ADVERTISEMENT

ഇന്ത്യൻ ഡിസൈനറുടെ വസ്ത്രം ധരിക്കുമെന്ന അഭ്യൂഹങ്ങൾ യാഥാര്‍ഥ്യമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക.  ഡോണൾഡ് ട്രംപിന്റെ രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയോ, മകൾ ഇവാൻകയോ ഇന്ത്യൻ ഡിസൈനറുടെ വസ്ത്രം ധരിച്ചെത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ. സന്ദർശനത്തിന്റെ രണ്ടാം ദിവസം അനിത ഡോംഗ്രെ ഡിസൈൻ ചെയ്ത വെള്ള ഷെർവാണി ധരിച്ചാണ് ഇവാൻക എത്തിയത്.

രാഷ്ട്രപതി ഭവൻ, ഹൈദരബാദ് ഹൗസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് രണ്ടാം ദിവസത്തെ സന്ദർശനത്തിന് നിശ്ചയിച്ചിരുന്നത്. ഇവിടെ ഷെർവാണി ധരിച്ച് ക്ലാസിക് ലുക്കിലാണ് ഇവാൻക തിളങ്ങിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ നെയ്തെടുക്കുന്ന സിൽക്ക് തുണി കൊണ്ടാണ് ഈ ഷെർവാണി ഒരുക്കിയത്. 

അനശ്വരവും വിശിഷ്ടവുമായത് എന്നാണ് ഡിസൈനർ അനിത ഡോംഗ്രെ ഈ ഷെർവാണിയെ വിശേഷിപ്പിച്ചത്. 20 വർഷം മുൻപ് രൂപപ്പെടുത്തിയ ശൈലിയാണിത്. എന്നാൽ ഇതിന്റെ സൗന്ദര്യത്തിന് ഇപ്പോഴും പ്രാധാന്യമുണ്ടെന്നും അനിത ഡോംഗ്രെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫെബ്രുവരി 24ന് പാശ്ചാത്യ വസ്ത്രത്തിൽ ഇന്ത്യൻ ‘ടച്ച്’ ചേർത്തുവച്ചാണ് മെലനിയ ട്രംപ് അഹമ്മദാബാദിൽ എത്തിയത്.  വസ്ത്രത്തിനൊപ്പം അരയിൽ കെട്ടിയ പച്ച നിറത്തിലുള്ള ബ്രൊക്കേഡിലായിരുന്നു ഇന്ത്യൻ ബന്ധം. പാരിസിൽ കണ്ടെത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ വസ്ത്രത്തിൽനിന്നാണു ബ്രൊക്കേഡിനുള്ള പച്ച പട്ടും സ്വർണ മെറ്റാലിക് നൂലും വേർതിരിച്ചെടുത്തതെന്ന് ഇത് ഡിസൈൻ ഹെർവ് പിയറിയാണ് വെളിപ്പെടുത്തിയത്.

എന്നാൽ രണ്ടാം ദിവസം ഷെർവാണിയിൽ ഇന്ത്യൻ സുന്ദരിയായി മാറാനായിരുന്നു ഇവാൻകയുടെ തീരുമാനം. മുൻപ് ഇന്ത്യ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റുമാരുടെ ഭാര്യമാർ ഇന്ത്യൻ ഡിസൈനർമാരുടെ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. ഇതാണ് ട്രംപിന്റെ ഭാര്യ മെലനിയയോ, മകൾ ഇവാൻകയോ ഈ രീതി പിന്തുടരുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.

English Summary : Ivanka picks Indian designer Anita Dongre on day two of US presidential visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com