സന്തോഷിപ്പിക്കുന്ന നിറത്തിലുള്ള ഡ്രസാണ് ധരിക്കേണ്ടത്. അതൊരു പഴയ വസ്ത്രമാണെങ്കിൽ പോലും.
പേസ്റ്റൽ നിറങ്ങളിൽ പ്രണയനദി
സമീറ സനീഷ്– മായാനദി
പ്രണയം നിറഞ്ഞൊഴുകുന്ന സിനിമയാണ് മായാനദി. അതുകൊണ്ടുതന്നെ പ്രണയത്തിന്റെ മൂഡിന് യോജിക്കുന്ന പേസ്റ്റൽ നിറങ്ങളാണ് കോസ്റ്റ്യൂമിനായി തിരഞ്ഞെടുത്തത്. ബോൾഡും അതേസമയം സിംപിളുമായ വസ്ത്രങ്ങളാണ് ഇതിലെ നായികയും നായകനുമായ അപ്പുവും മാത്തനും ധരിക്കുന്നത്. വാലന്റൈൻസ് ഡേയിൽ സിംപിൾ ഡ്രസിങ് വേണമെന്നുള്ളവർക്ക് ഇവരുടെ സ്റ്റൈൽ തിരഞ്ഞെടുക്കാം. സ്‌ലീവ്‌ലെസ് കുർത്തി– ജീൻസ്, സ്‌ലീവ്‌ലെസ് ബ്ലൗസ്– സാരി എന്നിവയിൽ വ്യത്യസ്തത കൊണ്ടുവരാം. സിനിമയിലെ ഒരു നൈറ്റ് സീനിൽ അപ്പു ധരിക്കുന്ന ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള സാരി നൈറ്റ് പാർട്ടിക്കു യോജിച്ചതാണ്. സിനിമയിൽ ക്യാപ് ആണ് മാത്തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് . അൽപം അലസ ലുക്ക് വേണ്ടവർക്ക് ക്യാപും ഔട്ട്ഫിറ്റിനൊപ്പം കൂട്ടാം.
വാലന്റൈൻസ് ഡേ സ്പെഷൽ ടിപ്: സ്ഥിരം ധരിക്കുന്ന വസ്ത്രം വേണ്ട എന്നുള്ളവർക്ക് പരീക്ഷിക്കാവുന്ന ട്രെൻഡി ഔട്ട്ഫിറ്റാണ് എ ലൈൻ ഡ്രസ്. ഇതിനൊപ്പം മിതമായ ആക്സസറീസ് മതി.
ബോൾഡ്, റൊമാന്റിക്
രാജീവ് പീതാംബരൻ– ബദായി ഹോ
ഈ സിനിമയിലെ ഡേറ്റിങ് സീനിൽ സാന്യ മൽഹോത്ര ധരിക്കുന്ന ബ്ലാക്ക് ലോങ് സ്യൂട്ട് വാലന്റൈൻസ് ഡേയിൽ ട്രഡീഷനൽ ഔട്ട്ഫിറ്റ് ഇഷ്ടപ്പെടുന്നവർക്ക് യോജിച്ചതാണ്. റെഡ്–ഗ്രീൻ ഫ്ലോറൽ എംബ്രോയ്ഡറിയും കോളേഡ് നെക്കും പ്രണയദിനത്തിൽ നിങ്ങളെ രാജകുമാരിയാക്കും. അക്സസറിയായി സ്റ്റേറ്റ്മെന്റ് ഇയർറിങ് മാത്രം മതി. ഈ സീനിൽ ആയുഷ്മാൻ ഖുറാന ധരിക്കുന്ന ഡെനിം ജാക്കറ്റ് ബോൾഡ് ആൻഡ് റൊമാന്റിക് ലുക്കിന് യോജിച്ചതാണ്.
വാലന്റൈൻസ് ഡേ സ്പെഷൽ ടിപ്: വസ്ത്രം ഏതായാലും അതിന്റെ സ്റ്റൈലിങ് ആണ് പ്രധാനം. എത്ര നല്ല വസ്ത്രമായാലും അക്സസറീസ് അതിനോട് യോജിക്കുന്നതല്ലെങ്കിൽ ഡ്രസിങ് ഫ്ലോപ്പാകും.
തയാറാക്കിയത്: അൻസു അന്ന ബേബി