വെള്ള ജംപ്സ്യൂട്ട്, അരപ്പട്ടയ്ക്ക് ഇന്ത്യൻ തുണിത്തരം; തിളങ്ങി മെലനിയ ട്രംപ്
Mail This Article
വിദേശ സന്ദർശനങ്ങളിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുന്ന പതിവു തെറ്റിക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലനിയ ട്രംപ്. വെള്ള ഔട്ട്ഫിറ്റ് ധരിച്ച്, പച്ച അരപ്പട്ട കെട്ടിയാണ് മെലനിയ അഹമ്മദാബാദിൽ എത്തിയത്. ഇന്ത്യൻ ഡിസൈനറുടെ വസ്ത്രം ധരിച്ചായിരിക്കും മെലനിയ എത്തുക എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തിയ മെലനിയ, ഹെർവ് പിയറി ഡിസൈൻ ചെയ്ത് സ്റ്റൈലിഷ് വെള്ള ജംപ്സ്യൂട്ടാണ് ധരിച്ചത്.
മെലനിയയുടെ അരപ്പട്ട ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ തുണിത്തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡിസൈനർ ഹെർവ് പിയറിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പാരിസിലുള്ള സുഹൃത്തുക്കൾ വഴിയാണ് ഇത് സംഘടിപ്പിച്ചതെന്നും പിയറി കുറിച്ചു. പച്ച സില്‍ക്കിൽ സ്വർണ നിറത്തിലുള്ള നൂൽ ഉപയോഗിച്ചാണ് അരപ്പട്ട ഡിസൈൻ ചെയ്തത്.
ജംപ്സ്യൂട്ടും അരപ്പട്ടയും ധരിച്ചെത്തിയ മെലനിയയുടെ വസ്ത്രധാരണം ട്രോളുകളിലും സ്ഥാനം പിടിച്ചു. കരാട്ടെ ക്ലാസിലെ വസ്ത്രമാണ് ഇതെന്ന തരത്തിലുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമായത്.
മുൻ മോഡലായ മെലനിയ വസ്ത്രധാരണത്തിലൂടെ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ഒപ്പം വസ്ത്രധാരണത്തിന്റെ പേരിൽ വിവാദങ്ങളിലും അമേരിക്കയുടെ ഈ പ്രഥമ വനിത സ്ഥാനം പിടിച്ചിട്ടുണ്ട്.
നമസ്തേ ട്രംപ് എന്ന പരിപാടിയുടെ ഭാഗമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘവും ഇന്ത്യയിലെത്തിയിരിക്കുന്നത്.
English Summary : Melania Trump Flaunts in White Jump Suit