‘ഇഷ്ടമുള്ളത് ധരിക്കാൻ എനിക്ക് അവകാശമുണ്ട്’ ; വിവാദത്തിൽ പ്രതികരിച്ച് നടി
Mail This Article
വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് മറുപടിയുമായി ബോളിവുഡ് താരം നുസ്രത്ത് ഭരൂജ. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ തനിക്ക് അവകാശമുണ്ട്. തന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നും മറ്റുള്ള പ്രതികരണങ്ങൾ കാര്യമാക്കുന്നില്ലെന്നും നുസ്രത്ത് പറഞ്ഞു. ഫിലിംഫെയർ അവാർഡ്സിന്റെ റെഡ് കാർപറ്റിൽ നുസ്രത്ത് ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾ നേരിട്ടത്.
‘‘അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് ആർക്ക് എന്തു തോന്നിയാലും അത് പറയാനുള്ള അവകാശമുണ്ട്. അവർക്ക് അതു പറയാൻ അവകാശമുള്ളതു പോലെ എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും അവകാശമുണ്ട്’’– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നുസ്രത്ത് വ്യക്തമാക്കി.
65–ാമത് ഫിലിം ഫെയറിന്റെ റെഡ് കാര്‍പെറ്റിൽ മരതക പച്ച നിറത്തിലുള്ള ഓഫ് ഷോള്‍ഡർ ഗൗൺ ധരിച്ചാണ് നുസ്രത്ത് എത്തിയത്. ഉയർന്ന സ്ലിറ്റ് ആയിരുന്നു ഈ ഗൗണിനെ ശ്രദ്ധേയമാക്കിയത്. റെഡ്കാർപറ്റിൽ തിളങ്ങിയെങ്കിലും ഇത് താരത്തിനെതിരെ വിമർശനം ഉയരാൻ കാരണമായി. നുസ്രത്തിനെ പരിഹസിച്ചും അധിക്ഷേപിച്ചും കമന്റുകളുണ്ടായി. ഇതോടെയാണ് താരം പ്രതികരണം അറിയിച്ചു രംഗത്തെത്തിയത്.
‘‘എനിക്കു വേണ്ടിയാണ് വസ്ത്രം ധരിക്കുന്നത്. എന്റെ വസ്ത്രധാരണത്തെ ആരെങ്കിലും പ്രശംസിക്കണമെന്നോ, അതേക്കുറിച്ച് രണ്ടു ദിവസം ചർച്ച ചെയ്യണമെന്നോ എനിക്ക് ആഗ്രഹമില്ല. ഞാൻ ഒരു വസ്ത്രം ധരിച്ചു, പരിപാടിയിൽ പങ്കെടുത്തു, എല്ലാം ആസ്വദിച്ചു. വീട്ടിൽ മടങ്ങിയെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടുന്നില്ല. ഒന്നും വ്യക്തിപരമായി എടുക്കുന്നില്ല. പോസ്റ്റിനു താഴെ വന്ന കമന്റുകൾ വായിച്ച് വിട്ടു കളഞ്ഞു’’– നുസ്രത്ത് നിലപാട് വ്യക്തമാക്കി.
‘ജയ് സന്തോഷി മാ’ എന്ന സിനിമയിലൂടെയാണ് നുസ്രത്ത് ബോളിവുഡിൽ തുടക്കം കുറിച്ചത്. വസ്ത്രധാരണത്തിൽ പുതുമകൾ പരീക്ഷിച്ച് നുസ്രത്ത് മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.
English Summary : Nushrat Bharucha on filmfare outfit controversy